Tuesday, 9 October 2012

വിറകിനു മരങ്ങള്‍ വച്ചുപിടിപ്പിക്കും:മന്‍മോഹന്‍ സിംഗ്‌
\
ന്യൂഡല്‍ഹി: വിറകു ശേഖരിക്കാനുള്ള വീട്ടമ്മമാരുടെ ദുരിതമവസാനിപ്പിക്കാന്‍ രാജ്യത്ത്‌ എല്ലാ ആവാസകേന്ദ്രങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വിറകുമരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ ആലോചിക്കുന്നുണ്ടെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌.

ഊര്‍ജപ്രാപ്‌തിയെക്കുറിച്ചു നവ, പുനരുപയുക്‌ത ഊര്‍ജമന്ത്രാലയവും സി.ഐ.ഐയും സംഘടിപ്പിച്ച രാജ്യാന്തരസെമിനാര്‍ ഉദ്‌ഘാടനം ചെയ്യവേയാണു വീട്ടമ്മമാരെ 'സഹായിക്കാനുള്ള' സര്‍ക്കാരിന്റെ പദ്ധതി പ്രധാനമന്ത്രി വെളിപ്പെടുത്തിയത്‌. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ രാജ്യത്ത്‌ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുമെന്നും മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു.

എല്ലാ ഗ്രാമീണവീടുകളിലും പാചകവാതകം എത്തിക്കാന്‍ സര്‍ക്കാര്‍ നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 190 ദശലക്ഷം ഇന്ത്യന്‍ ഗ്രാമീണ വീടുകളിലെ 12 ശതമാനത്തിനു പാചകവാതകം ലഭിക്കുന്നുണ്ടെന്നു സിംഗ്‌ പറഞ്ഞു. രാജ്യത്തെ 240 ദശലക്ഷം വീടുകള്‍ക്ക്‌ വര്‍ഷം ആറ്‌ എല്‍.പി.ജി. സിലിണ്ടര്‍ ലഭ്യമാക്കാന്‍ 25 ടണ്‍ എല്‍.പി.ജി. ആവശ്യമാണ്‌. നമുക്ക്‌ ഇതു കൈകാര്യം ചെയ്യാന്‍ കഴിയുമെങ്കിലും സമയമെടുക്കുമെന്നു മന്‍മോഹന്‍ പറഞ്ഞു.

വൈദ്യുതി, എല്‍.പി.ജി. എന്നിവ പാവപ്പെട്ടവര്‍ക്കു താങ്ങാനാവുന്നവയാക്കാന്‍ സബ്‌സിഡികള്‍ അര്‍ഹരായവര്‍ക്കു മാത്രം ലഭ്യമാകാനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുകയാണെന്നു മന്‍മോഹന്‍ പറഞ്ഞു. 

No comments:

Post a Comment