ആശ സമ്മാനിച്ച് നോക്കിയ
Posted on: 30 Sep 2012
-പി.എസ്.രാകേഷ്
![]() |
നോക്കിയ ആശ 308 -ഡ്യുവല്‍ സിം ഫോണ്‍ |
സ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവം തുടങ്ങുംമുമ്പു വരെ മൊബൈല്‍ ഫോണെന്നാല്‍ നോക്കിയ ആയിരുന്നു ഇന്ത്യക്കാര്‍ക്ക്. എല്ലാവരുടെയും കീശയില്‍ നോക്കിയ മാത്രമുള്ള ഒരു കാലം. ഇടയ്‌ക്കൊക്കെ ആരുടെയെങ്കിലും കൈയില്‍ മോട്ടറോളയേ എറിക്‌സണോ അല്‍ക്കാടെല്ലോ കണ്ടാലായി. സാംസങ് അന്നു ടി.വി.യും കമ്പ്യൂട്ടര്‍ മോണിറ്ററും വാഷിങ്‌മെഷീനുമൊക്കെ മാത്രം വില്‍ക്കുന്ന കമ്പനിയായിരുന്നു. ആന്‍ഡ്രോയിഡ്, ആപ്‌സ്, കണക്ടിവിറ്റി എന്നീ വാക്കുകളൊന്നും അന്നാരും കേട്ടുതുടങ്ങിയിരുന്നില്ല.
'കാലം മാറി, കാലിത്തീറ്റയും' എന്ന പരസ്യവാചകം പോലെ ലോകം മാറിയതും മൊബൈല്‍ഫോണ്‍ മാറിയതും വളരെ പെട്ടെന്നായിരുന്നു. സ്മാര്‍ട്‌ഫോണുകളുടെ വരവോടെയായിരുന്നു മാറ്റങ്ങള്‍ക്ക് തുടക്കം. അതിന് ഐഫോണ്‍ വഴി 2007 ല്‍ ആപ്പിള്‍ തുടക്കം കുറിച്ചു. തൊട്ടുപിന്നാലെ ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോം കൂടി വന്നതോടെ ടെലികോം രംഗത്ത് മാറ്റങ്ങള്‍ ആഞ്ഞുവീശി. കൂണുപോലെ മുളച്ച ഇന്ത്യന്‍ കമ്പനികള്‍ ആന്‍ഡ്രോയിഡ് ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണ്‍ മോഡലുകള്‍ ദിനംപ്രതി പടച്ചുവിട്ടു. ചുറ്റും നടക്കുന്നതൊന്നും അറിയാതെ നോക്കിയ അപ്പോഴും സാധാ മൊബൈല്‍ഫോണ്‍ മാത്രം നിര്‍മിച്ചുകൊണ്ടേയിരുന്നു.
ഏറെ വൈകി നോക്കിയ ചില സ്മാര്‍ട്‌ഫോണ്‍ മോഡലുകള്‍ വിപണിയിലെത്തിച്ചെങ്കിലും അതൊന്നും നിലംതൊട്ടില്ല. ഇപ്പോഴും കമ്പനിയുടെ പ്രധാനവരുമാന മാര്‍ഗ്ഗം ബേസിക് മൊബൈല്‍ഫോണുകളുടെ വില്‍പനയില്‍ നിന്നുള്ളത് തന്നെ. ലോകമെങ്ങും പ്രതിദിനം പത്തുലക്ഷം ബേസിക് ഫോണുകള്‍ വിറ്റഴിക്കാന്‍ നോക്കിയയ്ക്ക് ഇപ്പോഴും സാധിക്കുന്നുണ്ട്. മൂന്നാം ലോകരാജ്യങ്ങളിലെ പട്ടിണിപ്പാവങ്ങള്‍ക്കിടയില്‍ ഇപ്പോഴും നോക്കിയയ്ക്ക് നല്ല പേരുണ്ടെന്നുവേണം ഇതില്‍ നിന്ന് മനസിലാക്കാന്‍.
ബേസിക്‌ഫോണ്‍ വില്‍പനയില്‍ നിന്ന് ലാഭം കുറവായതിനാലാവാം കമ്പനിയുടെ നില അതീവ പരിതാപകരമാണിപ്പോള്‍. കഴിഞ്ഞ പതിനെട്ടുമാസത്തിനുള്ളില്‍ മുന്നൂറ് കോടി യൂറോയുടെ നഷ്ടമാണ് നോക്കിയ ബാലന്‍സ്ഷീറ്റില്‍ കാണിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ആരംഭിച്ച ചെലവുചുരുക്കല്‍ നയത്തിന്റെ ഭാഗമായി ലോകമെങ്ങുമുള്ള നോക്കിയ നിര്‍മാണപ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച ദക്ഷിണകൊറിയയിലെ പ്ലാന്റ് അടച്ചുപൂട്ടി. ലൂമിയ എന്ന പേരില്‍ വിന്‍ഡോസ് 8 സ്മാര്‍ട്‌ഫോണുകള്‍ വ്യാപകമായി വിപണനം ചെയ്ത് നഷ്ടത്തില്‍നിന്ന് കരകയറാനുളള കഠിനശ്രമത്തിലാണ് കമ്പനി ഇപ്പോള്‍.
