Tuesday, 2 October 2012


നൂറേക്കറില്‍ ജൈവകൃഷിയുടെ നിറവ്
Posted on: 29 Sep 2012
ജി.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍


സുസ്ഥിരമായ വിളവിനും ആദായത്തിനും ജൈവ കൃഷിയിലേക്കുള്ള ചുവടുമാറ്റം കേരളത്തില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. നൂറേക്കറില്‍ നാലു പതിറ്റാണ്ടായി ജൈവകൃഷിചെയ്യുന്ന സി.ജെ. മാത്യു എന്ന കര്‍ഷകന്റെ അഭിപ്രായമാണിത്.

കോട്ടയം സ്വദേശിയായ മാത്യുവിന് നിലമ്പൂരിന് സമീപത്തുള്ള പനങ്കയത്ത് 100 ഏക്കര്‍ ഭൂമി പരമ്പരാഗതമായി ലഭിച്ചതാണ്. ഇവിടെ സമ്പൂര്‍ണ ജൈവകൃഷി ജൈവ സര്‍ട്ടിഫിക്കേഷനോടെ ചെയ്തുവരുന്നു. വിളകളെ വനസമാനമായി, സൂര്യപ്രകാശത്തെ പരമാവധി ഉപയോഗപ്പെടുത്തുംവിധമാണ് മാത്യു വളര്‍ത്തുന്നത്. കമുക്, തെങ്ങ്, കുരുമളക്, കൊക്കോ, ജാതി എന്നിവയെ ഒരുമിച്ച് ബഹുവിളകൃഷിയായി പരിപാലിക്കുന്നു. കൊക്കോത്തോടുള്‍പ്പെടെയുള്ള അവശിഷ്ടങ്ങളും കരിയിലകളുമൊക്കെ തോട്ടത്തില്‍ത്തന്നെ നിരത്തി അട്ടിഅട്ടിയായി ഇടുന്നതിലൂടെ മണ്ണില്‍ നല്ല അളവില്‍ ഈര്‍പ്പം പിടിച്ചുനിര്‍ത്താനാകുന്നുണ്ട്. മണ്ണിരകളും സൂക്ഷ്മജീവികളും ഈ അനുകൂലസാഹചര്യത്തില്‍ ധാരാളമായി പെരുകി മണ്ണിന്റെ പോഷകതോത് കൂട്ടുകയും ചെയ്യും. മണ്ണ് കിളയ്ക്കാറില്ല. കളകളെ വളര്‍ന്ന് സ്വയംമണ്ണില്‍ അഴുകിച്ചേരാന്‍ അനുവദിക്കും. സൂക്ഷ്മമൂലകങ്ങളെ മണ്ണില്‍ എത്തിക്കാന്‍, ദ്രവിച്ചുചേരുന്ന കളകള്‍തന്നെയാണ് ഉത്തമമെന്ന് മാത്യു കരുതുന്നു. ഇവയുടെ വേര് മണ്ണില്‍ അഴുകിച്ചേരുമ്പോള്‍ വായുസഞ്ചാരവും കൂടും. അങ്ങനെ സ്വാഭാവികമായ ജൈവചംക്രമണം കൃഷിത്തോട്ടത്തില്‍ ഉണ്ടാകുന്നുണ്ട്.

ജൈവകൃഷിക്ക് വളക്കൂട്ടുകള്‍ അത്യാന്താപേക്ഷിതമാണെന്ന് മാത്യു കരുതുന്നു. തോട്ടത്തില്‍ 60 എരുമകളെയും 10 പശുക്കളെയും വളര്‍ത്തുന്നുണ്ട്. ഇവ പാലിന് പുറമേ വിലപ്പെട്ട ജൈവവളവും നല്‍കുന്നു. കങ്കയംപോലുള്ള നാടന്‍ ഇനം പശുക്കളാണുള്ളത്. വളക്കൂട്ടുകള്‍ക്ക് നാടന്‍ പശുവിന്റെ ചാണകമാണ് മെച്ചമെന്ന് മാത്യു ചൂണ്ടിക്കാട്ടുന്നു. ഈ ചാണകത്തോടൊപ്പം ശര്‍ക്കര, കൊന്നയില, ഗോമൂത്രം, ചവറ് എന്നിവ ചേര്‍ത്ത് പശുമിത്ര എന്ന വളക്കൂട്ടുണ്ടാക്കുന്നുണ്ട്. പഞ്ചഗവ്യ, നവഗവ്യ, ജീവാമൃതം തുടങ്ങിയവയും വിളകളുടെ തടങ്ങളില്‍ ചേര്‍ക്കുന്നു. ബയോഗ്യാസില്‍ നിന്നും ലഭിക്കുന്ന സ്ലറി പമ്പുചെയ്ത് വിളകളുടെ ചുവട്ടിലെത്തിക്കുന്നുമുണ്ട്. 

ഇത്തരത്തില്‍ വളക്കരുത്തേറിയ മണ്ണില്‍ വളര്‍ത്തുന്നതിലൂടെ സാധാരണത്തേക്കാള്‍ ഇരട്ടിവിളവാണ് ലഭിക്കുന്നതെന്ന് മാത്യു ചൂണ്ടിക്കാട്ടി. ഉദാഹരണമായി തെങ്ങുകള്‍ പ്രതിവര്‍ഷം 250 തേങ്ങയില്‍ കുറയാതെ നല്‍കുന്നു. തെങ്ങുകള്‍ ഉള്‍പ്പെടെയുള്ള വിളകള്‍ക്ക് രോഗകീടബാധയും തുലോം കുറവാണ്. ജൈവരീതിയില്‍ വിളയിച്ച കാര്‍ഷികോത്പന്നങ്ങള്‍ 25 ശതമാനം അധികവില നല്‍കിവാങ്ങാന്‍ കൃഷിയിടത്തില്‍ത്തന്നെ ആള്‍ക്കാരെത്തുന്നു. ഇത്തരത്തില്‍ തികച്ചും ആദായകരംതന്നെയാണ് മാത്യുവിന്റെ ജൈവ കൃഷി.

ജൈവകൃഷിയില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവരോട് മാത്യുവിന്റെ ഉപദേശം ഇതാണ്. ''കൃഷി ജീവിതമാര്‍ഗമായി കാണണം, മണ്ണിലെ സൂക്ഷ്മജീവികള്‍ ഉള്‍പ്പെടെ ഒട്ടേറെ ഘടകങ്ങള്‍ കൃഷിയെ സ്വാധീനിക്കുമെന്ന കാര്യം മറക്കരുത്. വെയിലിനെ നന്നായി പ്രയോജപ്പെടുത്തുംവിധം പല ഉയരത്തിലുള്ള വിളകള്‍ ഇടകലര്‍ത്തി കൃഷി ചെയ്യണം. എല്ലാത്തിനുമൊപ്പം കര്‍ഷകന്റെ സാമീപ്യവും സ്‌നേഹവും കൂടിയുണ്ടായാലേ വിളകള്‍ സുവര്‍ണ നേട്ടം നല്‍കൂ.''

No comments:

Post a Comment