Tuesday, 9 October 2012


വദ്രയ്‌ക്കെതിരെ തെളിവുകളുമായി കെജ്‌രിവാള്‍
Posted on: 10 Oct 2012




ന്യൂഡല്‍ഹി: യു. പി. എ. അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയും രാജ്യത്തെ ഏറ്റവുംവലിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡി. എല്‍. എഫും തമ്മിലുള്ള 'അവിശുദ്ധ ' ബന്ധത്തിന് തെളിവുകളുമായി അഴിമതിവിരുദ്ധപ്പോരാളി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി.

ഹരിയാണയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഡി. എല്‍. എഫിന് വഴിവിട്ട സഹായങ്ങള്‍ ചെയ്തുകൊടുത്തതിന്റെ തെളിവുകളാണ് കെജ്‌രിവാള്‍ ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ നിരത്തിയത്. ഗുഡ്ഗാവില്‍ ആസ്​പത്രി നിര്‍മിക്കാനായി സര്‍ക്കാര്‍ മാറ്റിവെച്ച ഭൂമി പ്രത്യേക സാമ്പത്തികമേഖല (സെസ്) വികസിപ്പിക്കാന്‍ ഡി. എല്‍. എഫിനു വിട്ടുകൊടുത്തു. 'സെസ്സി' നായി ഡി. എല്‍. എഫ്. രൂപവത്കരിച്ച പ്രത്യേക കമ്പനിയില്‍ വദ്ര അമ്പതുശതമാനം ഓഹരിപങ്കാളിത്തം വഹിച്ചതിന്റെ രേഖകളും കെജ്‌രിവാള്‍ പരസ്യപ്പെടുത്തി. ഡി. എല്‍. എഫുമായുള്ള ഭൂമി ഇടപാടുകളെപ്പറ്റി ഹരിയാണ സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

2006 ഡിസംബര്‍ ആറിന് ആസ്​പത്രിനിര്‍മാണത്തിന് വിജ്ഞാപനം പുറപ്പെടുവിച്ച സര്‍ക്കാര്‍ 2007 മാര്‍ച്ച് ഒമ്പതിന് 'സെസ്സി' നായി ഈ ഭൂമി ഡി. എല്‍. എഫിന് അനുവദിച്ചു. ഇത് പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. സര്‍ക്കാര്‍തീരുമാനം കോടതി റദ്ദാക്കിയെങ്കിലും ഉത്തരവ് പാലിക്കാന്‍ ഹരിയാണ സര്‍ക്കാര്‍ തയ്യാറായില്ല- കെജ്‌രിവാള്‍ പറഞ്ഞു.
'ഡി. എല്‍. എഫ്. സെസ് ഹോള്‍ഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ' എന്ന പേരില്‍ 2007 ഫിബ്രവരി രണ്ടിനാണ് പ്രത്യേക കമ്പനി രൂപവത്കരിച്ചത്. തൊട്ടടുത്ത വര്‍ഷം ഒക്ടോബര്‍ 13-ന് ഈ കമ്പനിയില്‍ വദ്രയുടെ നോര്‍ത്ത് ഇന്ത്യ ഐ. ടി. പാര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് അമ്പതു ശതമാനം ഓഹരിയെടുത്തു. എന്നാല്‍, 2009-ല്‍ ഓഹരിയെല്ലാം ഡി. എല്‍. എഫിന് തിരിച്ചുനല്‍കി . സംസ്ഥാനസര്‍ക്കാറും ഡി. എല്‍. എഫും വദ്രയും തമ്മില്‍ അവിശുദ്ധസഖ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നതായും കെജ്‌രിവാള്‍ പറഞ്ഞു.

'സെസ്സി' നായി അന്താരാഷ്ട്രലേലം വിളിച്ചിരുന്നു. ഡി. എല്‍. എഫിനു പുറമെ കണ്‍ട്രി ഹൈറ്റ്‌സ്, യുണിടെക് എന്നീ കമ്പനികളും അപേക്ഷ നല്‍കി. ഗോള്‍ഫ് കോഴ്‌സ് നിര്‍മാണത്തില്‍ പരിചയമില്ലെന്ന പേരില്‍ മറ്റ് രണ്ടുകമ്പനികളെ ഒഴിവാക്കി ഡി. എല്‍. എഫിന് കരാര്‍ നല്‍കി.

