Friday, 30 November 2012

കേരളത്തിന്റെ സാംസ്‌കാരികതലസ്ഥാനം ആകാശത്ത് നിന്ന് ക്യാമറയില്‍ ഒപ്പിയെടുത്തപ്പോള്‍ . മാതൃഭൂമി ഫോട്ടോഗ്രാഫര്‍ ജെ. ഫിലിപ്പ് ഹെലികോപ്റ്ററില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ .














Thursday, 22 November 2012

കേരള സര്‍വകലാശാല വാര്‍ത്തകള്‍
Text Size:   
ഡിഗ്രി ടൈംടേബിള്‍

നവംബര്‍ 28 ന്‌ തുടങ്ങുന്ന മൂന്നാം സെമസ്‌റ്റര്‍ ബി.എ, ബി.എസ്സി, ബി.കോം (സി.ബി.സി.എസ്‌.എസ്‌) പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

യു.ഐ.ടി. ഇന്റേണല്‍ സപ്ലിമെന്ററി പരീക്ഷ

യു.ഐ.ടി സെന്ററുകളിലെ ഡിഗ്രി ഒന്ന്‌, മൂന്ന്‌, അഞ്ച്‌ സെമസ്‌റ്റര്‍ ഇന്റേണല്‍ സപ്ലിമെന്ററി പരീക്ഷ (2009 അഡ്‌മിഷനും അതിന്‌ മുമ്പുള്ളതും - മേഴ്‌സി ചാന്‍സ്‌ ഒഴികെ) നടത്താന്‍ പ്രിന്‍സിപ്പല്‍മാരെ ചുമതലപ്പെടുത്തി. ഇതിനുള്ള അപേക്ഷകള്‍ പിഴയില്ലാതെ നവംബര്‍ 26 (50 രൂപ പിഴയോടെ നവംബര്‍ 28, 250 രൂപ പിഴയോടെ നവംബര്‍ 30) വരെ സമര്‍പ്പിക്കാം. പരീക്ഷ ഡിസംബര്‍ മൂന്ന്‌ മുതല്‍ ഏഴ്‌ വരെ നടത്തും. ഇന്റേണല്‍ പരീക്ഷ അതത്‌ റഗുലേഷന്‌ വിധേയമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ യു.ഐ.ടി സെന്ററില്‍ നിന്നും ലഭിക്കും.

എം.എ. അപ്ലൈഡ്‌ സൈക്കോളജി: ഒന്നാം റാങ്ക്‌ സൂര്യ. ബി. രാജിന്‌

കാര്യവട്ടം സൈക്കോളജി വകുപ്പ്‌ (സി.എസ്‌.എസ്‌) നടത്തിയ എം.എ അപ്ലൈഡ്‌ സൈക്കോളജി (2010-12) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂര്യ.ബി.രാജ്‌ ഒന്നാം റാങ്ക്‌ നേടി.

ജിയോഇന്‍ഫര്‍മേഷന്‍: സീറ്റൊഴിവ്‌

കാര്യവട്ടം കാമ്പസിലെ പി.ജി. ഡിപ്ലോമ ഇന്‍ ജിയോ ഇന്‍ഫര്‍മേഷന്‍ സയന്‍സ്‌ ടെക്‌നോളജിയില്‍ പൊതു വിഭാഗത്തിലും പട്ടികവിഭാഗത്തിലും സീറ്റൊഴിവുണ്ട്‌. താല്‍പര്യമുള്ളവര്‍ നവംബര്‍ 26-ന്‌ മുമ്പ്‌ സെന്റര്‍ ഡയറക്‌ടറെ ബന്ധപ്പെടുക. ഫോണ്‍. 9895666813.

സൗജന്യ ഓറിയന്റേഷന്‍ പ്രോഗ്രാം

കോമേഴ്‌സ് വകുപ്പ്‌ നാഷണല്‍ അക്കൗണ്ടിംഗ്‌ ടാലന്റ്‌ സെര്‍ച്ച്‌ പരീക്ഷയ്‌ക്ക് തായ്യാറെടുക്കുന്നവര്‍ക്കുള്ള സൗജന്യ പരിശീലനം നവംബര്‍ 23 ഉച്ചയ്‌ക്ക് ഒരുമണിക്ക്‌ നെടുമങ്ങാട്‌ ഗവ. കോളേജില്‍ നടത്തും. പരീക്ഷയ്‌ക്ക് രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള എല്ലാവരെയും പങ്കെടുക്കാന്‍ ക്ഷണിക്കുന്നു.

ബി.എ/ബി.കോം പരീക്ഷ

നവംബര്‍ 28-ന്‌ തുടങ്ങുന്ന കരിയര്‍ റിലേറ്റഡ്‌ ഫസ്‌റ്റ് ഡിഗ്രി (സി.ബി.സി.എസ്‌.എസ്‌ - ഗ്രൂപ്പ്‌ 2 (എ) മൂന്നാം സെമസ്‌റ്റര്‍ ബി.എ ഇംഗ്ലീഷ്‌ ആന്‍ഡ്‌ കമ്മ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌, ജേര്‍ണലിസം മാസ്‌ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ്‌ വീഡിയോ പ്രൊഡക്ഷന്‍, മലയാളം മാസ്‌ കമ്മ്യൂണിക്കേഷന്‍, ബി.കോം കോമേഴ്‌സ് ഹോട്ടല്‍ മാനേജ്‌മെന്റ്‌ കേറ്ററിംഗ്‌, ബി.പി.എ. എന്നീ പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

ടെക്‌നിക്കല്‍ ഓഫീസര്‍ ഒഴിവ്‌

കാര്യവട്ടം കാമ്പസില്‍ പഴ്‌സ് പ്രോഗ്രാമില്‍ ടെക്‌നിക്കല്‍ ഓഫീസറുടെ താല്‍ക്കാലിക ഒഴിവിലേക്ക്‌ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.
മകരവിളക്ക്‌ കാലത്ത്‌ ജലക്ഷാമം രൂക്ഷമായേക്കും
Text Size:   
ശബരിമല: മഴ ദുര്‍ബലമായതോടെ മകരവിളക്ക്‌ കാലത്ത്‌ ജലക്ഷാമം രൂക്ഷമായേക്കും. സന്നിധാനത്ത്‌ പ്രതിദിനം 70 ലക്ഷം ലിറ്റര്‍ വെള്ളമാണ്‌ ആവശ്യമായുള്ളത്‌. മകരവിളക്ക്‌ സീസണില്‍ ഒരുകോടി ലിറ്ററിലധികം വെള്ളം ആവശ്യമായിവരും.

സന്നിധാനത്തുള്ള വിവിധ ടാങ്കുകളിലായി 1.30 കോടി ലിറ്റര്‍ വെളളം മാത്രമേ ശേഖരിക്കാന്‍ കഴിയൂ. കുന്നാര്‍ ഡാമില്‍നിന്നു പമ്പാനദിയില്‍നിന്നുമാണ്‌ ശബരിമലയിലേക്കാവശ്യമായ വെള്ളം എത്തിക്കുന്നത്‌.

സന്നിധാനത്തുനിന്നു നാലര കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലാണ്‌ കുന്നാര്‍ ഡാം. സന്നിധാനത്തുനിന്നു വളരെ ഉയരത്തില്‍ സ്‌ഥിതിചെയ്യുന്ന കുന്നാര്‍ ഡാമില്‍നിന്ന്‌ യന്ത്ര സഹായമോ മറ്റ്‌ ചെലവുകളോ ഇല്ലാതെ പൈപ്പിലൂടെയാണ്‌ വെളളം ഒഴുകിയെത്തുന്നത്‌.

ദിനംപ്രതി 20 ലക്ഷം ലിറ്റര്‍ വെള്ളമാണ്‌ എത്തുന്നത്‌. മുന്‍കാലങ്ങളില്‍ മകരവിളക്ക്‌ സീസണ്‍ പകുതിയാകുമ്പോഴേക്കും കുന്നാര്‍ ഡാമിലെ ജലനിരപ്പ്‌ ക്രമാതീതമായി കുറയാറുണ്ട്‌. പിന്നെ ഇവിടെനിന്നു വളരെ കുറച്ച്‌ വെള്ളം മാത്രമാണ്‌ കിട്ടാറുള്ളത്‌.

മുന്‍കാലങ്ങളില്‍ പില്‍ഗ്രീം സെന്ററുകള്‍, ലാട്രിന്‍ കോംപ്ലക്‌സുകള്‍ എന്നിവിടങ്ങളില്‍ ജലത്തിന്റെ ഉപയോഗത്തിന്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രണ്ടുവര്‍ഷംമുമ്പ്‌ 20 ലക്ഷം ലിറ്റര്‍ വെള്ളം ശേഖരിച്ച്‌ സൂക്ഷിക്കാന്‍ കഴിയുന്ന രണ്ട്‌ വാട്ടര്‍ ടാങ്കുകള്‍ നിര്‍മ്മിച്ച്‌ പ്രവര്‍ത്തന ക്ഷമമാക്കിയിരുന്നു. കൂടാതെ ഇക്കുറി 20 ലക്ഷം ലിറ്ററിന്റെ രണ്ട്‌ വാട്ടര്‍

ടാങ്കുകളുടെ നിര്‍മ്മാണം പാണ്ടിത്താവളം ഭാഗത്ത്‌ ആരംഭിച്ചിട്ടുണ്ട്‌. മഴക്കാലമാകുന്നതോടെ കുന്നാര്‍ ഡാമും സന്നിധാനത്തെ വാട്ടര്‍ ടാങ്കുകളും നിറഞ്ഞ്‌ ഒഴുകും.

ഇത്‌ ഒഴിവാക്കുന്നതിനും കൂടുതല്‍ വെള്ളം സംഭരിക്കുന്നതിനുമായി അണക്കെട്ടിന്റെ ഉയരം വര്‍ധിപ്പിക്കാനുള്ള അധികൃതരുടെ പ്രഖ്യാപനം കടലാസില്‍ ഒതുങ്ങുകയാണ്‌.

കൂടാതെ അണക്കെട്ടിന്റെ കാച്ച്‌മെന്റ്‌ ഏരിയായില്‍ മറ്റൊരു തടയണകൂടി നിര്‍മിക്കാനുള്ള നീക്കവും നടന്നില്ല.

പദ്ധതികള്‍ പൂര്‍ത്തിയായാല്‍ ഡാമിന്റെ സംഭരണശേഷി വര്‍ധിപ്പിക്കുകയും സന്നിധാനത്തെ ജലക്ഷാമം ഒരുപരിധിവരെ പരിഹരിക്കാനും കഴിയും.

കുന്നാറില്‍നിന്നും സന്നിധാനത്തേക്ക്‌ വെള്ളം എത്തിക്കാന്‍ ഒരു സമാന്തര പൈപ്പ്‌ ലൈന്‍ സ്‌ഥാപിക്കുകയും വേണം. വര്‍ഷംതോറും ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകരുടെ സംഖ്യയില്‍ 20 ശതമാനം വര്‍ധന ഉണ്ടാകുന്നുവെന്നാണ്‌ കണക്കാക്കുന്നത്‌. ഇതോടെ ഓരോ വര്‍ഷം കഴിയുംതോറും വെള്ളത്തിന്റെ ആവശ്യം വര്‍ധിക്കുകയാണ്‌. അതിനനുസൃതമായി പുതിയ സ്രോതസ്‌ കണ്ടെത്തിയില്ലെങ്കില്‍ ഏറെ ബുദ്ധിമുട്ട്‌ സൃഷ്‌ടിക്കുമെന്നാണു വിലയിരുത്തല്‍.

പമ്പാനദിയില്‍നിന്ന്‌ മോട്ടോര്‍ ഉപയോഗിച്ച്‌ പമ്പുചെയ്‌താണ്‌ വാട്ടര്‍ അഥോറിട്ടി സന്നിധാനത്ത്‌ വെളളം എത്തിക്കുന്നത്‌.

കൂടാതെ സന്നിധാനത്തിനു സമീപം കുമ്പളാംതോട്ടില്‍നിന്നുള്ള വെള്ളവും സന്നിധാനത്ത്‌ ഉപയോഗിക്കുന്നുണ്ട്‌.

