സൂര്യനെല്ലിയിലെ കുട്ടിയും ബസന്ത് എന്ന ജഡ്‌ജിയും

17 കൊല്ലം മുമ്പ് സൂര്യനെല്ലിക്കാരിയായ ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കേരള െഹെക്കോടതിയുടെ വിധി വന്നത് 2005 ജനുവരിയിലാണ്. വിധിയുടെ പൂര്‍ണരൂപം വായിക്കാത്തവരാണ് കേരളത്തിലെ 99 ശതമാനം അഭിഭാഷകരും നിയമസഭാംഗങ്ങള്‍ അടക്കമുള്ള രാഷ്‌ട്രീയ നേതാക്കളും. യഥാര്‍ഥ പ്രശ്‌നവും അതുതന്നെയാണ്.
വരുംവരായ്‌കകളെന്തെന്നു നോക്കാതെ സ്വന്തം മനഃസാക്ഷി ശരിയെന്നു പറയുന്ന കാര്യങ്ങള്‍ തുറന്നു പറയാന്‍ െധെര്യമില്ലാത്ത ഭീരുക്കളാണു സമൂഹത്തില്‍ മഹാഭൂരിപക്ഷവുമെന്നിരിക്കേ സത്യങ്ങള്‍ തുറന്നുപറയാന്‍ െധെര്യം കാണിക്കുന്ന ഒരാളെ ക്രൂശിക്കണമെന്നു ഭീരുക്കള്‍ മാത്രം നിറഞ്ഞ ആള്‍ക്കൂട്ടം ആക്രോശിക്കുമ്പോള്‍ ആ ആള്‍ക്കൂട്ടത്തെയോര്‍ത്തു സഹതപിക്കുകയല്ലാതെ മറ്റെന്താണു മാര്‍ഗം? ആള്‍ക്കൂട്ടം എത്ര തെറ്റാണെന്നു പറഞ്ഞാലും സത്യമെന്നത് എപ്പോഴും സത്യമായിത്തന്നെ നിലനില്‍ക്കുമെന്നതാണു യാഥാര്‍ഥ്യം.
കുപ്രസിദ്ധമായ സൂര്യനെല്ലി സ്‌ത്രീപീഡനക്കേസിലെ നായികയായ പെണ്‍കുട്ടിയെക്കുറിച്ച് ആ കേസില്‍ വിധിയെഴുതിയ രണ്ടു കേരള െഹെക്കോടതി ജഡ്‌ജിമാരില്‍ ഒരാളായ ആര്‍. ബസന്ത് നടത്തിയ ഒരഭിപ്രായപ്രകടനമാണ് ഇപ്പോള്‍ സംസ്‌ഥാനത്തെ ഏറ്റവും വലിയ വിവാദം. ജസ്‌റ്റീസ് ബസന്ത് എന്താണു പറഞ്ഞത്, പറഞ്ഞതില്‍ എന്താണു തെറ്റ് എന്ന് ആത്മാര്‍ഥമായി അന്വേഷിക്കാന്‍ ആരെങ്കിലും, എന്തിനു മാധ്യമങ്ങള്‍ വരെ ശ്രമിക്കുകയുണ്ടായോ? എല്ലാവര്‍ക്കമുള്ള ദാഹം ജസ്‌റ്റീസ് ബസന്തിന്റെ രക്‌തത്തിനുവേണ്ടിയാണിപ്പോള്‍.
എന്താണു യാഥാര്‍ഥ്യം? ഇടുക്കി ജില്ലയിലെ സൂര്യനെല്ലിക്കാരിയായ പെണ്‍കുട്ടിയെ 1996 ജനുവരി പതിനാറാം തീയതി മുതല്‍ ഫെബ്രുവരി 25-ാം തീയതി വരെ 41 ദിവസം നാല്‌പത്തിയഞ്ചുപേര്‍ പീഡിപ്പിച്ചതായിട്ടാണു കേസ്. പ്രതികളില്‍ രണ്ടുപേര്‍ ഒളിവില്‍ പോവുകയും ഒരാളെ കോടതി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കുകയും ചെയ്‌തു.
കേരള െഹെക്കോടതി ആ കേസില്‍ ഒന്നാം പ്രതിയായ ഒരു അഭിഭാഷകനൊഴിച്ചു മറ്റെല്ലാവരേയും വെറുതെവിടുകയാണുണ്ടായത്. ആ വിധിയെഴുതിയത് ജസ്‌റ്റീസ് കെ.എ. അബ്‌ദുള്‍ ഗഫൂര്‍, ജസ്‌റ്റീസ് ആര്‍. ബസന്ത് എന്നീ ജഡ്‌ജിമാരാണ് (ജസ്‌റ്റീസ് ഗഫൂര്‍ അടുത്തകാലത്ത് മരിച്ചു).
