Wednesday, 3 October 2012

എം.എം.മോനായി പാര്‍ട്ടി വിടുന്നു

Published on  04 Oct 2012
കൊച്ചി: കുന്നത്തുനാട് മുന്‍ എം.എല്‍.എയും പ്രമുഖ സി.പി.എം. നേതാവുമായ എം.എം.മോനായി പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുന്നു. പാര്‍ട്ടി അംഗത്വം ഇനി പുതുക്കാനില്ലെന്ന് മോനായി പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു. എറണാകുളത്തെ ജനകീയനും മികച്ച സഹകാരിയുമായി അറിയപ്പെടുന്ന മോനായി ജില്ലാ സഹകരണബാങ്കിന്റെ വളര്‍ച്ചയില്‍ മുഖ്യപങ്കുവഹിച്ച വ്യക്തി കൂടിയാണ്. ജില്ലയിലെ ക്രിസ്ത്യന്‍ വോട്ടര്‍മാരുമായും സഭാ നേതാക്കളുമായി ഏറ്റവും ബന്ധമുള്ള സി.പി.എം. നേതാവും കൂടിയാണ് അദ്ദേഹം.

അതേസമയം കൈരളി ചാനല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വമോ എ.പി.വര്‍ക്കി മെഡിക്കല്‍ മിഷന്‍ ഡയറക്ടര്‍ ബോര്‍ഡ് സെക്രട്ടറി സ്ഥാനമോ ഉപേക്ഷിക്കുന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊച്ചിയിലെ പാര്‍ട്ടിയിലെ ചില പ്രശ്‌നങ്ങളാണ് പാര്‍ട്ടി അംഗത്വം പുതുക്കാതിരിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സഹകരണബാങ്ക് നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ സഹകരണബാങ്ക് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. തുടര്‍ന്ന് മോനായി തുടങ്ങിവെച്ച ചില സംരംഭങ്ങള്‍ പാര്‍ട്ടി ഇടപെട്ട് നിര്‍ത്തിവെക്കുകയും ചെയ്തു. ഇതിലെല്ലാമുള്ള അതൃപ്തിയാണ് സി.പി.എം. വിടാന്‍ കാരണമെന്നാണ് സൂചന. നേരത്തെ എം.എല്‍.എയായ സമയത്ത് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത് പാര്‍ട്ടി നേതൃത്വത്തിന്റെ അതൃപ്തിയ്ക്ക് കാരണമായിരുന്നു.

കുന്നത്തുനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് പി.പി.തങ്കച്ചനെ അട്ടിമറിച്ച് നിയമസഭയിലെത്തിയ നേതാവാണ് എം.എം.മോനായി. എന്നാല്‍ വ്യക്തിപരമായും ജോലി സംബന്ധമായും ഉള്ള തിരക്കുകള്‍ മൂലം പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുകയാണെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും പാര്‍ട്ടി അനുഭാവിയായി തുടരുമെന്നുമാണ് അഭിഭാഷകന്‍ കൂടിയായ മോനായി നല്‍കുന്ന വിശദീകരണം.

No comments:

Post a Comment