എന്നാല്‍ കുമ്പളാംതോട്‌ മണ്ഡലകാലം പകുതിയാകുമ്പോഴേക്കും വറ്റാറുണ്ട്‌. പിന്നെ ഏക ആശ്രയം കുന്നാര്‍ ഡാമിലെ വെള്ളമാണ്‌.
റിഹാനയുടെ വിമാനത്തില്‍ നഗ്നപ്രതിഷേധം!
Text Size:   
ലോക പ്രശസ്‌ത പാട്ടുകാരി റിഹാന തന്റെ പുതിയ ആല്‍ബത്തിന്റെ പ്രചരണത്തിനായി സംഘടിപ്പിച്ച പര്യടനം വിവാദത്തിലായി. ബോയിംഗ്‌ 777 വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകരേയും കുറച്ച്‌ ആരാധകരെയും കയറ്റി പര്യടനം ആരംഭിച്ചത്‌ വളരെ പ്രതീക്ഷയോടെയായിരുന്നു. എന്നാല്‍, വിമാനത്തില്‍ ഒരു നഗ്ന പ്രതിഷേധം നടന്നതോടെ സംഭവം വിവാദത്തിലായി.

'അണ്‍അപോളജറ്റിക്‌' എന്ന ആല്‍ബത്തിന്റെ പ്രചാരണത്തിനായി ഏഴ്‌ ദിവസം ഏഴ്‌ രാജ്യത്ത്‌ പര്യടനം നടത്താനായിരുന്നു പദ്ധതി. ആദ്യ ദിനങ്ങളില്‍ മറ്റുളളവര്‍ക്കൊപ്പം പാര്‍ട്ടി കൂടുന്ന റിഹാനയുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞതോടെ വിമാനത്തിനുളളിലെ അന്തരീക്ഷം പാടെ മാറി. റിഹാനയെ വിമാനത്തിലുളളവര്‍ക്ക്‌ കാണാന്‍ കിട്ടാതായി. താരം തന്റെ സ്വകാര്യ കാബിനില്‍ തന്നെ ഒതുങ്ങിയതോടെ വിമാനത്തിലുളളവര്‍ പ്രതിഷേധത്തിന്റെ പാതയിലായി എന്നു പറഞ്ഞാല്‍ മതിയല്ലോ.

പ്രതിഷേധം മൂത്ത ഒരു ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകനാണ്‌ വിമാനത്തില്‍ നഗ്നനായി നടന്നത്‌. വിമാനത്തിലുളളവര്‍ എന്തു പറഞ്ഞിട്ടും റിഹാന പാര്‍ട്ടി മൂഡിലേക്ക്‌ മടങ്ങിയെത്താത്തതാണ്‌ ഇത്തരത്തില്‍ പ്രതിഷേധിക്കാന്‍ കാരണമെന്ന്‌ മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.
കഴുമരത്തിനു മുന്നില്‍ കസബ്‌ ആണയിട്ടു: ഇനിയെരിക്കലും ഇത്തരം തെറ്റ്‌ ഞാന്‍ ചെയ്യില്ല
Text Size:   
പുനെ: രണ്ടു ദിവസമായി പുനെയിലെ ചരിത്രപ്രസിദ്ധമായ യെര്‍വാദ ജയില്‍ കനത്ത സുരക്ഷാവലയത്തിലായിരുന്നു. മഹാത്മാഗാന്ധിയുള്‍പ്പടെയുള്ള ദേശീയ നേതാക്കള്‍ തടവില്‍ കിടന്നിട്ടുള്ള ജയിലില്‍ രാജ്യത്തെ കൊടുംകുറ്റവാളിയെ പേറുന്നതിന്റെ പിരിമുറുക്കം പുറമേ ദൃശ്യമായിരുന്നില്ല. കഴിഞ്ഞ പതിനെട്ടിനു രാത്രിയാണു കനത്ത ബന്തവസില്‍ മുഹമ്മദ്‌ അജ്‌മല്‍ കസബ്‌ യെര്‍വാദ ജയിലിന്റെ മതില്‍ക്കെട്ടു കടന്നുവന്നത്‌. അതിസുരക്ഷാ സെല്ലില്‍ ഇരുചെവിയറിയാതെ കസബിനെ പാര്‍പ്പിച്ചു. ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പോലീസ്‌ കാവല്‍നില്‍ക്കുന്ന ജയില്‍മുറിയില്‍ ഏതു വി.ഐ.പി. കുറ്റവാളിയെയാണു പാര്‍പ്പിച്ചിരിക്കുന്നതെന്നു ജയില്‍ ജീവനക്കാര്‍ക്കു പോലും അറിയില്ലായിരുന്നു.



ഇന്നലെ പുലര്‍ച്ചെ കസബിനെ വിളിച്ചുണര്‍ത്തി. അരമണിക്കൂറിനുള്ളില്‍ കുളിയും മറ്റു പ്രഭാതകൃത്യങ്ങളും കഴിച്ചു കസബ്‌ തിരിച്ചെത്തി. പിന്നെ അല്‍പസമയം പ്രാര്‍ഥന. ജയില്‍ അധികൃതര്‍ കസബിനു ധരിക്കാന്‍ പുതിയ വസ്‌ത്രങ്ങള്‍ നല്‍കി. ഈ സമയമത്രയും കസബ്‌ ഒന്നും മിണ്ടിയില്ല. അഞ്ചരയ്‌ക്കും ആറിനുമിടയില്‍ മഹാരാഷ്‌ട്ര ജയില്‍ ഐജി മീരന്‍ ബോര്‍വങ്കറും ജയില്‍ സൂപ്രണ്ട്‌ യോഗേഷ്‌ ദേശായിയും എത്തിച്ചേര്‍ന്നു. അപ്പോള്‍ കസബിനെ വൈദ്യപരിശോധനയ്‌ക്കു കൊണ്ടു പോയിരിക്കുകയായിരുന്നു.



ജയില്‍ ഡോക്‌ടര്‍ കസബിനെ പരിശോധിച്ചു പൂര്‍ണആരോഗ്യവാനെന്നു സര്‍ട്ടിഫിക്കറ്റ്‌ നല്‍കി. വൈകാതെ ആരാച്ചാര്‍ ജയില്‍വളപ്പിലെത്തി. യെര്‍വാദ ജയിലില്‍ ആരാച്ചാരില്ലാത്തതിനാല്‍ കൃത്യം നടത്താന്‍ നാഗ്‌പൂരില്‍നിന്നു കൊണ്ടുവരികയായിരുന്നു. പോലീസ്‌ അകമ്പടിയില്‍ കസബിനെ തൂക്കിലേറ്റല്‍ നടത്തുന്ന പ്രത്യേക സെല്ലിലേക്കു കൊണ്ടു പോയി. കൊലക്കയര്‍ അടുത്തെത്തിയപ്പോള്‍ ഒരു നിമിഷം പരവശനെപ്പോലെ കാണപ്പെട്ടെങ്കിലും കസബ്‌ ആത്മധൈര്യം വീണ്ടെടുത്തു. നിരപരാധികളെ വെടിവച്ചുകൊന്നതിന്റെ മനഃസാക്ഷിക്കുത്ത്‌ അല്‍പം പോലും ആ മുഖത്ത്‌ പ്രകടമായിരുന്നില്ല. അന്ത്യാഭിലാഷം എന്തെങ്കിലും ഉണ്ടോയെന്നും സ്വത്തുക്കള്‍ ആര്‍ക്കെങ്കിലും കൈമാറാനുണ്ടോയെന്നും മജിസ്‌ട്രറ്റിന്റെ ചോദ്യം. ഇല്ല എന്നു രണ്ടു ചോദ്യത്തിനും മറുപടി. കൈകള്‍ പിന്നില്‍ പിണച്ചുകെട്ടി, കറുത്ത മൂടുപടം കൊണ്ടു മുഖം മറയ്‌ക്കുമ്പോള്‍ കസബ്‌ ഇങ്ങനെ പറഞ്ഞു: 'അള്ളാ കസം, ഐസി ഗലത്തി ദുബാര നഹി ഹോഗി'( സര്‍വശക്‌തനായ അല്ലാഹുവിന്റെ നാമത്തില്‍ ആണയിടുന്നു, ഇനിയൊരിക്കലും ഇത്തരമൊരു തെറ്റ്‌ ഞാന്‍ ചെയ്യില്ല). അതായിരുന്നു ഇന്ത്യയെ വിറപ്പിച്ച കൊടും ഭീകരന്റെ അവസാന വാക്കുകള്‍.



കൃത്യം ഏഴര. കഴുമരത്തിന്റെ ലിവര്‍ ആരാച്ചാര്‍ തള്ളിനീക്കി. കസബ്‌ കയറില്‍ തൂങ്ങി താഴേക്കു പതിച്ചു. പത്തുമിനിറ്റിനു ശേഷം ഡോക്‌ടര്‍ താഴെയെത്തി പരിശോധിച്ചു മരണം ഉറപ്പിച്ചു.



അപ്പോഴേക്കു നേരം നന്നായി വെളുത്തിരുന്നു. 7.46നു പോലീസ്‌ അധികാരികള്‍ മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍. പാട്ടീലിനെ വിവരമറിയിച്ചു: 'ഓപ്പറേഷന്‍ എക്‌സ് പൂര്‍ത്തിയായി.' വൈകാതെ ജയില്‍ വളപ്പില്‍തന്നെ ജഡം കബറടക്കി. ഈസമയം ദൃശ്യമാധ്യങ്ങളിലൂടെ വാര്‍ത്ത പുറത്തുവന്നിരുന്നു.



അരമണിക്കൂറിനുള്ളില്‍ യെര്‍വാദ ജയിലിനു മുന്നിലേക്കു ജനം ഒഴുകിത്തുടങ്ങി. എല്ലാവരും സന്തോഷത്തിലായിരുന്നു. നീതി നടപ്പാക്കിയെന്നു പലരും ഉറക്കെ പറയുന്നുണ്ടായിരുന്നു. പിന്നെ പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്‌തും ജനം കസബിന്റെ മരണം ആഘോഷമായി ഏറ്റെടുത്തു.
നാലുമണിക്കൂര്‍ കൊണ്ട്‌ ഓപ്പറേഷന്‍ 'മണിനാദം'
Text Size:   
ഇടുക്കി: ഓപ്പറേഷന്‍ മണി നാദം (റിംഗ്‌ ടോണ്‍) എന്ന പേരിട്ടായിരുന്നു മണിയെ അറസ്‌റ്റ് ചെയ്യാന്‍ പോലീസ്‌ പദ്ധതി തയാറാക്കിയത്‌. അറസ്‌റ്റിനെപ്പറ്റി മുന്‍കൂട്ടി അറിയാമായിരുന്നതു പത്തില്‍ താഴെ ഉദ്യോഗസ്‌ഥര്‍ക്കു മാത്രം. പ്രതിരോധിക്കാനോ പ്രതിഷേധം സംഘടിപ്പിക്കാനോ ഇട നല്‍കാതെ നാലുമണിക്കൂര്‍ കൊണ്ടു പോലീസ്‌ നടത്തിയ ഓപ്പറേഷന്‍ സി.പി.എമ്മിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു.



ഷൂക്കൂര്‍ വധക്കേസില്‍ കണ്ണൂരില്‍ പി.ജയരാജനും, ടി.വി.രാജേഷും അറസ്‌റ്റിലായപ്പോള്‍ ശക്‌തമായി പ്രതിഷേധിച്ച സി.പി.എം ഇവിടെ ആദ്യ ഞെട്ടലില്‍ നിന്നു മുക്‌തനാകാന്‍ പോലും രണ്ടു മണിക്കൂര്‍ സമയം എടുത്തു. ആറുമാസം നീണ്ട അന്വേഷണങ്ങള്‍ക്കിടയില്‍ ഉടന്‍ അറസ്‌റ്റു നടക്കുമെന്ന്‌ ഇടയ്‌ക്കിടെ അഭ്യൂഹങ്ങള്‍ പരന്നിരുന്നെങ്കിലും ഇന്നലെ പോലീസ്‌ നടത്തിയ നീക്കത്തെക്കുറിച്ച്‌ ആര്‍ക്കും യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. ആഴ്‌ചകള്‍ക്ക്‌ മുന്‍പു തന്നെ അറസ്‌റ്റ് സംബന്ധിച്ച്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥര്‍ ചര്‍ച്ച ചെയ്‌തിരുന്നുവത്രേ. 'ഓപ്പറേഷന്‍ മണി നാദം' എന്നു നടത്തണമെന്ന്‌ മാത്രം തീരുമാനിച്ചിരുന്നില്ല. പുലര്‍ച്ചെ അറസ്‌റ്റ് നടത്തി രാവിലെ പതിനൊന്നു മണിക്കു മുന്‍പു മണിയെ ജയിലിലെത്തിക്കണം എന്നു മാത്രമായിരുന്നു തീരുമാനം. പ്രതിഷേധം ഒഴിവാക്കുന്നതിനായിരുന്നു ഇത്‌.



