ബാര്‍കോഡ് പേറ്റന്റിന് 60 വയസ്
Posted on: 07 Oct 2012
![]() |
നഖത്തില്‍ ബാര്‍കോഡിന്റെ രൂപത്തില്‍ പോളീഷ് |
സര്‍വവ്യാപിയാണിന്ന് ബാര്‍കോഡ്. ഏത് സാധനം വാങ്ങിയാലും അതിന് മുകളില്‍ കറുപ്പും വെളുപ്പും വരകള്‍ ഇടകലര്‍ന്ന ആ കോഡ് കാണാം. ആധുനിക ഉപഭോക്തൃസംസ്‌കാരത്തിന്റെ പര്യായം തന്നെയായി മാറിയ ബാര്‍കോഡിന് പേറ്റന്റ് ലഭിച്ചിട്ട് 60 വര്‍ഷം തികയുന്നു.
1952 ഒക്ടോബര്‍ ഏഴിനാണ് അമേരിക്കയില്‍ ബാര്‍കോഡിന് പേറ്റന്റ് കിട്ടിയത്.
ബാര്‍കോഡുകള്‍ വായിച്ചെടുക്കാനുള്ള ലേസര്‍ സങ്കേതം പ്രത്യക്ഷപ്പെടാന്‍ പിന്നെയും സമയമെടുത്തതിനാല്‍, ആദ്യ ബാര്‍കോഡ് പ്രത്യക്ഷപ്പെടാന്‍ 22 വര്‍ഷം കാക്കേണ്ടി വന്നു.
1974 ല്‍ യു.എസില്‍ ഒഹായോവിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരു ചൂയിങ്ഗം പാക്കറ്റിന് മേലാണ് ആദ്യമായി ആ അത്ഭുതകോഡ് പ്രത്യക്ഷപ്പെട്ടത്.
നിലവില്‍ 50 ലക്ഷത്തിലേറെ സ്വതന്ത്ര ബാര്‍കോഡുകള്‍ ലോകമെങ്ങും ഉപയോഗത്തിലുണ്ടെന്ന്, ബാര്‍കോഡ് നിയന്ത്രണം കൈയാളുന്ന ജി.എസ്.1 യു.കെ. (GS1 UK) യെ ഉദ്ധരിച്ച് ബി.ബി.സി.റിപ്പോര്‍ട്ടു ചെയ്യുന്നു.
'ക്വിക്ക് റെസ്‌പോന്‍സ് കോഡുകള്‍' അഥവാ 'ക്യു.ആര്‍.കോഡുകള്‍' (QR codes) ഇപ്പോള്‍ വ്യാപകമാകുന്നു എന്നത് ബാര്‍കോഡിന് ഭീഷണിയായിട്ടില്ലെന്നും ജി.എസ്.1 വിലയിരുത്തുന്നു.
കറുപ്പും വെളുപ്പുമുള്ള വരകള്‍ക്ക് പകരം, പ്രത്യേക രീതിയിലുള്ള ദ്വിമാന മാട്രിക്‌സ് ആണ് ക്യു.ആര്‍. കോഡുകളിലുള്ളത്. ബാര്‍കോഡുകളേക്കാള്‍ ഏറെ വിവരങ്ങള്‍ സൂക്ഷിക്കാന്‍ ക്യു.ആര്‍. കോഡുകള്‍ക്കാകും.
ബാര്‍കോഡുകള്‍ക്കും ക്യു.ആര്‍.കോഡുകള്‍ക്കും വ്യത്യസ്ത ലക്ഷ്യങ്ങളാണുള്ളതെന്ന്, ജി.എസ്.1 യു.കെ. മേധാവി ഗാരി ലിഞ്ച് ചൂണ്ടിക്കാട്ടുന്നു. അതിനാല്‍, ഒന്നിന്റെ വളര്‍ച്ച മറ്റൊന്നിന് ഭീഷണി സൃഷ്ടിക്കുന്നില്ല.
അമേരിക്കയിലെ ഫിലാഡെല്‍ഫിയയില്‍ ഡ്രെക്‌സല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ഥി ബെര്‍ണാഡ് സില്‍വറും, സുഹൃത്തായ നോര്‍മന്‍ ജോസഫ് വുഡ്‌ലന്‍ഡും ചേര്‍ന്ന് 1948 ല്‍ ആരംഭിച്ച അന്വേഷണമാണ് ബാര്‍കോഡിന്റെ കണ്ടെത്തലില്‍ കലാശിച്ചത്.
ഒട്ടേറെ സംവിധാനങ്ങളും സങ്കേതങ്ങളും അവര്‍ പരീക്ഷിച്ചു. ഒടുവില്‍ 'മോഴ്‌സ് കോഡി'ല്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടു നടത്തിയ ശ്രമമാണ് വിജയിച്ചതെന്ന് വിക്കിപീഡിയ പറയുന്നു.
ഇരുവരും ചേര്‍ന്ന് 1949 ഒക്ടോബറില്‍ 'ക്ലാസിഫൈങ് അപ്പാരറ്റസ് ആന്‍ഡ് മെത്തേഡ്' എന്ന പേരില്‍ ബാര്‍കോഡിന്റെ പേറ്റന്റിന് അപേക്ഷിച്ചു. 1952 ഒക്ടോബര്‍ ഏഴാം തീയതി പേറ്റന്റ് അനുവദിക്കപ്പെട്ടു. യു.എസ്.പേറ്റന്റ് നമ്പര്‍ - 2,612,994.
1974 ല്‍ ബാര്‍കോഡ് ഉപയോഗത്തില്‍ വന്നെങ്കിലും, അത് എല്ലാവരാലും അംഗീകരിക്കപ്പെട്ടില്ല. ചില വീഞ്ഞ് ഉത്പാദകര്‍, പ്രത്യേക കാരണങ്ങളാല്‍ അവരുടെ ഉത്പന്നങ്ങളില്‍ ബാര്‍കോഡ് ഉപയോഗിക്കാറില്ല.
അതേസമയം, 'ബോഡി ആര്‍ട്ട്' രൂപത്തില്‍ പോലും ബാര്‍കോഡ് ഉപയോഗിക്കപ്പെടുന്നു എന്നത് വേറെകാര്യം.
No comments:
Post a Comment