Thursday, 7 February 2013

കെ.എസ്‌.യുക്കാര്‍ കരിഓയില്‍ ഒഴിച്ച കേശവേന്ദ്രകുമാര്‍ കോണ്‍ഗ്രസ്‌ അധ്യാപക സംഘടനയുടെ മുഖ്യാതിഥി

കോട്ടയം: കെ.എസ്‌.യുക്കാരുടെ കരിഓയില്‍ പ്രയോഗത്തിന്‌ ഇരയായ ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടര്‍ കേശവേന്ദ്രകുമാര്‍ കോണ്‍ഗ്രസ്‌ അദ്ധ്യാപക സംഘടനയായ ജി.എസ്‌.ടി.യുവിന്റെ സംസ്‌ഥാന സമ്മേളനത്തില്‍ മുഖ്യാതിഥിയാകുന്നു. കോട്ടയത്ത്‌ ഇന്നും നാളെയും മറ്റന്നാളുമായി നടക്കുന്ന ജി.എസ്‌.ടി.യു 22-ാം സംസ്‌ഥാന സമ്മേളനത്തോടനുബന്ധിച്ചു നാളെ ഉച്ചകഴിഞ്ഞ്‌ നടക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തിലാണു കേശവേന്ദ്രകുമാര്‍ മുഖ്യതിഥിയാകുന്നത്‌. വിദ്യാഭ്യാസമന്ത്രി പി.കെ.അബ്‌ദുറബ്ബ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ എ.ഷാജഹാനും സമ്മേളനത്തിനെത്തുന്നുണ്ട്‌.
കരി ഓയില്‍ സംഭവത്തിനെതിരേ പാര്‍ട്ടിക്കുളളിലും പൊതു സമൂഹത്തിലും ശക്‌തമായ വികാരം ഉയര്‍ന്നിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ്‌ അദ്ധ്യാപക സംഘടന ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടറെ സമ്മേളനത്തില്‍ മുഖ്യതിഥിയാക്കിയതു ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ അദ്ദേഹം സമ്മേളനത്തിനെത്തുമോയെന്നു വ്യക്‌തമല്ല.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്രമന്ത്രി വയലാര്‍ രവി, മന്ത്രിമാരായ കെ.എം.മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കെ.സി.ജോസഫ്‌, കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, യു.ഡി.എഫ്‌.കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ തുടങ്ങിയവരും മൂന്നു ദിവസം നടക്കുന്ന വിവിധ സമ്മേളനങ്ങളില്‍ പങ്കെടുക്കും. കേശവേന്ദ്രകുമാര്‍ പങ്കെടുക്കുന്ന ദിവസം തന്നെ കെ.എസ്‌.യു. സംസ്‌ഥാന പ്രസിഡന്റ്‌ വി.എസ്‌.ജോയിയും പൊതുസമ്മേളനത്തിനെത്തും.
ചൊവ്വാഴ്‌ചയാണു കെ.എസ്‌.യു. പ്രവര്‍ത്തകര്‍ കരിഓയില്‍ പ്രയോഗിച്ചത്‌. കരിഓയില്‍ ഒഴിക്കുമെന്നു കാലേക്കൂട്ടി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. സംഭവത്തില്‍ അറസ്‌റ്റിലായവരുടെ പൂര്‍വകാല രാഷ്‌ട്രീയ ബന്ധം അന്വേഷിക്കാന്‍ ആഭ്യന്തരവകുപ്പ്‌ നിര്‍ദേശം നല്‍കി.

No comments:

Post a Comment