തിങ്കളാഴ്‌ച രാവിലെയാണ്‌ ഐ.ജി.പത്മകുമാര്‍ ഉദ്യോഗസ്‌ഥരെ വിളിച്ച്‌ മണിയെ അറസ്‌റ്റു ചെയ്യുന്നുവെന്ന വിവരം അറിയിച്ചത്‌. പിന്നെയുളള നടപടികള്‍ വേഗത്തിലായിരുന്നു. വാര്‍ത്ത ചോരാതിരിക്കാന്‍ വയര്‍ലെസ്‌ സംവിധാനം പൂര്‍ണമായും ഒഴിവാക്കി. മൊബൈല്‍ ഫോണിലൂടെ മാത്രമായിരുന്നു ആശയ വിനിമയം. പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്ന നാലു ഡിവൈ.എസ്‌.പിമാര്‍, എസ്‌.പി ജോര്‍ജ്‌ വര്‍ഗീസ്‌ എന്നിവര്‍ക്കു മാത്രമാണ്‌ ദൗത്യത്തെക്കുറിച്ച്‌ അറിവുണ്ടായിരുന്നത്‌.



പുലര്‍ച്ചെ മൂന്നിനാണ്‌ മൂന്ന്‌ ഡിവൈ.എസ്‌.പിമാര്‍ അടങ്ങിയ സംഘം കുഞ്ചിത്തണ്ണിയിലേക്ക്‌ പോയത്‌. അന്വേഷണ സംഘത്തിലുള്ള മൂന്നാര്‍ ഡിവൈ.എസ്‌.പി വി.എന്‍. സജി കുഞ്ചിത്തണ്ണിയില്‍ മണിയുടെ വീടിനു പരിസരത്ത്‌ കാത്തു നിന്നിരുന്നു. 5.30 ഓടെ കുഞ്ചിത്തണ്ണിയിലെത്തിയ സംഘത്തിനൊപ്പം മൂന്നാര്‍ ഡിവൈ.എസ്‌.പിയും ചേര്‍ന്നതോടെ ഓപ്പറേഷന്‍ ആരംഭിച്ചു. നാലു വാഹനങ്ങളിലായി 24 പോലീസുകാര്‍ വീടിനു മുന്‍പിലെത്തി. പത്തുപേര്‍ വീടിനു മുന്‍പിലേക്ക്‌ ചെന്നു. ബാക്കിയുള്ളവര്‍ വീടിനു പുറത്തു നിലയുറപ്പിച്ചു.



ബഹളം കേട്ടു പ്രതിഷേധക്കാര്‍ എത്തിയാല്‍ ചെറുക്കുക ആയിരുന്നു ഉദ്ദേശം. സംഘത്തിലുള്ള തൊടുപുഴ ഡിവൈ.എസ്‌.പി ആന്റണി തോമസ്‌ വാതിലില്‍ മുട്ടി. മണിയുടെ മരുമകന്‍ വാതില്‍ തുറന്നു. 'മണിയാശാനേ' എന്നു വിളിച്ചുകൊണ്ടു പോലീസ്‌ അകത്തേക്ക്‌.



മണിയോടു നിങ്ങളെ അറസ്‌റ്റ് ചെയ്‌തിരിക്കുകയാണന്ന്‌ അറിയിച്ചു. വസ്‌ത്രം മാറുന്നതിനുള്‍പ്പടെ അരമണിക്കൂര്‍ സമയം. ഇവിടെ നിന്ന്‌ നേരെ നെടുങ്കണ്ടം പോലീസ്‌ സ്‌റ്റേഷനിലേക്ക്‌. ഇതോടെയാണ്‌ വിവരം പുറത്തറിയുന്നത്‌. പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ വിവരം അറിഞ്ഞു നെടുങ്കണ്ടത്ത്‌ എത്തുന്നതിനു മുന്‍പേ സ്‌റ്റേഷനു തൊട്ടടുത്തുള്ള താലൂക്ക്‌ ആശുപത്രിയിലെത്തി വൈദ്യപരിശോധന നടത്തി അറസ്‌റ്റ് നടപടി പൂര്‍ത്തിയാക്കിയിരുന്നു. കോടതി നടപടി പൂര്‍ത്തിയാക്കാന്‍ അരമണിക്കൂര്‍ സമയം. റിമാന്‍ഡിലായതോടെ പത്തോളം വാഹനങ്ങളുടെ അകമ്പടിയോടെ പീരുമേട്‌ സബ്‌ജയിലിലേക്ക്‌. രാവിലെ പതിനൊന്നിനു മുന്‍പേ ജയിലില്‍. പ്രതിഷേധങ്ങളോ, ബഹളങ്ങളോ ഒന്നുമില്ലാതെ പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും ഞെട്ടല്‍ മാറും മുന്‍പെ ഓപ്പറേഷന്‍ സക്‌സസ്‌. സമീപ ജില്ലകളിലെ ക്യാമ്പുകളില്‍ നിന്നായി 500 പോലീസുകാരെ ജില്ലയില്‍ എത്തിച്ചിരുന്നു.



എന്നാല്‍ എന്താണ്‌ ഡ്യൂട്ടിയെന്ന്‌ ഇവരോട്‌ പറഞ്ഞിരുന്നില്ല. ഇടുക്കിയിലേക്കെന്നു പറഞ്ഞെങ്കിലും ജില്ലയ്‌ക്ക് പുറത്തുള്ള ക്യാമ്പുകളിലാണ്‌ ഇവരെ താമസിപ്പിച്ചത്‌. രാവിലെ ഇവരെ ഇടുക്കിയില്‍ എത്തിക്കുകയായിരുന്നു. 
ദയാഹര്‍ജിപ്പട്ടികയുടെ ക്രമം മറികടന്നു ശിക്ഷ
Text Size:   
ന്യൂഡല്‍ഹി: അജ്‌മല്‍ കസബിന്റെ ദയാഹര്‍ജിയില്‍ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി തീര്‍പ്പുകല്‍പിച്ചത്‌ ദയാഹര്‍ജികള്‍ ലഭിച്ച ക്രമം മറികടന്ന്‌. 12 പേര്‍ ദയാഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളതിലെ അവസാന പേരുകാരനായിരുന്നു കസബ്‌. 



11 പേര്‍ ദയാഹര്‍ജി നല്‍കി കാത്തിരിക്കുമ്പോള്‍ മുന്‍ഗണനാക്രമം തെറ്റിച്ചാണോ പന്ത്രണ്ടാമനായ കസബിന്റെ ഹര്‍ജി രാഷ്‌ട്രപതി തള്ളിയതെന്ന ചോദ്യമാണ്‌ ഇതോടെ ഉയരുന്നത്‌. 



ദയാഹര്‍ജിക്കായി ആഭ്യന്തരമന്ത്രാലയം ശിപാര്‍ശ ചെയ്‌ത അപേക്ഷകളില്‍ പന്ത്രണ്ടാമതാണു കസബിന്റെ കേസ്‌. 



2012 ഒക്‌ടോബര്‍ 16 നാണ്‌ കസബിന്റെ അപേക്ഷയനുസരിച്ച്‌ ആഭ്യന്തരമന്ത്രാലയം ദയാഹര്‍ജിക്കു ശിപാര്‍ശ ചെയ്‌തത്‌. 'ഇന്ത്യക്കെതിരേ യുദ്ധം ചെയ്യുകയും 166 പേരെ കൊലപ്പെടുത്തുകയും 238 പേരെ പരുക്കേല്‍പ്പിക്കുകയും ചെയ്‌തു' എന്നാണ്‌ കസബിനെതിരേയുള്ള കുറ്റങ്ങളില്‍ പ്രധാനം. 



2001 ല്‍ പാര്‍ലമെന്റ്‌ ആക്രമണം നടത്തിയ അഫ്‌സല്‍ ഗുരു പട്ടികയില്‍ ആറാമതുണ്ട്‌. 2011 ഓഗസ്‌റ്റ് നാലിനാണ്‌ അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി ആഭ്യന്തരമന്ത്രാലയം ശിപാര്‍ശ ചെയ്‌തിരുക്കുന്നത്‌. അഫ്‌സല്‍ ഗുരുവിന്റെ ഫയലില്‍ തീരുമാനം വൈകിപ്പിക്കുന്നതു വഴി സര്‍ക്കാര്‍ 'പ്രീണനരാഷ്‌ട്രീയം' കളിക്കുകയാണെന്നു ബി.ജെ.പി. പലവുരു ആരോപിച്ചിരുന്നു. 



ദയാഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ മുന്‍ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലും മുന്‍ഗണനാക്രമം പാലിച്ചിരുന്നില്ലെന്നു വെബ്‌സൈറ്റ്‌ സൂചിപ്പിക്കുന്നു. 



13 കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ഗുര്‍മീത്‌ സിംഗിന്റെ ദയാഹര്‍ജി പരിഗണനയ്‌ക്കു സമര്‍പ്പിച്ചതിനുശേഷം വന്ന 22 ദയാഹര്‍ജികളും പ്രതിഭാപാട്ടീല്‍ പരിഗണിച്ചതായാണു രേഖകള്‍ പറയുന്നത്‌. ഗുര്‍മീത്‌ സിംഗിന്റെ ഹര്‍ജി ഇപ്പോഴും പരിഗണിക്കപ്പെടാതെ കിടക്കുകയാണ്‌. 



രാഷ്‌ട്രപതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്‌ പുറത്തുവിട്ട, തീരുമാനം കാത്തിരിക്കുന്ന ദയാഹര്‍ജികളുടെ പട്ടികയും സമര്‍പ്പിച്ച തീയതിയും 



1. ഗുര്‍മീത്‌ സിംഗ്‌(കുടുംബത്തിലെ 13 പേരെ കൊലപ്പെടുത്തിയ കേസ്‌)- 11.12.2009 



2.ധരംപാല്‍(പീഡനക്കേസില്‍ ജാമ്യത്തില്‍ കഴിയവേ ഒരു കുടുംബത്തിലെ അഞ്ചു പേരെ കൊലപ്പെടുത്തിയ കേസ്‌)-15.09.2010 



3. സുരേഷ്‌, രാംജി(വസ്‌തുതര്‍ക്കത്തേത്തുടര്‍ന്ന്‌ അഞ്ചു ബന്ധുക്കളെ കൊലപ്പെടുത്തിയ കേസ്‌)-24.02.2011 



4. സൈമണ്‍, ജ്‌ഞാനപ്രകാശ്‌, മാടയ്യ, ബിലവന്ദ്ര(കുഴിബോംബ്‌ സ്‌ഫോടനത്തില്‍ 22 പേരെ കൊലപ്പെടുത്തിയ കേസ്‌)-30.05.2011 



5. പ്രവീണ്‍കുമാര്‍(ഒരു കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ കേസ്‌)- 18.07.2011 



6. അഫ്‌സല്‍ ഗുരു(ഒന്‍പതുപേരുടെ മരണത്തിനിടയാക്കിയ പാര്‍ലമെന്റ്‌ ആക്രമണം)-04.08.2011 



7. സയ്‌ബന്ന എന്‍. നടികര്‍(ഭാര്യയേയും മകളേയും കൊന്ന കേസ്‌)-08.09.2011 



8. ജാഫര്‍ അലി(ഭാര്യയേയും അഞ്ചു പെണ്‍മക്കളേയും കൊലപ്പെടുത്തിയ കേസ്‌)- 03.11.2011 



9. സോണിയ, സഞ്‌ജീവ്‌(വസ്‌തുതര്‍ക്കത്തേത്തുടര്‍ന്ന്‌ എട്ടു കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസ്‌)-20.01.2012 



10. സുന്ദര്‍ സിംഗ്‌(സഹോദരന്റെ കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസ്‌)-07.02.2012 



11. അത്‌ബീര്‍(വസ്‌തുതര്‍ക്കത്തേത്തുടര്‍ന്ന്‌ രണ്ടാനമ്മയേയും അവരുടെ മകനേയും മകളേയും കൊന്ന കേസ്‌)-19.06.2012 



12. അജ്‌മല്‍ കസബ്‌(ഇന്ത്യക്കെതിരേ യുദ്ധം ചെയ്യുകയും 166 പേരെ കൊലപ്പെടുത്തുകയും 238 പേരെ പരുക്കേല്‍പ്പിക്കുകയും ചെയ്‌ത കേസ്‌)-16.12.2012

news captured form mangalam daily online edition. Date on: 22-11-2013
മോളി ആന്റി റോക്‌സ്‌ 
കെ.പി.പ്രവിത 

മോര്‌പൊടി, ചിക്കന്‍പൊടി, ബീഫ്‌പൊടി, ഫിഷ് പൊടി... എന്നീ ചേരുവകളും വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്, മരിയാസ് ഹോംമെയ്ഡ്‌സ് എന്ന ബ്രാന്‍ഡില്‍...