'സെസ്സി'ന് അനുവദിച്ച 350 ഏക്കര്‍ ഭൂമിയില്‍ 75 ഏക്കര്‍ ഹരിയാണ അര്‍ബന്‍ ഡെവലപ്‌മെന്റ് ഏജന്‍സി ( ഹുഡ ) യുടേതാണ്. 275 ഏക്കര്‍ ഹരിയാണ വ്യവസായ വികസന കോര്‍പ്പറേഷന്റേതും. രണ്ട് ഏജന്‍സികളും ഡി. എല്‍. എഫിന് ഭൂമി കൈമാറി. ഇതില്‍ 91. 7 ഏക്കര്‍ വനഭൂമിയും ആരവല്ലി സംരക്ഷിതമേഖലയിലെ 161. 03 ഏക്കര്‍ ഭൂമിയുമുണ്ടായിരുന്നു. മറ്റൊരു ആവശ്യത്തിനും ഈ ഭൂമി ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമവ്യവസ്ഥ സംസ്ഥാന സര്‍ക്കാര്‍ വകവെച്ചില്ല. പാരിസ്ഥിതിക പ്രത്യാഘാത പഠനം നടത്തിയില്ല. പൊതു ആവശ്യത്തിനായി ജനങ്ങളില്‍നിന്ന് ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ഏജന്‍സികള്‍ അത് സ്വകാര്യ കമ്പനിക്ക്‌കൈമാറിയതും നിയമലംഘനമാണ്.

മനേസറില്‍ ഭൂമിയേറ്റെടുക്കല്‍ നടപടി ഡി. എല്‍. എഫിനായി സര്‍ക്കാര്‍ റദ്ദാക്കിയതും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. ഭൂമിക്ക് സര്‍ക്കാര്‍ പറഞ്ഞതിനേക്കാള്‍ വലിയതുക വാഗ്ദാനം ചെയ്ത് ചില സ്വകാര്യകമ്പനികള്‍ കര്‍ഷകരെ സമീപിച്ചു. ഭൂമിയേറ്റെടുക്കല്‍ അവസാന നിമിഷം സര്‍ക്കാര്‍ വേണ്ടെന്നുവെച്ചു. തുടര്‍ന്ന് കര്‍ഷകരില്‍നിന്ന് ഭൂമി ഏറ്റെടുത്ത കമ്പനികള്‍ അതു ഡി. എല്‍. എഫിനു മറിച്ചുവിറ്റു- കെജ്‌രിവാള്‍ പറഞ്ഞു.

വദ്രയും ഡി. എല്‍. എഫും തമ്മിലുള്ളത് സ്വകാര്യ ഇടപാടുകളാണെന്നും തെളിവുകളില്ലാതെ അതേക്കുറിച്ച് അന്വേഷിക്കാന്‍ പറ്റില്ലെന്നുമുള്ള കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്റെ നിലപാടിനെ കെജ്‌രിവാള്‍ വിമര്‍ശിച്ചു. വ്യക്തികള്‍ തമ്മിലുള്ള ഇടപാട് മാത്രമാണെങ്കില്‍ എന്തിനാണ് കോണ്‍ഗ്രസ് നേതാക്കളും കേന്ദ്രമന്ത്രിമാരും കൂട്ടത്തോടെ വദ്രയെ രക്ഷിക്കാന്‍ രംഗത്തുവന്നതെന്ന് അദ്ദേഹം ചോദിച്ചു. അഴിമതിനിരോധന നിയമമനുസരിച്ച് വദ്രയ്‌ക്കെതിരെ കേസെടുക്കാന്‍ തങ്ങള്‍ ഇപ്പോള്‍ ഹാജരാക്കിയ തെളിവുകള്‍ മതിയെന്ന് കെജ്‌രിവാളും അഴിമതിവിരുദ്ധ പ്രസ്ഥാനത്തിലെ സഹപ്രവര്‍ത്തകനായ മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തിഭൂഷണും പറഞ്ഞു. ഷിംലയില്‍ പ്രിയങ്കാ ഗാന്ധിക്കുള്ള സ്വത്തിനെക്കുറിച്ച് ഹിമാചല്‍ പ്രദേശിലെ ബി. ജെ. പി. സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും കെജ്‌രിവാളും കൂട്ടരും ആവശ്യപ്പെട്ടു.

എന്നാല്‍, വദ്രയ്‌ക്കെതിരായ ആരോപണങ്ങള്‍ക്കു ബലം പകരാനായി കെജ്‌രിവാള്‍ ഹാജരാക്കിയ തെളിവുകള്‍ വിശ്വസനീയമല്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഹരിയാണ സര്‍ക്കാര്‍ ഡി. എല്‍. എഫിനെ വഴിവിട്ടു സഹായിച്ചെന്ന ആരോപണം അസംബന്ധമാണെന്നും പാര്‍ട്ടി വക്താവ് റഷീദ് ആല്‍വി പറഞ്ഞു. 

No comments:

Post a Comment