തുരുത്തിലെ ഹരിത എന്‍ജിനീയര്‍

ആലുവ: പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകന്‍ പ്രൊഫ. എസ്. സീതാരാമന്റെ ഭാര്യയായതുകൊണ്ട് മാത്രമല്ല ഉമ എന്ന ഇലക്‌ട്രോണിക്‌സ് എന്‍ജിനീയര്‍ക്ക് കൃഷിയോട് ഇത്ര താല്പര്യം. ചെറുപ്പംമുതല്‍ക്കേ ആലുവ തുരുത്തിലെ തറവാട്ട് വീട്ടുവളപ്പില്‍ ചേനയും ചേമ്പുമെല്ലാം നട്ട് പരിപാലിച്ച്‌പോന്ന രീതി മറക്കാനാകാത്തതുകൊണ്ട് കൂടിയാണ്.
താമസം ആലുവ പട്ടണത്തിലേക്ക് മാറിയപ്പോഴുണ്ടായ സ്ഥലപരിമിതിയൊന്നും ഉമയുടെ കാര്‍ഷിക സപര്യയ്ക്ക് തടസ്സമായില്ല. മുറ്റത്ത് സ്ഥലമില്ലാത്തതിനാല്‍ ആലുവ ഹൈറോഡിലെ രാമപ്രിയ വീട്ടിലെ മട്ടുപ്പാവിലാണ് ഇവര്‍ ഇപ്പോള്‍ കൃഷി ചെയ്യുന്നത്.
പാവല്‍, പടവലം, കുമ്പളങ്ങ, മത്തങ്ങ, പയര്‍ എന്നിവയെല്ലാം ടെറസ്സിന് മുകളില്‍ വിളവെടുപ്പിന് പാകമായി നില്‍ക്കുകയാണ്. കൂടാതെ ഞാലിപ്പൂവന്‍, റോബസ്റ്റ, ചോരപ്പൂവന്‍ ഇനങ്ങളില്‍പ്പെട്ട വാഴകളും വളര്‍ന്ന് നില്‍ക്കുന്നു. ചാക്കില്‍ മണ്ണ് നിറച്ച് അതിലാണ് എല്ലാം നട്ടിയിരിക്കുന്നത്. കഴിഞ്ഞ വേനലില്‍ ചീരയും തക്കാളിയുമെല്ലാം ധാരാളമുണ്ടായിരുന്നു.
പച്ചക്കറികള്‍ക്കൊപ്പം തന്നെ ഔഷധസസ്യങ്ങളുമുണ്ട്. ആടലോടകം, കറുകപ്പട്ട, തുളസി, കരിനൊച്ചി, വേങ്ങ എന്നീ സസ്യങ്ങള്‍ ടെറസ്സില്‍ തന്നെയാണ് നട്ടിരിക്കുന്നത്. എല്ലാത്തിനും വളമായി ചാണകവും ഗോമൂത്രവും മാത്രം.
കീടനാശിനികള്‍ ഒന്നും ഉപയോഗിക്കാറില്ല. തൊട്ടടുത്ത മാവില്‍ ഒരു പുളിയുറുമ്പിന്‍കൂടുണ്ട്.
മാവില്‍നിന്ന് ടെറസ്സിന് മുകളിലെ കൃഷിത്തോട്ടത്തിലേക്ക് കയര്‍കെട്ടി. പുളിയുറുമ്പുണ്ടെങ്കില്‍ പുഴുശല്യമൊന്നുമുണ്ടാകില്ലെന്ന് ഭര്‍ത്താവ് പ്രൊഫ. സീതാരാമനാണ് പറഞ്ഞുകൊടുത്തത്. അത് ഫലംകണ്ടു. ഇതുവരെ കീടങ്ങളുടെ ഉപദ്രവം ഉണ്ടായിട്ടില്ല.
വീട്ടിലേക്കാവശ്യമായ വിഷമുക്തമായ പച്ചക്കറികള്‍ മട്ടുപ്പാവില്‍ കൃഷിചെയ്തുണ്ടാക്കുകയാണ് പ്രൊഫ. എസ്. സീതാരാമനും ഭാര്യ ഉമയും
No comments:
Post a Comment