പച്ചക്കുരുമുളകും കാന്താരിയും പിന്നെ നെല്ലിക്കയും ചേര്‍ന്നൊരു രസതന്ത്രം. എരിവിന്റെ കൊടുമുടിയില്‍ തിളച്ചുമറിഞ്ഞ് ദിവസങ്ങള്‍ കഴിയുമ്പോള്‍ നെല്ലിക്കയൊരു കരിക്കുടുക്കയാകും. മേമ്പൊടിയായി ഇഞ്ചിയും കറിവേപ്പിലയുമൊക്കെ ചേര്‍ന്നാല്‍ മോളീസ് സ്‌പെഷല്‍ കരിനെല്ലിക്കയായി.

നല്ല പച്ചനെല്ലിക്ക കണ്ടുശീലിച്ച പുതുതലമുറ കരിനെല്ലിക്കയെന്ന് കേട്ട് മുഖംചുളിക്കും. പക്ഷേ ഒന്ന് രുചിച്ചാല്‍ രസികനെന്ന് ആരും തലകുലുക്കി സമ്മതിക്കുമെന്നാണ് മോളിയുടെ പക്ഷം.

രുചിയുടെ രസങ്ങളെല്ലാം സമ്മേളിക്കുന്ന വ്യത്യസ്തന്‍മാര്‍ വേറെയുമുണ്ട് മോളിയുടെ ശേഖരത്തില്‍. ഇടിയിറച്ചി, കപ്പ വിളയിച്ചത്, ചക്കയുണ്ട...ലിസ്റ്റ് നീളും. അന്യം നിന്നുപോകുന്ന നാടന്‍രുചികള്‍ 'റെഡി ടു ഈറ്റ്' എന്ന ആധുനികഭാവത്തില്‍ വിപണിയില്‍ അവതരിപ്പിക്കുകയാണ് മോളി പുന്നന്‍ എന്ന സംരംഭക. നാടന്‍വിഭവങ്ങള്‍ക്കൊപ്പം മോര്‌പൊടി, ചിക്കന്‍ പൊടി, ബീഫ് പൊടി, ഫിഷ് പൊടി...എന്നീ ചേരുവകളും വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്, മരിയാസ് ഹോംമെയ്ഡ്‌സ് എന്ന ബ്രാന്‍ഡില്‍.

കാച്ചിയ മോരുണ്ടാക്കാനുള്ള ചേരുവകളാണ് മോരുപൊടി. മോര് അടിച്ചെടുത്തശേഷം ഈ ചേരുവകളും ചേര്‍ത്ത് തിളപ്പിച്ചാല്‍ കോട്ടയം സ്‌റ്റൈല്‍ കാച്ചിയ മോര് റെഡി. ചിക്കനും മീനുമെല്ലാം എളുപ്പവഴിയില്‍ പാകപ്പെടുത്താന്‍ ഈ പൊടിക്കൂട്ടുകള്‍ മതി.

നാടന്‍ ശേഖരത്തില്‍പെടുത്തി 187 വിഭവങ്ങള്‍ ഇവര്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇവയില്‍ ചിലത് ഓര്‍ഡറനുസരിച്ച് മാത്രമാണ് തയ്യാറാക്കുന്നതെന്ന് മാത്രം. പീരുമേട് പാമ്പനാര്‍ ബത്‌ലഹേം ഫാംസില്‍ മോളിക്കു കീഴില്‍ ഒരു ചെറിയ പാചക യൂണിറ്റുണ്ട്. തദ്ദേശിയരായ ഒട്ടേറെ പേര്‍ ഇവിടെ ജോലി ചെയ്യുന്നു. ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്നവയില്‍ നിന്നാണ് മരിയാസിന്റെ പല സ്‌പെഷല്‍ വിഭവങ്ങളും ഒരുങ്ങുന്നത്.

നന്നായി പഴുത്തുകഴിഞ്ഞാല്‍ ഉപയോഗശൂന്യമെന്നാണ് വ്യാപാരികള്‍പോലും ഏത്തക്കായെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഈ പഴം കൊണ്ട് രുചികരമായ സിറപ്പുണ്ടാക്കാമെന്ന് മോളി പറയുന്നു. വെറുതെ വലിച്ചെറിയുന്ന മാതളത്തൊണ്ടു കൊണ്ട് വിനാഗിരി, പാഷന്‍ഫ്രൂട്ടില്‍നിന്ന് ജ്യൂസ്, ചക്ക വരട്ടിയതും ഉണ്ടയും, പാളയംകോടന്‍ പഴത്തിന്റെ ജാം...വിഭവങ്ങള്‍ നീളുന്നു.

ഭക്ഷണവിപണിയില്‍ മോളിക്കിത് കന്നിഅങ്കമല്ല. 1981 മുതല്‍ മരിയാസ് എന്ന പേരില്‍ കാറ്ററിങ് സര്‍വീസ് നടത്തുന്നുണ്ട്. ഇടക്കാലത്തൊന്ന് പ്രൗഢി നഷ്ടമായ മരിയാസിനെ വീണ്ടും പഴയ പ്രഭാവത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് മോളി ഇപ്പോള്‍. ഇതിനൊപ്പം ഹോംമെയ്ഡ്‌സിന്റെ വിപണി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും. പാഷന്‍ഫ്രൂട്ട്, പപ്പായ, കാന്താരി മുളക് തുടങ്ങിയവ സ്വന്തം സ്ഥലത്ത് നട്ടുവളര്‍ത്തുന്നുമുണ്ട്. എന്നും ഇവയുടെ ലഭ്യത ഉറപ്പുവരുത്താനാണിത്.

മരിയാസ് ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയുടെ പലഭാഗങ്ങളിലും വിപണിയുണ്ട്. കേരളത്തിനകത്ത് തിരഞ്ഞെടുത്ത കടകള്‍ വഴി മാത്രമാണ് വില്‍പ്പന.

നിലവില്‍ എറണാകുളത്ത് പനമ്പിള്ളി നഗറിലെ എസ്.ക്യൂവില്‍ ഇവ വാങ്ങാന്‍ കിട്ടും. തൃപ്പൂണിത്തുറയിലെ ഒരു കടയിലും താമസിയാതെ മരിയാസ് ഉല്‍പ്പന്നങ്ങള്‍ ലഭിക്കും.



ലോറി ഗേള്‍ 
കെ.ജി.കാര്‍ത്തിക 

യൂണിവേഴ്‌സിറ്റി തലത്തിലെ മികച്ച നടി. പിന്നീട് പത്രപ്രവര്‍ത്തന പഠനം. തുടര്‍ന്ന് കുടുംബജീവിതം. ഇഷ്ടമേഖലയിലേക്ക് ചുവടുവെക്കുകയാണ് റാണി...


തിങ്ങി നിറഞ്ഞ സദസ്സിന് മുന്നില്‍ ഹര്‍ഷാരവങ്ങള്‍ക്ക് നടുവില്‍ നിന്ന് യൂണിവേഴ്‌സിറ്റിയുടെ മികച്ച നടി എന്ന പദവി ഏറ്റുവാങ്ങുമ്പോള്‍ അഭിനയം കാമ്പസിലെ മത്സരത്തിന്റെ ഭാഗം മാത്രമായിരുന്നു. കേവലം ഒരു ആസ്വാദക എന്ന നിലയിലായിരുന്നു സിനിമയെ സ്‌നേഹിച്ചതും വിലയിരുത്തിയതും. മഞ്ചേരി യൂണിറ്റി വിമണ്‍സിലും പാലക്കാട് വിക്ടോറിയയിലുമായാണ് കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കലാലയ ജീവിതത്തിനൊപ്പം അഭിനയത്തോട് വിട പറഞ്ഞു. മഞ്ചേരി സ്വദേശിയായ റാണി ശരണിന്റെ അഭിനയത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഇതൊക്കെയാണ്. പിന്നീട് കാക്കനാട് കേരള പ്രസ് അക്കാദമിയില്‍ നിന്ന് ജര്‍ണലിസത്തില്‍ ബിരുദം നേടുമ്പോള്‍ പത്രപ്രവര്‍ത്തനം എന്നത് ഒരു സ്വപ്നമായി. എല്ലാത്തിനും അപ്പുറം ഒരു സാദാ പെണ്‍കുട്ടിയെപോലെ ഒരു കുടുംബിനിയുടെ റോളിലേക്ക് റാണി ശരണ്‍ വളര്‍ന്നു. പാരമ്പര്യമായി കിട്ടിയ അഭിനയ സിദ്ധി മനസ്സിലെവിടെയോ മറഞ്ഞിരുന്നു. ജീവിതത്തിലേക്ക് കടന്നുവന്നയാളും അഭിനയം കൈമുതലാക്കിയ വ്യക്തിയുമായ ഭര്‍ത്താവ് ശരണ്‍ സീരിയലിലും സിനിമയിലും അഭിനയിക്കുന്നുണ്ട്. സുഹൃത്ത് സന്ദീപ് പാമ്പള്ളി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രത്തിലേക്ക് റാണിയെ നിര്‍ദേശിച്ചപ്പോള്‍ ആദ്യം നിരസിച്ചു. ഈ ഘട്ടത്തില്‍ ശരണ്‍ നല്‍കിയ പിന്തുണയോടെ റാണി ക്യാമറയ്ക്ക് മുന്നിലെത്തി.

ഏയ്ഡ്‌സ് ബോധവത്ക്കരണവുമായി എത്തുന്ന ലോറി ഗേള്‍ എന്ന ഹ്രസ്വചിത്രത്തിലെ നായിക റാണി ശരണാണ്. ഒരിക്കല്‍ പോലും സിനിമ ചെയ്യണമെന്ന ആഗ്രഹം മനസ്സില്‍ കൊണ്ടുനടന്നിട്ടില്ല. പക്ഷെ റാണിയുടെ നിയോഗം അഭിനയമായിരുന്നു. ലക്ഷ്മി എന്ന വേശ്യയുടെ കഥാപാത്രമാണ് അവര്‍ അവതരിപ്പിക്കുന്നത്. ലോറിക്കാരെ മാത്രം ഉപഭോക്താക്കളായി തിരഞ്ഞടുക്കുന്ന വേശ്യയാണ് ലക്ഷ്മി. ഇഷ്ടമില്ലാത്ത ഈ ജോലി ചെയ്യേണ്ടി വരുമ്പോഴും കണ്ണന്‍ എന്ന ലോറി ഡ്രൈവറോട് ഇവര്‍ക്ക് വല്ലാത്തൊരു അടുപ്പം തോന്നുന്നു. പിന്നെ ഇവര്‍ക്കിടയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളിലൂടെ ഹ്രസ്വ ചിത്രത്തിന്റെ കഥ വികസിക്കുന്നു. ഒരുപാട് അഭിനയ സാധ്യതകളുള്ള കഥപാത്രമാണ് ലക്ഷ്മിയുടെ റോള്‍ എന്നാണ് റാണിയുടെ അഭിപ്രായം. ഭര്‍ത്താവ് ശരണ്‍ നായകനായി എത്തുമ്പോള്‍ ഈ ജോടികള്‍ ഒരുമിച്ചുളള ആദ്യ ചിത്രമെന്ന വിശേഷണവും ലോറി ഗേളിനുണ്ട്. എന്നാല്‍ അഭിനയത്തെ ഗൗരവമായി കാണുന്നില്ല. നല്ലൊരു ദൗത്യവുമായി എത്തിയ ചിത്രമായതിനാലാണ് ലോറി ഗേളില്‍ അഭിനയിച്ചതെന്ന് റാണി വ്യക്തമാക്കി.

