Tuesday, 9 October 2012


ഏകതാപരിഷത്തുമായി സര്‍ക്കാര്‍ ധാരണയില്‍ എത്തിയെന്ന് സൂചന

Published on  10 Oct 2012


ഭോപ്പാല്‍: സമഗ്ര ഭൂപരിഷ്‌കരണം ആവശ്യപ്പെട്ട് ന്യൂഡല്‍ഹിയിലേക്ക് ആദിവാസികളെ ഉള്‍പ്പെടുത്തി ഭാരതയാത്ര നടത്തുന്ന ഏകതാപരിഷത് എന്ന സംഘടനയുമായി കേന്ദ്രസര്‍ക്കാര്‍ ധാരണയില്‍ എത്തിയെന്ന് സൂചന. കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേഷ് ഏകതാപരിഷത് നേതാക്കളുമായി വ്യാഴാഴ്ച ആഗ്രയില്‍ വീണ്ടും ചര്‍ച്ച നടത്തും.

കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും ഏകതാപരിഷത് നേതാക്കളും നേരത്തെ നടത്തിയ ചര്‍ച്ചയില്‍ ഉണ്ടായ തീരുമാനങ്ങള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അംഗീകരിച്ചുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഭൂരഹിതരായ ഗ്രാമീണര്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാവുമെന്ന് മന്ത്രി ജയറാം രമേഷ് സൂചന നല്‍കിയിട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും വ്യാഴാഴ്ച പ്രക്ഷോഭകരെ സന്ദര്‍ശിക്കുന്നുണ്ട്.

സമഗ്ര ഭൂപരിഷ്‌കരണ നിയമം കൊണ്ടുവരിക, ഭൂമിയും പ്രകൃതി വിഭവങ്ങളും പാവപ്പെട്ടവര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ സംവിധാനം ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭകര്‍ ന്യൂഡല്‍ഹിയിലേക്ക് ഭാരതയാത്ര നടത്തുന്നത്. മന്ത്രി ജയറാം രമേഷും കേന്ദ്രസഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും നേരത്തെ ഗ്വാളിയറിലെത്തി പരിഷത് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

No comments:

Post a Comment