ഇതിനിടയിലും രണ്ട് മൊബൈല്‍ ഫോണ്‍ മോഡലുകള്‍ കൂടി അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടാന്‍ കമ്പനിക്കായി. ആശ 308, ആശ 309 എന്നീ മോഡലുകളാണ് നോക്കിയ പുതുതായി വിപണിയിലെത്തിച്ചിരിക്കുന്നത്. ടച്ച് സീരീസില്‍ പെട്ട ആശ മോഡലുകളിലെ ഏറ്റവും പുതിയ പതിപ്പുകളാണിവ. സ്മാര്‍ട് ഫോണ്‍ എന്നവകാശപ്പെടുന്നില്ലെങ്കിലും പുതുതലമുറ സൗകര്യങ്ങള്‍ മുഴുവനുമുള്ള ഫോണ്‍ ആണിവയെന്ന് കമ്പനി പറയുന്നു.
![]() |
നോക്കിയ ആശ 309 |
നോക്കിയ എക്‌സ്പ്രസ് ബ്രൗസറിന്റെ ഏറ്റവും പുതിയ വേര്‍ഷനാണ് ഇവയിലുള്ളത്. മൂന്നിഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനുള്ള ഈ ഫോണുകള്‍ വൈഫൈ എനേബിള്‍ഡ് ആണ്. വൈഫൈ ആണ് എന്നതിനര്‍ഥം ത്രിജി അല്ല എന്നുതന്നെ. മള്‍ട്ടിപ്പിള്‍ ഹോംസ്‌ക്രീന്‍, സ്റ്റീരിയോ റേഡിയോ, ലൗഡ് സ്പീക്കേഴ്‌സ്, 32 ജി.ബി. വരെയുള്ള മൈക്രോ എസ്.ഡി. കാര്‍ഡുപയോഗിക്കുന്നതിനുള്ള സൗകര്യം എന്നിവയെല്ലാം ഈ ഫോണുകളിലുണ്ട്.
ആശ 309 സിംഗിള്‍ സിമ്മാണെങ്കില്‍ 308 ല്‍ ഡ്യുവല്‍ സിം സൗകര്യമുണ്ട് എന്നതാണ് ഇവ തമ്മിലുള്ള വ്യത്യാസം. ഫോണ്‍ സ്വിച്ച് ഓഫാക്കാതെ തന്നെ രണ്ടു സിമ്മുകളും മാറിമാറി ഉപയോഗിക്കാന്‍ സഹായിക്കുന്ന 'ഈസി സ്വാപ് ടെക്‌നോളജി' ആണ് ആശ 308 ന്റെ സവിശേഷതയെന്ന് നോക്കിയ അവകാശപ്പെടുന്നു. രണ്ടായിരം രൂപയില്‍ താഴെ വിലയുള്ള ഇന്ത്യന്‍ ബ്രാന്‍ഡുകളില്‍ എന്നേ ഈ സൗകര്യമുളള കാര്യം നോക്കിയ അറിഞ്ഞിട്ടുണ്ടാകില്ല.
ഓപ്പറേറ്റിങ് സിസ്റ്റമായി ആന്‍ഡ്രോയിഡും വിന്‍ഡോസ് ഫോണൊന്നുമില്ലെങ്കിലും നോക്കിയയുടെ സ്വന്തം ഒ.എസ്. ഈ ഫോണിലുണ്ട്. അതുപയോഗിച്ച് അത്യാവശ്യം ആപ്‌സ് ഡൗണ്‍ലോഡ് ചെയ്യലും ഗെയിംസ് കളിയുമൊക്കെ നടക്കും. യൂട്യൂബ് ബ്രൗസര്‍ പ്രവര്‍ത്തിപ്പിക്കാനാകും എന്നതിനാല്‍ വീഡിയോ കാണല്‍ സുഗമമായി നടക്കും. ആശ സീരീസില്‍ ഇതിനുമുമ്പിറങ്ങിയ മോഡലുകളില്‍ ഈ സൗകര്യമുണ്ടായിരുന്നില്ല.
1100 എം.എ.എച്ച്. ബാറ്ററിയാണ് രണ്ടു ഫോണുകളിലും ഊര്‍ജം പകരുന്നത്. ഡിസംബറോടെ ആശ 308, ആശ 309 മോഡലുകള്‍ നോക്കിയ ഷോറൂമുകളില്‍ എത്തുമെന്നാണ് അറിയുന്നത്. രണ്ടു മോഡലുകള്‍ക്കും വില ആറായിരം രൂപയ്ക്കടുത്ത് വരുമെന്നും കേള്‍ക്കുന്നു.
No comments:
Post a Comment