കേരളത്തിലെ എല്ലാ ജില്ലകളിലും ചിത്രം പ്രദര്‍ശിപ്പിക്കും. ഇന്ത്യക്ക് അകത്തും പുറത്തുമായി നാല്‍പ്പത് കേന്ദ്രങ്ങളില്‍ ലോറി ഗേള്‍ പ്രദര്‍ശിപ്പിക്കും. ഇതിനു പുറമെ മറ്റൊരു മുഖം കൂടി റാണിക്കുണ്ട്. നടനും നിര്‍മ്മാതാവുമായ മഞ്ചേരി ചന്ദ്രന്റെ മകളാണ് റാണി. 2009 ഏപ്രില്‍ 14 വിഷു ദിനത്തില്‍ മഞ്ചേരി ചന്ദ്രന്‍ വിട പറയുമ്പോള്‍ ഈ മകള്‍ക്ക് ചില ചുമതലകള്‍ നല്‍കിയാണ് പോയത്. നയനം എന്ന ചിത്രത്തിലൂടെ തന്റെ തിരിച്ചുവരവിന് തയ്യാറെടുക്കുമ്പോള്‍ മരണത്തിന് മുന്നില്‍ അദ്ദേഹം കീഴടങ്ങി. അച്ഛന്‍ പാതി വഴിയില്‍ ഉപേക്ഷിച്ചു പോയ ആ സിനിമ പൂര്‍ത്തീകരിക്കാന്‍ റാണി മുന്നിട്ടിറങ്ങി. തീയറ്ററുകള്‍ കാണാതെ പോയ ആ സിനിമ ദൂരദര്‍ശനിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. കാലത്തിന്റെ ജരാനരകള്‍ പേറുന്ന നിര്‍മ്മാണ കമ്പനി പുതുക്കി പണിയാനാണ് റാണിയുടെ ശ്രമം. 'സ്റ്റാര്‍ സിനി ആര്‍ട്‌സ്' എന്നും പിന്നീട് 'ഇനാര്‍ പ്രൊഡക്ഷന്‍സ്' എന്നും അറിയപ്പെട്ടിരുന്ന നിര്‍മ്മാണ കമ്പനി 'ഉദയ ചന്ദ്ര മൂവി മേക്കേഴ്‌സ്' എന്ന പേരില്‍ പുതുമകളോടെ അവതരിപ്പിക്കുന്നതിന് ചുക്കാന്‍ പിടിക്കുന്നത് റാണിയാണ്. അഞ്ച് വയസ്സായ മകള്‍ ഗൗരി ഉപാസനയ്ക്കും ഭര്‍ത്താവിനുമൊപ്പം തമ്മനത്തെ വില്ലയിലാണ് റാണി താമസിക്കുന്നത്. മാധ്യമ പ്രവര്‍ത്തകയുടെ റോള്‍ കൂടി റാണി ശരണ്‍ ചെയ്യുന്നുണ്ട്.


ദേവതയുടെ ശബ്ദം 
ബിബിന്‍ ബാബു 

സിനിമകളില്‍ പൈങ്കിളിയല്ലാത്ത ശബ്ദമുള്ള ചുരുക്കം ചില ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമാരുടെ ഗണത്തിലാണ് സ്റ്റുഡിയോയില്‍ എയ്ഞ്ചലിന്റെ സ്ഥാനം............ന്യൂജനറേഷന്‍ പടങ്ങളിലെ ബോള്‍ഡ് നായികാസങ്കല്‍പ്പങ്ങള്‍ക്ക് ചേര്‍ന്ന ഈ ശബ്ദം വരാനിരിക്കുന്ന 'നികൊഞാചാ'യിലാണ് ഇനി കേള്‍ക്കാനിരിക്കുന്നത് പുതിയ താരോദയമായ രോഹിണി മറിയം ഇടിക്കുളയ്ക്കുവേണ്ടി......ശേഷം 'മാഡ്ഡാഡി'ല്‍ പൂജ ഗാന്ധിക്കായി....പരസ്യവും സിനിമയുമായി തിരക്കിന്റെ ലോകത്തിലാണിപ്പോള്‍ ഈ 'ശബ്ദസുന്ദരി'..

'അച്ഛന്‍ ഇനി വരില്ലേ അമ്മേ.... ഏഴാം വയസ്സിലെ തന്റെ ആദ്യ ഡബ്ബിങ്ങ് ഡയലോഗ് ഓര്‍ത്താല്‍ എയ്ഞ്ചലിനിപ്പോഴും ചിരിപൊട്ടും. അച്ഛന്റെ കൈപിടിച്ചുനിന്ന് കിളിശബ്ദത്തില്‍ സീരിയലിനായി പറഞ്ഞ ഏതാനും വാക്കുകള്‍. പതിനാലുവര്‍ഷങ്ങള്‍ക്കിപ്പുറം രണ്ടായിരത്തോളം പരസ്യങ്ങളുടെയും ഇരുന്നൂറോളം സിനിമകളുടെയും മൈക്രോസിനിമകളുടെയും പരിചയസമ്പത്തില്‍ ചലച്ചിത്രലോകത്തെ ന്യൂജനറേഷന്‍ ശബ്ദവഴികള്‍ തേടുകയാണ് എയ്ഞ്ചല്‍ ഷിജോയിയെന്ന ഇരുപത്തൊന്നുകാരി, മാറുന്ന മലയാള സിനിമയിലെ പുതുശബ്ദം.

മമ്മി & മീ യില്‍ ടീനേജുകാരി ജുവലായി(അര്‍ച്ചന കവി), കുട്ടിസ്രാങ്കില്‍ ചവിട്ടുനാടക കളരിയിലെ സുന്ദരി പെമ്മേണയായി(കമാലിനി മുഖര്‍ജി), കേരളകഫെയിലെ ഹാപ്പിജേണിയില്‍ ബോള്‍ഡ്ബ്യൂട്ടിയായി (നിത്യ മേനോന്‍), ആഗതനില്‍ മേജറിന്റെ മകള്‍ ശ്രേയയായി(ചാര്‍മി), മായാമോഹിനിയില്‍ പട്ടേലയുടെ മകള്‍ മായയായി(ലക്ഷ്മി റായി) അടുത്തിടെ നമ്മള്‍ കേട്ടറിഞ്ഞിട്ടുണ്ട് എയ്ഞ്ചലിനെ. റണ്‍ബേബി റണ്ണില്‍ അപര്‍ണ നായര്‍ക്കും, ഗ്രാന്റ് മാസ്റ്ററില്‍ മിത്ര കുര്യനും, സ്പിരിറ്റില്‍ ഡോ.അശ്വതിക്കും എയ്ഞ്ചലിന്റെ ശബ്ദമായിരുന്നു കൂട്ട്. ഭീമയുടെയും ജോസ് ആലുക്കാസിന്റെയും ജയലക്ഷ്മിയുടെയും ഇന്ദുലേഖയുടെയും മറ്റും പരസ്യങ്ങളിലൂടെ വീട്ടിലെ സ്വീകരണമുറികളിലും സംസാരവിഷയമായിട്ടുണ്ട് ഈ 'മാലാഖ' ശബ്ദം.

ആദ്യ ഡബ്ബിങ് ആണ്‍കുട്ടിക്ക് വേണ്ടി

ഒരാണ്‍കുട്ടിക്ക് വേണ്ടി ഡബ്ബിങ് നടത്തിയാണ് താനീ രംഗത്തേക്കെത്തിയതെന്നോര്‍ക്കുമ്പോള്‍ കുസൃതിവിരിയും എയ്ഞ്ചലിന്റെ മുഖത്ത്. ഒരു സീരിയലിനായി ചെയ്ത 'അച്ഛന്‍ ഇനി വരില്ലേ അമ്മേയ്ത്ത എന്ന ആ ഒറ്റ ഡബ്ബിങ് ക്ലിക്കായി. കസിന്‍ബ്രദര്‍ വഴി ഏഴാം വയസ്സില്‍ ദക്ഷിണേന്ത്യയിലെ പരസ്യ നിര്‍മ്മാതാവായ കെന്നി ഫെര്‍ണാണ്ടസിനെ കണ്ടുമുട്ടിയതാണ് വഴിത്തിരിവായതെന്ന് ഏയ്ഞ്ചല്‍ ഓര്‍ക്കുന്നു. ഏഴാം വയസ്സിലെ ആദ്യ ഡബ്ബിങ്ങ് ഹിറ്റായതോടെ സീരിയലുകളിലും പരസ്യങ്ങളിലും ഡോക്യുമെന്ററികളിലും സ്ഥിരസാന്നിദ്ധ്യമായി. പോപ്പി, ജോണ്‍സ് കുടകളുടെ ജിംഗിള്‍സും ഈ മധുരശബ്ദത്തില്‍ പിറവികൊണ്ടു. സിനിമയിലേക്ക് രംഗപ്രവേശം ചെയ്തതും ഒരു തമിഴ് ബാലനുവേണ്ടി ഡബ്ബ് ചെയ്തായിരുന്നുവെന്നത് മറ്റൊരു കുസൃതി. ഭദ്രന്റെ വെള്ളിത്തിര എന്ന ചിത്രത്തിലൂടെ...

സിനിമയിലെ ഓരോ കഥാപാത്രത്തിനും തനതായവ്യക്തിത്വം നല്‍കുന്ന ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമാരോട് ആരാധനയാണ് ഏയ്ഞ്ചലിന്. മണിച്ചിത്രത്താഴിലെ ശോഭനയുടെ ശബ്ദമായ ഭാഗ്യലക്ഷ്മിയെ, അനിയത്തിപ്രാവില്‍ ശാലിനിക്കു ശബ്ദമായ ശ്രീജയെ, കയ്യൊപ്പില്‍ ഖുശ്ബുവിന്റെ ശബ്ദമായ വിമ്മിയെ, ചാപ്പകുരിശിലെ രമ്യ നമ്പീശന് ശബ്ദം നല്‍കിയ സുകന്യയെയൊക്കെ ഏറെ വിലമതിക്കുകയും അവര്‍ അനശ്വരമാക്കിയ കഥാപാത്രങ്ങളെപ്പോലെയുള്ള കഥാപാത്രങ്ങള്‍ പ്രതീക്ഷിക്കുകയുമാണീ 'മാലാഖ' കുട്ടി.

പരസ്യങ്ങള്‍ ഏറെയിഷ്ടം

പരസ്യങ്ങള്‍ക്ക് ഡബ്ബ് ചെയ്യാനാണ് എയ്ഞ്ചലിനേറെയിഷ്ടം. ഏതാനും മിനിറ്റുകള്‍ കൊണ്ട് കഴിയുമെന്നതു തന്നെ ഈ ഇഷ്ടത്തിനു പിന്നില്‍. ഏറിയാല്‍ ഒരു മണിക്കൂര്‍ കൊണ്ടു തീരുന്നതാണ് പരസ്യഡബ്ബിങ്ങുകള്‍..പക്ഷെ സിനിമ ചെയ്യുമ്പോള്‍ ടെന്‍ഷനാണ് എയ്ഞ്ചലിന്, കഥാപാത്രത്തിന്റെ ഐഡന്റിറ്റി സംരക്ഷിക്കേണ്ട ഏറെ ഉത്തരവാദിത്വമുള്ള പണി കൈയിലായതു തന്നെയാണ് ഈ ടെന്‍ഷന്റെ കാരണം. ഇങ്ങനെയൊക്കെയൊരു ഫോര്‍മാലിറ്റിക്കു പറയുമെങ്കിലും സിനിമയില്‍ ആറു ഭാഷകളില്‍ ഡബ്ബിങ്ങ് നടത്തിക്കഴിഞ്ഞു ഈ ശബ്ദസുന്ദരി. ശബ്ദത്തെ സ്‌ക്രാച്ചില്ലാതെ നിലനിര്‍ത്താന്‍ ഒന്നും ചെയ്യാതിരിക്കുന്ന ഒരാള്‍ താനായിരിക്കുമെന്ന് അടക്കംപറയുന്നുണ്ട് ഏയ്ഞ്ചല്‍. എല്ലാം ദൈവദാനമല്ലേ.... കൂള്‍ മൈന്‍ഡിനായി കൂള്‍ഡ്രിങ്ക്‌സ്, ഐസ്‌ക്രീം തുടങ്ങി സകലതും കഴിക്കും. താനൊരു വായാടിയായിപ്പോയതില്‍ തെല്ലൊന്നുമല്ല പലരുടെയും ചീത്തവിളി കിട്ടുന്നത്, സാധാരണ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമാര്‍ ലോ പിച്ചില്‍ മാത്രമേ സംസാരിക്കാന്‍ പാടുള്ളൂവെന്നാണ് സ്റ്റുഡിയോ ചട്ടമെങ്കിലും ഹൈ പിച്ച് സംസാരത്തിന്റെ തോഴിയുമാണ് എയ്ഞ്ചല്‍.
എല്ലാ നടിമാരും അവരവരുടെ ശബ്ദത്തില്‍ തന്നെ ഡബ്ബ് ചെയ്തു കാണാനിഷ്ടപ്പെടുന്നൊരാള്‍കൂടിയാണ് ഏയ്ഞ്ചല്‍...ഓരോരുത്തര്‍ക്കും വ്യത്യസ്തമായ ശബ്ദവും സ്‌റ്റൈലുമുണ്ടല്ലോ....ഇപ്പോള്‍ അന്യഭാഷാനടിമാരെ കാസ്റ്റ് ചെയ്യുന്ന ട്രെന്‍ഡ് തന്നെ പ്പോലുള്ള ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാരെ കുറച്ചൊന്നുമല്ല തുണയ്ക്കുന്നതെന്നാണ് എയ്ഞ്ചലിന്റെ പക്ഷം. 

