Thursday, 7 February 2013

ഹോട്ടലുകാര്‍ വിളമ്പുന്നതില്‍ ചത്ത കോഴികളും

mangalam malayalam online newspaperതിരുവനന്തപുരം: സംസ്‌ഥാനത്തെ ചില ഹോട്ടലുകളില്‍ മൊത്തവിതരണക്കാര്‍ ചത്തകോഴികളെ വില്‍പ്പന നടത്തുന്നതായി അനേ്വഷണത്തില്‍ വ്യക്‌തമായി.
തമിഴ്‌നാട്ടില്‍നിന്ന്‌ എത്തിക്കുന്ന കോഴികളില്‍ 30 ശതമാനം ഇവിടെ എത്തുമ്പോഴേക്കും ചത്തിരിക്കും. അവയാണു തുച്‌ഛവിലയ്‌ക്കോ വില ഈടാക്കാതെയോ നല്‍കുന്നത്‌.
നാമക്കല്‍-ഹൊസൂര്‍ മേഖലകളില്‍ നിന്നാണ്‌ കോഴികളെ എത്തിക്കുന്നത്‌. അവിടെനിന്ന്‌ രാത്രി കോഴികളെ കയറ്റുമ്പോള്‍ 20 മുതല്‍ 24 ഡിഗ്രി വരെയാണ്‌ ചൂട്‌. ഇവിടെയെത്തുമ്പോള്‍ 34 ഡിഗ്രിയാകും. അങ്ങനെയാണ്‌ കോഴികള്‍ ചാകുന്നതെന്ന്‌ ചാലയിലുള്ള മൊത്തവിതരണക്കാരന്‍ പറയുന്നു.
കോഴിയിറച്ചിക്ക്‌ വില കൂടിയതോടെ ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കിയെന്ന്‌ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്‌ഥരും വ്യക്‌തമാക്കി.
ഒരു കോഴിക്ക്‌ രണ്ടുകിലോയാണ്‌ ഭാരം കണക്കാക്കിയിട്ടുള്ളത്‌. ഒരാഴ്‌ച 40 ലക്ഷം കിലോയാണ്‌ സംസ്‌ഥാനത്ത്‌ എത്തുന്നതെന്നാണ്‌ ഔദ്യോഗിക കണക്ക്‌. ഇതിന്റെ 40 ശതമാനത്തോളം നികുതി വെട്ടിച്ചും കടത്തുന്നുണ്ട്‌. ഒരു ട്രേയിലുള്ള 17 കോഴികള്‍ക്ക്‌ 35 കിലോയാണ്‌ കണക്കാക്കുന്നത്‌.
പക്ഷേ ഇതില്‍ ഇരട്ടി തൂക്കമുള്ള കോഴികള്‍ ഉണ്ടാകാറുണ്ട്‌. ഗതാഗത തടസ്സം രൂക്ഷമാകാതിരിക്കാന്‍ പല ചെക്ക്‌പോസ്‌റ്റുകളിലും കോഴികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ പൂര്‍ണമായും പരിശോധിക്കാറില്ലെന്ന്‌ അധികൃതര്‍ വ്യക്‌തമാക്കി.
പുറത്തുള്ള ട്രേകളില്‍ നല്ല കോഴികളായിരിക്കും. ഇത്‌ പരിശോധിച്ച ശേഷം വാഹനങ്ങള്‍ കടത്തിവിടുകയാണ്‌ പതിവ്‌.
മിക്ക വാഹനങ്ങളിലും കോഴികള്‍ക്ക്‌ ആഹാരവും വെള്ളവും കൊടുക്കാനുള്ള സൗകര്യമില്ല. ചെറിയ ട്രേകളില്‍ ഇവ നല്‍കുന്നുണ്ടെങ്കിലും അത്‌ മുഴുവന്‍ കോഴികള്‍ക്കും ലഭിക്കില്ല. ഇത്തരത്തില്‍ അവശരായും കോഴികള്‍ ചാകുന്നുണ്ട്‌.
കോഴികള്‍ തമ്മിലുള്ള ആക്രമണത്തിലും മരണം സംഭവിക്കും.ഷാപ്പുകാരും ചെറുകിട കച്ചവടക്കാരും ഹോട്ടലുകളും കോഴിയിറച്ചി വില്‍ക്കുന്നവരുമാണ്‌ ചത്തതും രോഗം വന്നതുമായ കോഴികളെ വാങ്ങുന്നതെന്ന്‌ മൊത്തവിതരണക്കാര്‍ പറയുന്നു. ഇത്തരം കോഴികളെ പാകം ചെയ്‌തത്‌ പരിശോധിച്ചാല്‍ കാലുകളില്‍ രക്‌തം കറുത്ത്‌ കട്ടപിടിച്ചിരിക്കുന്നത്‌ കാണാം.

No comments:

Post a Comment