കോളേജില്‍ കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍

സിനിമയില്‍ തിരക്കേറുന്നുണ്ടെങ്കിലും സേക്രഡ് ഹാര്‍ട്ട് കോളേജിലെ കമ്മ്യൂണിക്കേഷന്‍ വിഭാഗം കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ കൂടിയാണ് പാലാരിവട്ടം ജോയി-സലോമി ദമ്പതിമാരുടെ ഒറ്റമകളായ എയ്ഞ്ചല്‍. സെന്റ് തെരേസാസിലെ ഡിഗ്രിവരെയുള്ള പഠനശേഷം കേരള പ്രസ് അക്കാദമിയില്‍ നിന്നും പബ്ലിക് റിലേഷന്‍ ഡിപ്ലോമയും കൈക്കലാക്കിക്കഴിഞ്ഞു ഈ ശബ്ദസൗകുമാര്യം. മുന്‍ നിര ഫിലിം എഡിറ്ററായ ഭര്‍ത്താവ് കിഷോര്‍ കാഞ്ഞിരപ്പള്ളിക്കൊപ്പം ചക്കരപറമ്പിലാണ് സിനിമകളിലെ ശബ്ദസാന്നിദ്ധ്യമായ എയ്ഞ്ചലിന്റെ താമസം.



മലാല താലിബാന്‍ കാലത്തെ ആന്‍ ഫ്രാങ്ക്‌ 
ഒ.രാധിക 

നാസി ഭീകരത ലോകത്തോട് വിളിച്ചുപറഞ്ഞ ആന്‍ ഫ്രാങ്ക് എന്ന പെണ്‍കുട്ടിയെപ്പോലെ സ്വതന്ത്രജീവിതം വഴിമുട്ടിയപ്പോഴാണ് മലാല എന്ന പാകിസ്താന്‍ പെണ്‍കുട്ടിയും ഡയറിയെഴുതാന്‍ തുടങ്ങിയത്. നാസി വേട്ടക്കിടെ ജീവന്‍ കൈയിലെടുത്ത് ഒളിയിടങ്ങളില്‍ അജ്ഞാതവാസത്തിന് വിധിക്കപ്പെട്ട ആനിന് കൂട്ടുകൂടാനോ പങ്കുവെക്കാനോ ആരുമില്ലാത്തതുകൊണ്ടായിരുന്നു കിറ്റിയെന്ന ഓമനപ്പേരില്‍ ഡയറി എഴുതിയത്. എന്നാല്‍ മലാലയ്ക്ക് തീവ്രവാദവും യുദ്ധവും നരകമാക്കിയ പാക്കിസ്താന്‍ മണ്ണില്‍നിന്ന് തന്റെ ജീവിതം പറയാന്‍ ഇന്റര്‍നെറ്റ് കൂട്ടുണ്ടായിരുന്നു. അവള്‍ക്ക് ബ്ലോഗ്‌വഴി പുറംലോകത്തോട് പറയാനായി. ഏത് നിമിഷവും ഒരു വെടിയുണ്ടയോ ബോംബോ മറ്റേതെങ്കിലും ആയുധമോ ജീവനെടുക്കുമെന്ന് അറിഞ്ഞാണ് കളിപ്രായത്തില്‍ പതിനൊന്നാം വയസ്സില്‍ മലാല തീക്കളി തുടങ്ങിയത്.

സൈനിക ഹെലികോപ്റ്ററും താലിബാനും തന്റെ ഉറക്കം കെടുത്തിയ പേടി സ്വപ്നമാണ് 2009 ജനവരി മൂന്നിന് മലാല ഡയറിയില്‍ പങ്കുവെക്കുന്നത്. വഴിയിലൂടെ പോവുമ്പോള്‍ മറ്റാരോടോ ഫോണിലൂടെ നടത്തുന്ന കൊലവിളിപോലും അവളെ നടുക്കി. മറ്റെന്തിനേക്കാളും പെണ്‍കുട്ടികള്‍ക്ക് പഠിക്കാനേര്‍പ്പെടുത്തിയ നിരോധനമാണ് ഈ കൊച്ചുകുട്ടിയെ അപകടകരമായ വഴിയിലേക്ക് നയിച്ചത്. യൂണിഫോമില്ലാതെ സ്‌കൂളില്‍ ചെല്ലണമെന്ന് പ്രിന്‍സിപ്പല്‍ പറയുമ്പോള്‍ ഏറ്റവും ഇഷ്ടപ്പെട്ട പിങ്ക് നിറമണിഞ്ഞ് അവള്‍ സ്‌കൂളിലെത്തുന്നു. പക്ഷേ, അസംബ്ലിയില്‍ കളര്‍ വസ്ത്രത്തിന് പകരം അവരെ അധ്യാപകര്‍ നിറം മങ്ങിയ ഉടുപ്പുകളിടുവിച്ചു. താലിബാന്റെ കണ്ണില്‍ പെടാതിരിക്കാന്‍ ഒരു ദിവസം ഏറെ സങ്കടത്തോടെ അവള്‍ കുറിച്ചു: 'ഇനിയൊരിക്കലും' തനിക്ക് സ്‌കൂളില്‍ പോകാനാവില്ലെന്ന് അവധിപ്രഖ്യാപിച്ച പ്രിന്‍സിപ്പല്‍ സ്‌കൂള്‍ വീണ്ടും തുറക്കുന്ന കാര്യം പറഞ്ഞിരുന്നില്ല. കള്ളപ്പേരില്‍ മലാല ബി.ബി.സി.യില്‍ തന്റെ ജീവിതം എഴുതിക്കൊണ്ടിരുന്നു. ലോകത്ത് ഏറ്റവും സുന്ദരമായ പ്രകൃതിയില്‍ ജീവിതം ദുസ്സഹമാക്കുന്ന കാടന്‍ നിയമങ്ങളും ബോംബും തോക്കും വിറപ്പിക്കുന്ന രാപകലുകളും ആ കൗമാരക്കാരി പങ്കുവെച്ചു. ബ്ലോഗെഴുതാന്‍ അച്ഛനായിരുന്നു അവള്‍ക്ക് വഴികാട്ടി. ഒരു സ്‌കൂള്‍ ഉടമസ്ഥനായ അച്ഛന് താലിബാന്റെ വധഭീഷണിയുണ്ടായിരുന്നു. പെണ്‍പള്ളിക്കൂടങ്ങള്‍ താലിബാന്‍ കൂട്ടത്തോടെ ബോംബിട്ട് തകര്‍ത്തു. 2008-ല്‍ മാത്രം ഇവിടെ 150 സ്‌കൂളുകള്‍ അവര്‍ തകര്‍ത്തു.


വടക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ മിങ്കോറയാണ് അവളുടെ നാട്. സ്വര്‍ഗംപോലെ സൗന്ദര്യം കവിഞ്ഞൊഴുകുന്ന സ്വാത് താഴ്‌വരയില്‍ പക്ഷേ, അവര്‍ക്കില്ലാത്തത് സമാധാനം മാത്രം. കാട്ടുയുഗത്തിലേക്ക് ജീവിതം തിരിച്ചുവിട്ട താലിബാന്‍ തിട്ടൂരങ്ങളില്‍ എപ്പോഴും സ്ത്രീകളും പെണ്‍കുട്ടികളും ഇരകള്‍ മാത്രം. താലിബാന്‍ ആദ്യം നിരോധിച്ചത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും ജോലിയും മാര്‍ക്കറ്റില്‍ പോകലുമാണ്. ഇന്ന് അത്യാവശ്യത്തിന് പുറത്തിറങ്ങണമെങ്കില്‍ താലിബാന്‍ പറയുന്ന പോലത്തെ ബുര്‍ഖ തന്നെ ധരിക്കണം.
2009-ല്‍ സ്വാതില്‍ നിന്ന് സൈന്യം താലിബാനെ തുരത്തിയപ്പോഴാണ് മലാല സ്വന്തം പേരില്‍ പ്രത്യക്ഷപ്പെട്ടത്. ടെലിവിഷനില്‍ ശക്തമായി പെണ്‍വിദ്യാഭ്യാസത്തിനുവേണ്ടി വാദിച്ചു. 2011-ല്‍ കുട്ടികളുടെ അന്താരാഷ്ട്ര സമാധാന പുരസ്‌കാരത്തിന് അവള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടു. കഴിഞ്ഞവര്‍ഷം പാകിസ്താന്‍ ദേശീയ സമാധാന പുരസ്‌കാരത്തിന് മലാല പുരസ്‌കാരമെന്ന് പുനര്‍നാമകരണം ചെയ്തു. ഇങ്ങനെ ദേശീയ- അന്താരാഷ്ട്ര തലത്തില്‍ തിളങ്ങിനില്‍ക്കുമ്പോഴാണ് മലാലയെ സ്‌കൂള്‍ വാനില്‍നിന്ന് പിടിച്ചിറക്കി വെടിവെച്ചത്. അതോടെ രാജ്യവും ലോകവും ഒന്നാകെ അവളുടെ ജീവനുവേണ്ടി പ്രാര്‍ഥനയിലാണ്. രക്ഷപ്പെട്ടുവന്നാല്‍ കൊല്ലുമെന്ന് താലിബാന്‍ വീണ്ടും തീട്ടൂരം പുറപ്പെടുവിച്ചതിനാല്‍ ലോകം ആശങ്കയിലാണ്.





Wednesday, 21 November 2012

കൊലക്കേസിൽ മണി രണ്ടാം പ്രതി

Posted on: Wednesday, 21 November 2012


കോട്ടയം: അ‌ഞ്ചേരി ബേബി വധക്കേസിൽ മൂന്ന് സി.പി.എം നേതാക്കളെയാണ് ഇപ്പോൾ പ്രതി ചേർത്തിരിക്കുന്നത്. പാന്പുപാറ കുട്ടനാണ് ഒന്നാം പ്രതി. എം.എം മണി രണ്ടാം പ്രതിയും ഒ.ജി മദനൻ മൂന്നാം പ്രതിയുമാണ്. കൊലപാതകത്തിന് ഗൂഢാലോചന നടത്തുക, കൊലപാതകം നടക്കുമെന്നറിഞ്ഞിട്ടും തടയാതിരിക്കുക എന്നീകുറ്റങ്ങളാണ് മണിക്കെതിരെ ചുമത്തിയിരിക്കുന്നത്.

പ്രമുഖ നേതാക്കൾ ഇനിയും കുടുങ്ങുമെന്നാണ് പൊലീസ് നൽകുന്ന സൂചന. മറ്റ് രണ്ട് പ്രതികളെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും കണ്ടെത്താനായില്ല എന്നാണ് അന്വേഷണ സംഘം കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞത്. അഞ്ചേരി ബേബി വധക്കേസിൽ മുൻപ് ഒൻപത് പേരെയാണ് പൊലീസ് പിടികൂടിയിരുന്നത്. ഈ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് 1986ൽ തൊടുപുഴ സെഷൻസ് കോടതി വെറുതെ വിടുകയായിരുന്നു. പിന്നീട് എം.എം മണി തൊടുപുള മണക്കാട്ട് നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിലാണ് കേസ് പുനരന്വേഷിച്ചത്. അന്ന് കേസിൽ പ്രതി ചേർക്കപ്പെട്ട മോഹൻദാസ് നൽകിയ മൊഴിയാണ് ഇപ്പോഴത്തെ അറസ്റ്റിന് വഴി മരുന്നിട്ടത്. സി.പി.എം നേതാക്കളുടെ അറിവോ‌ടെയാണ് ബേബിയെ വെടിവച്ച് കൊന്നതെന്നാണ് മോഹൻദാസ് പുതിയ അന്വേഷണ സംഘത്തിന് മൊഴിനൽകിയത്. ഗൂഡാലോചന നടത്തിയത് സി.പി.എം രാജാക്കാട് ഏരിയ കമ്മറ്റി ഓഫീസിൽ വച്ചാണ് എന്നും മോഹൻദാസ് മൊഴി നൽകി. കൊലപാതകത്തിന് ശേഷം തോക്ക് പൊലീസ് കണ്ടെത്തിയത് ഏരിയ കമ്മറ്റി ഓഫീസിൽ നിന്നായിരുന്നു. പാർട്ടി വിട്ട മോഹൻദാസ് പിന്നീട് ബി.എം.എസിൽ ചേരുകയായിരുന്നു. 

എം.എം.മണിയെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു
Posted on: Wednesday, 21 November 2012


ഇടുക്കി: മാസങ്ങൾ നീണ്ട വിവാദങ്ങൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിൽ, അഞ്ചേരി ബേബി വധക്കേസിൽ സി.പി.എം. മുൻ ജില്ലാസെക്രട്ടറി എം.എം മണിയെ ഇന്ന് പുലർച്ചെ പൊലീസ് അറസ്റ്റു ചെയ്‌തു. രാവിലെ 5.50ന് രണ്ട് വാനിലെത്തിയ പൊലീസ് സംഘം വീട് വളഞ്ഞ് മണിയെ പിടികൂടുകയായിരുന്നു. ഇടുക്കിയിലെ പല രാഷ്ട്രീയ കൊലപാതകങ്ങൾക്കും സി.പി.എം നേതൃത്വം നൽകിയിട്ടുണ്ടെന്ന് മണക്കാട്ട് നടത്തിയ പ്രസംഗത്തിൽ മണി വെളിപ്പെടുത്തിയതാണ് അറസ്റ്റിലെത്തിച്ചത്.
അഞ്ചേരി ബേബി വധക്കേസിൽ നുണപരിശോധനയ്‌ക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം മണിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇതിന് തയാറല്ലെന്ന് കാണിച്ച് മണി മറുപടി നൽകുകയും ചെയ്‌തു. ഇതിനു ശേഷം ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം തിടുക്കത്തിൽ അറസ്റ്റിനു തയാറായതെന്നാണ് വിവരം.
ഇന്നലെ രാത്രി കോട്ടയത്തു നിന്നാണ് പ്രത്യേക പൊലീസ് സംഘം എത്തിയത്. പുലർച്ചെവരെ കുമളിയിൽ ചെലവിട്ടശേഷം പൊലീസ് കുഞ്ചിത്തണ്ണിയിലേക്ക് നീങ്ങുകയായിരുന്നു. വീടുവളഞ്ഞ പൊലീസ് വാതിലിൽ തട്ടിവിളിച്ചാണ് മണിയെ പുറത്ത് ഇറക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ടോയ്‌ലറ്റിൽ പോകാനും വസ്ത്രം മാറാനും അനുവദിക്കണമെന്ന അഭ്യർഥന പോലും പൊലീസ് സംഘം അനുവദിച്ചില്ല. അന്വേഷണ സംഘത്തിലെ അംഗങ്ങളായ ഡി.വൈ.എസ്. പിമാരായ ആന്റണി, സുനിൽ , മാത്യു, സജി എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് കുഞ്ചിത്തണ്ണിയിലെ വീട്ടിൽ എത്തിയത്. മണിയുടെ പേരക്കിടാവും മകളുമാണ് അറസ്റ്റ് ചെയ്‌ത സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്.
മണിയെ അറസ്റ്റു ചെയ്തത് നിയമപ്രകാരം: തിരുവഞ്ചൂർതിരുവനന്തപുരം: എം.എം.മണിയെ പൊലീസ് അറസ്‌റ്റു ചെയ്തത് നിയമവിധേയമായാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. മണിയെ അറസ്റ്റു ചെയ്യുന്നതിന് അന്വേഷണസംഘത്തിന്‌ അധികാരമുണ്ട്. അറസ്റ്റിന്റെ സമയവും  മറ്റും തീരുമാനിക്കുന്നത് ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.  


ജയിലുകളില്‍ തടവുകാരുടെ മേല്‍ക്കൈ; ലാത്തിപോലുമില്ലാതെ ജീവനക്കാര്‍

Published on  21 Nov 2012
കണ്ണൂര്‍: സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷാപാളിച്ചകള്‍ തുറന്നുകാട്ടുന്നതായി കാസര്‍കോട് സബ് ജയിലില്‍ ജയില്‍ ജീവനക്കാരനെ ആക്രമിച്ച ശേഷം നാലു തടവുകാര്‍ രക്ഷപ്പെട്ട സംഭവം. തടവുകാര്‍ ജയിലിനുള്ളില്‍നിന്ന് എന്തെങ്കിലും ആയുധം കൈക്കലാക്കി സംഘടിച്ചാല്‍ ജീവനക്കാര്‍ നിസ്സഹായരായിപ്പോകുന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ലാത്തിയും തോക്കും ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുന്നുണ്ടെങ്കിലും ജീവനക്കാര്‍ക്ക് ഇവ നല്‍കിയിട്ടില്ല. ജീവനക്കാരുടെ എണ്ണവും കുറവാണ്. ശരാശരി 20 തടവുകാര്‍ക്ക് ഒരു ജീനക്കാരന്‍ പോലുമില്ലാത്ത സ്ഥിതിയാണ്.

തടവുകാര്‍ ജയില്‍ അടുക്കളയില്‍നിന്ന് കത്തിയും മറ്റും കൈക്കലാക്കി ആക്രമണം നടത്താന്‍ സാധ്യതയേറെയാണ്. ഇവരെ നേരിടാന്‍ ഒരു കൈവിലങ്ങുപോലുമില്ലാത്ത അവസ്ഥയിലാണ് ജീവനക്കാര്‍. സെന്‍ട്രല്‍ ജയിലുകളിലും ജില്ലാ ജയിലുകളിലും തോക്കും ലാത്തിയുമുണ്ടെങ്കിലും അറകളില്‍ പൂട്ടിവെച്ചിരിക്കുകയാണ്. 303 റൈഫിള്‍, 410 ബോര്‍ മസ്‌കറ്റ് തോക്കുകളാണിതില്‍ ഉള്‍പ്പെടുന്നത്. തോക്കുകളിലുപയോഗിക്കാന്‍ വെടിക്കോപ്പുമില്ല. കാലപ്പഴക്കം കാരണം പലതും ഉപയോഗയോഗ്യവുമല്ല. സബ് ജയിലുകളിലും സ്‌പെഷല്‍ സബ് ജയിലുകളിലും ഉണ്ടായിരുന്നവ പരിശീലനത്തിന് ഉപയോഗിക്കാന്‍ സീക്ക പരിശീലനകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. സെന്‍ട്രല്‍ ജയിലുകളില്‍ ഗേറ്റ് കാവലിന് സായുധ പോലീസുണ്ടെന്ന് ആശ്വസിക്കാം. സബ് ജയിലുകളിലും മറ്റും അതുമില്ല.

ആറു തടവുകാര്‍ക്ക് ഒരു ജീവനക്കാരന്‍വീതം വേണമെന്നാണ് ജയില്‍ പരിഷ്‌കരണത്തിനുള്ള ഉദയഭാനു കമ്മിറ്റി ഉള്‍പ്പെടെ ശുപാര്‍ശ ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ ജയിലുകളില്‍ നിലവില്‍ 7400 തടവുകാരുണ്ട്. ജീവനക്കാര്‍ 1200-ല്‍ താഴെ മാത്രം. ഇത്രയും പേരെ മൂന്ന് ഷിഫ്റ്റ് ഡ്യൂട്ടിക്ക് നിയോഗിച്ചാല്‍മാത്രം ഫലത്തില്‍ 18 തടവുകാര്‍ക്ക് ഒരു ജീവനക്കാരനാണുണ്ടാവുക. ആധുനികീകരണത്തിന്റെ ഭാഗമായി നിരീക്ഷണ ക്യാമറ സംവിധാനം, ടെലി മെഡിസിന്‍, കോയിന്‍ ബോക്‌സ് ഫോണ്‍, കോടതികളുമായി ബന്ധിപ്പിച്ച് വീഡിയോ കോണ്‍ഫറന്‍സിങ്, ചപ്പാത്തി നിര്‍മാണം തുടങ്ങി നിരവധി പുതിയ പദ്ധതികള്‍ വന്നു. ഇതിനൊന്നും അധിക തസ്തിക അനുവദിച്ചിട്ടില്ലാത്തതിനാല്‍ ഉള്ള ജീവനക്കാരില്‍നിന്ന് ആളെ കണ്ടെത്തേണ്ടിവരികയാണ്.

ജയില്‍വകുപ്പില്‍ ഡ്രൈവര്‍ തസ്തികയും വിരലിലെണ്ണാന്‍ മാത്രമാണ്. അതിനാല്‍, ഡ്രൈവര്‍ ഡ്യൂട്ടിക്കും വാര്‍ഡര്‍മാരെ നിയോഗിക്കണം. ഒമ്പത് വാഹനങ്ങളുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരു ഡ്രൈവര്‍ തസ്തിക പോലുമില്ല. വാര്‍ഡര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ കണ്ണൂരിലും തൃശ്ശൂരിലും സീക്ക മേഖലാ കേന്ദ്രങ്ങള്‍ തുടങ്ങിയെങ്കിലും തസ്തികകളൊന്നും അനുവദിച്ചിട്ടില്ല. ജയിലുകളിലെ മിനിസ്റ്റീരിയല്‍ ജോലിയും വാര്‍ഡര്‍മാരാണ് ചെയ്യുന്നത്. ഇതെല്ലാം കഴിഞ്ഞ് ഫലത്തില്‍ 20 തടവുകാരെ നിയന്ത്രിക്കാന്‍ ഒരു വാര്‍ഡര്‍ പോലുമില്ലാത്ത സ്ഥിതിയാണ്. കാസര്‍കോട് സബ് ജയിലില്‍ ചൊവ്വാഴ്ച 57 തടവുകാരാണുണ്ടായിരുന്നത്. ഒരു താത്കാലിക വാര്‍ഡര്‍ ഉള്‍പ്പെടെ നാലു ജീവനക്കാരും.

മുഖ്യമന്ത്രി ഇടപെട്ടു; പ്രിയ സര്‍ക്കാര്‍ ജീവനക്കാരിയായി

Published on  21 Nov 2012
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ട് ഇടപെട്ട് ചുവപ്പുനാടയുടെ കുരുക്കഴിച്ചതോടെ പ്രിയ സര്‍ക്കാര്‍ ജീവനക്കാരിയായി. സാമൂഹ്യ പ്രവര്‍ത്തകയും വികലാംഗയുമായ പ്രിയാരാമകൃഷ്ണന് സര്‍ക്കാര്‍ ജോലി നല്‍കിക്കൊണ്ട് ഉത്തരവിറങ്ങി. ആറുമാസത്തിലേറെയായിട്ടും സര്‍വീസില്‍ പ്രവേശിപ്പിക്കാതെ അധികൃതര്‍ നടത്തിക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി 'മാതൃഭൂമി' പ്രസിദ്ധീകരിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടാണ് മുഖ്യമന്ത്രി ഇടപെട്ടത്.

ഇതോടെ ഒറ്റദിവസം കൊണ്ടുതന്നെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി. വൈകീട്ട് നാലരയോടെ പ്രിയ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡില്‍ ക്ലര്‍ക്ക്-കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ പ്രവേശിക്കുകയും ചെയ്തു. ഇതേ തസ്തികയില്‍ ഡെപ്യൂട്ടേഷനിലുണ്ടായിരുന്ന ജീവനക്കാരിലൊരാളെ അടിയന്തരമായി മാതൃവകുപ്പിലേക്ക് മാറ്റിക്കൊണ്ടാണ് പ്രിയയെ നിയമിച്ചത്.

മികച്ച സാമൂഹ്യ പ്രവര്‍ത്തകയ്ക്കുള്ള ദേശീയ യുവജന അവാര്‍ഡ് ഉള്‍പ്പെടെ നേടിയിട്ടുള്ള പ്രിയ വൈകല്യങ്ങളെ മറന്ന് സാമൂഹ്യ സേവന രംഗത്ത് സജീവമാണ്. കുട്ടിക്കാലത്ത് ബസ്സില്‍ നിന്ന് വീണ് പരിക്കുപറ്റിയതോടെയാണ് പ്രിയയുടെ ജീവിതം ദുരിതത്തിലായത്. നട്ടെല്ലിന് പരിക്കുപറ്റി തല അനക്കാനാകാത്ത അവസ്ഥയിലായിട്ടും സാക്ഷരത, തുടര്‍ വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം തുടങ്ങി പ്രവര്‍ത്തന മേഖലകളില്‍ ഇവര്‍ സാഹസികതയോടെ വ്യാപൃതയായി. ജനസമ്പര്‍ക്ക പരിപാടിക്കിടെ ഇവരുടെ അവസ്ഥനേരിട്ട് കണ്ട് ബോധ്യപ്പെട്ടതോടെയാണ് മുഖ്യമന്ത്രി ഇവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചത്. ഉത്തരവിറങ്ങിയെങ്കിലും തസ്തിക ഒഴിവില്ല എന്ന കാരണം പറഞ്ഞ് അധികൃതര്‍ ഇത്രനാളും ഇവരെ നടത്തിക്കുകയായിരുന്നു.
ഈപ്പച്ചന്‍ ഒരേക്കറില്‍ തനിച്ചാണ്‌...
Text Size:   
ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ ആരെന്ന ചോദ്യത്തിന്‌ മുകേഷ്‌ അംബാനിയെന്ന ഉത്തരം ഏത്‌ മലയാളിയുടെയും പക്കലുണ്ടാവും. എന്നാല്‍ സമ്പന്നന്‍ എന്ന സ്‌ഥാനത്ത്‌ കൃഷിക്കാരനെന്നായാല്‍ ഏത്‌ മലയാളിയും ഒന്ന്‌ നെറ്റി ചുളിക്കും. ഇങ്ങനെ കൃഷിയോടും കാര്‍ഷിക സംസ്‌കാരത്തോടും അകന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന കേരളീയരില്‍നിന്ന്‌ വേറിട്ടു നില്‍ക്കുകയാണ്‌ പൊന്‍കുന്നം ചെറുവള്ളി മടിയത്തേല്‍ ഈപ്പച്ചന്‍. അന്യസംസ്‌ഥാനങ്ങളില്‍നിന്നുള്ള അരിയുടെയും പച്ചക്കറിയുടെയും വരവ്‌ ഒരു ദിവസത്തേക്കു നിലച്ചാല്‍ പട്ടിണി കിടക്കേണ്ടിവരുന്ന, കാര്‍ഷിക വൃത്തിയെ രണ്ടാം തരം ജോലിയായി കാണുന്ന മലയാളിക്ക്‌ മാതൃകയും വഴികാട്ടിയുമാകുകയാണ്‌ ഈ 73 കാരന്‍.

59 വര്‍ഷമായി കൃഷി ഈപ്പച്ചന്‌ ദിനചര്യയാണ്‌. 36 വര്‍ഷം മുന്‍പ്‌ ഒരു കണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടിട്ടും കൃഷിയോടുള്ള അഭിനിവേശത്തിന്‌ ഒട്ടുംതന്നെ കുറവുണ്ടായില്ല. ജീവിതത്തിന്റെ സായാഹ്നത്തിലാണെങ്കിലും ഒരേക്കര്‍ സ്‌ഥലം കൃഷിയാല്‍ സമ്പന്നമാക്കാന്‍ ഈപ്പച്ചന്‌ കഴിയുന്നുയെന്നത്‌ വിസ്‌മയവും കൗതുകവുമാണ്‌, മറ്റാരുടെയും സഹായമില്ലാതെ എന്നുകൂടിയറിയുമ്പോള്‍.

പച്ചക്കറിക്കൃഷിയുടെ ഒരു നീണ്ടനിര തന്നെ ഈപ്പച്ചന്‌ പറയാനുണ്ട്‌. വാഴ, ചേന, വഴുതന, പയര്‍, ചതുരപ്പയര്‍, സൊയാബീന്‍, കത്രിക്ക, കോവയ്‌ക്ക എന്നിങ്ങനെ നീണ്ടുപോകുന്നു ആ പട്ടിക. ഇവ കൂടാതെ ഇഞ്ചി, സ്വയം ബഡ്‌ ചെയ്‌തെടുത്ത ജാതിത്തൈകള്‍, വിഷചികിത്സയ്‌ക്ക് ഉപയോഗിക്കുന്ന അണലി പ്രവേഗം തുടങ്ങിയവയും അദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ സ്‌ഥാനം പിടിച്ചിട്ടുണ്ട്‌. മഴക്കാലത്തിനു ശേഷമാണു സാധാരണയായി കൃഷിയിറക്കുന്നത്‌. രാവിലെ ഏഴുമണി മുതല്‍ 11 മണി വരെയുള്ള സമയങ്ങളിലാണ്‌ ഈപ്പച്ചന്‍ കൃഷിയിടത്തില്‍ പണിക്കിറങ്ങുക.

ജൈവ കൃഷിയോടാണ്‌ ഈപ്പച്ചനു കൂടുതല്‍ താല്‍പര്യം. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിലേ രാസവളങ്ങളെ ആശ്രയിക്കാറുള്ളു. വേപ്പിന്‍പിണ്ണാക്കും യൂറിയയും ചാണകത്തില്‍ കലക്കി തളിക്കുക, ഗോമൂത്രം വെള്ളത്തില്‍ ചേര്‍ത്ത്‌ തളിക്കുക തുടങ്ങിയവ കീടങ്ങളെ തുരത്താനുള്ള ഈപ്പച്ചന്റെ ജൈവകൃഷിയിലെ ചില രീതികളാണ്‌.

പച്ചക്കറിത്തോട്ടത്തില്‍ ജമന്തിപ്പൂക്കളൂം ഈപ്പച്ചന്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്‌. ജമന്തിപ്പൂക്കളുടെ മണം വിളകളെ കീടങ്ങളില്‍നിന്ന്‌ അകറ്റിനിര്‍ത്തുകയും പൂക്കള്‍ വില്‍ക്കുമ്പോള്‍ സാമ്പത്തികനേട്ടം ലഭിക്കുന്നതായും ഈ കൃഷിക്കാരന്‍ പറയുന്നു. ഗാര്‍ഡന്‍ നെറ്റ്‌ രീതിയുള്‍പ്പെടെയുള്ള പുതിയ രീതികള്‍ കൃഷിവകുപ്പിന്റെ സഹായത്തോടെ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ്‌ ഈപ്പച്ചന്‍. തന്റെ കൃഷിയില്‍ കൃഷി വകുപ്പിന്റെ സഹകരണം എടുത്തുപറയേണ്ടയൊന്നാണെന്നാണ്‌ ഈപ്പച്ചന്‍ കരുതുന്നത്‌. കൃഷി വകുപ്പ്‌ നടത്തുന്ന പഠനക്ലാസുകളിലെല്ലാം സ്‌ഥിരം സാന്നിധ്യമാണ്‌ അദ്ദേഹം. യൂറിയ, വേപ്പിന്‍ പിണ്ണാക്ക്‌, സെറാമില്‍ തുടങ്ങിയവ എല്ലാ കൊല്ലങ്ങളിലും ഈപ്പച്ചന്‌ കൃഷിവകുപ്പില്‍നിന്നു ലഭിക്കാറുണ്ട്‌.

ചെറുവള്ളി കാവുംഭാഗത്തുള്ള പലവ്യഞ്‌ജന കടകളില്‍ തന്നെയാണ്‌ ഈപ്പച്ചന്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത്‌. വിപണി വിലയോടടുത്ത വില തന്നെ ലഭിക്കുന്നുണ്ടന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കൃഷി എക്കാലത്തും ലാഭം മാത്രമേ സമ്മാനിച്ചിട്ടുള്ളൂയെന്നു ഈപ്പച്ചന്‍ ഓര്‍ക്കുന്നു. 2011-ല്‍ പഞ്ചായത്ത്‌ അടിസ്‌ഥാനത്തില്‍ മികച്ച കര്‍ഷകനുള്ള കൃഷി വകുപ്പിന്റെ പൊന്നാടയും ചിറക്കടവ്‌, പൊന്‍കുന്നം മാര്‍ക്കറ്റ്‌ സൊസൈറ്റികളുടെ അവാര്‍ഡും ഈപ്പച്ചന്റെ കൃഷി വൈദഗ്‌ധ്യത്തിനു ലഭിച്ച അംഗീകാരങ്ങളാണ്‌. ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ കൃഷിയില്‍നിന്നു പിന്തിരിയാന്‍ നിര്‍ബന്ധിക്കുന്നുണ്ടങ്കിലും ആരോഗ്യം അനുവദിക്കുവോളം മണ്ണില്‍ ചവിട്ടി നടക്കണമെന്നാണ്‌ ഈപ്പച്ചന്റെ ആഗ്രഹം.
മരിച്ചാല്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും?‍
Text Size:   
മരിച്ച ഭര്‍ത്താവ്‌ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന്‌ കരുതി ഭാര്യ മൂന്ന്‌ വര്‍ഷം കാത്തിരുന്നു, അദ്ദേഹത്തിന്റെ മൃതദേഹവുമായി! മധ്യ റഷ്യയിലെ യാരോസ്ലാവല്‍ പ്രദേശത്താണ്‌ സംഭവം നടന്നത്‌. പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ സംഭവം വെളിച്ചത്താവുന്നത്‌. 2009 ഓഗസ്‌റ്റ് 14 മുതല്‍ 2012 ജൂലൈ രണ്ട്‌ വരെയാണ്‌ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന്‌ കരുതി മൃതദേഹം കാത്തു സൂക്ഷിച്ചത്‌.

ഭര്‍ത്താവ്‌ തിരികെയെത്തുമെന്ന ഉറച്ച വിശ്വാസമായിരുന്നു റഷ്യന്‍ വനിതയ്‌ക്കുണ്ടായിരുന്നത്‌. അതിനാല്‍ അദ്ദേഹത്തിന്റെ മരണ ശേഷം മൃതദേഹം വീട്ടിലെ ഒരു മുറിയില്‍ സൂക്ഷിച്ചു. പിതാവിനെ ദിവസവും സന്ദര്‍ശിക്കണമെന്നും താന്‍ തയാറാക്കുന്ന സൂപ്പ്‌ കുടിപ്പിക്കണമെന്നും ഇവര്‍ തന്റെ അഞ്ച്‌ മക്കള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. താന്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മുറിയില്‍ കടന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ വൈകുമെന്നായിരുന്നു പാവം ഭാര്യയുടെ വിശ്വാസം.

ഇവരുടെ മനോനില തകരാറിലാണെന്ന്‌ അന്വേഷണ സംഘത്തിന്‌ വ്യക്‌തമായിട്ടുണ്ട്‌. അമ്മയുടെ സമാധാനത്തിനു വേണ്ടി മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മുറിയില്‍ പോയി വരുന്ന മക്കള്‍ പിതാവ്‌ തങ്ങളോട്‌ സംസാരിച്ചുവെന്നും ഭക്ഷണം കഴിച്ചുവെന്നും പറയുന്നത്‌ പതിവായിരുന്നു. പിതാവിന്റെ മൃതദേഹം ചീഞ്ഞു തുടങ്ങിയപ്പോള്‍ റൂം ഫ്രഷ്‌നര്‍ ഉപയോഗിച്ചാണ്‌ അവര്‍ ആ ഘട്ടം തരണം ചെയ്‌തത്‌. പിന്നീട്‌ വീട്‌ മാറുന്ന സമയത്താണ്‌ അവര്‍ പിതാവിന്റെ മൃതദേഹം അമ്മ കാണാതെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്‌. മൃതദേഹം ഒരു പ്ലാസ്‌റ്റിക്‌ കവറിലാക്കി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. എന്നാല്‍, തലയും ഒരു കൈയും വേര്‍പെട്ടു പോയതിനാല്‍ അവ ചവറു കൂനയില്‍ കളയുായായിരുന്നു എന്നും കുട്ടികള്‍ പറഞ്ഞു. 
ഓടിക്കൊണ്ടിരുന്ന ബസിന്റെ ഡോറിളകി ബൈക്ക്‌ യാത്രികന്റെ തലയില്‍ വീണു
Text Size:   
ആലപ്പുഴ: ഓടുന്നതിനിടെ സ്വകാര്യബസിന്റെ ഒരു ഡോര്‍ ഇളകി അതുവഴി പോയ ബെക്ക്‌ യാത്രികന്റെ തലയില്‍ വീണു. യാത്രികന്‍ ബൈക്കില്‍ നിന്ന്‌ താഴെ വീണെങ്കിലും ബൈക്ക്‌ നൂറു മീറ്ററോളം ഓടിയ ശേഷമാണ്‌ ഇടിച്ചു നിന്നത്‌. യാത്രക്കാരന്‌ കാര്യമായ പരുക്കില്ല.