ഈ കേസിനെക്കുറിച്ച് വിശദമായി എഴുതണമെന്ന് എനിക്കു തോന്നാന്‍ രണ്ടു കാരണമുണ്ട്. അതിലൊന്ന് സൂര്യനെല്ലിക്കേസിന്റെ വിധി പൂര്‍ണ രൂപത്തില്‍ വായിച്ചിട്ടുള്ള രാഷ്‌ട്രീയ നേതാക്കളും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും വളരെ വളരെ വിരളമാണെന്നതാണ്. അവരാണിന്ന് ആനയെക്കണ്ട കുരുടന്മാരെപ്പോലെ സൂര്യനെല്ലിക്കാര്യത്തില്‍ അഭിപ്രായപ്രകടനം നടത്തിക്കൊണ്ടിരിക്കുന്നത്. സത്യം എന്താണെന്ന് അവര്‍ മനസിലാക്കേണ്ടതുണ്ടല്ലോ? രണ്ടാമത്തെ കാരണം ഒരു യുവ കോളജ് അധ്യാപിക എന്നോടു പറഞ്ഞ കാര്യമാണ്. അധ്യാപികമാരുടെ സ്‌റ്റാഫ് റൂമില്‍ അവര്‍ സൂര്യനെല്ലി പ്രശ്‌നം ഈയിടെ ചര്‍ച്ച ചെയ്‌തപ്പോള്‍ എല്ലാവരും ഒരേ സ്വരത്തിലാണ് അതിനെ അപലപിച്ചത്. ഹതഭാഗ്യയായ സൂര്യനെല്ലി പെണ്‍കുട്ടിയെ ഒരു മുറിയില്‍ പൂട്ടിയിട്ട് നാല്‌പത്തിയൊന്നു ദിവസം തുടര്‍ച്ചയായി ഇത്രയധികം ആളുകള്‍ പീഡിപ്പിച്ചു എന്നാണവരെല്ലാവരും വിശ്വസിക്കുന്നത്. അക്കാര്യത്തില്‍ ഏതു സ്‌ത്രീക്കാണ്, ഏതു മനുഷ്യജീവിക്കാണു രോഷമുണ്ടാകാതിരിക്കുക? സംഭവം നടന്നിട്ട് പതിനേഴു വര്‍ഷം കഴിഞ്ഞിരിക്കുന്നു. എന്താണു യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നറിയാത്തവരാണു പുതിയ തലമുറ. അതുകൊണ്ട് അതിന്റെ സത്യാവസ്‌ഥ സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ഒരു സാമൂഹിക ബാധ്യതയാണെന്നുകൂടി എനിക്കു തോന്നി.
അതിനുവേണ്ടി ഈ കേസില്‍ െഹെക്കോടതിയില്‍നിന്നുണ്ടായ വിധിയെയാണു ഞാന്‍ ആധാരമാക്കുന്നത്. ആ വിധിയെന്നത് പൂര്‍ണ രൂപത്തില്‍ കേരള ലോ ജേര്‍ണല്‍ എന്ന പ്രസിദ്ധീകരണത്തില്‍ അച്ചടിച്ചിറക്കിയിട്ടുള്ളതുമാണ്. അതുകൊണ്ടുതന്നെ സൂര്യനെല്ലിക്കേസ് വിധി എന്നത് ഒരു പൊതു രേഖയാണ്. അഭിഭാഷകരുടെ ഓഫീസുകളിലും പബ്ലിക് െലെബ്രറികളിലും മറ്റും ജേര്‍ണല്‍ ലഭ്യവുമാണ്. അതു വായിക്കാന്‍ മാത്രമല്ല അതില്‍നിന്നുള്ള ഭാഗങ്ങള്‍ എടുത്ത് ഉദ്ധരിക്കുന്നതിനും ആര്‍ക്കും അവകാശവുമുണ്ട്. ആ വിധിയില്‍ പറഞ്ഞിരിക്കുന്നത് ഈ 41 ദിവസവും കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ട്രാന്‍സ്‌പോര്‍ട്ട്, പ്രൈവറ്റ് ബസുകളിലും കാറുകളിലുമായി ഈ പെണ്‍കുട്ടി ഒറ്റയ്‌ക്കും മറ്റുള്ളവരോടൊപ്പവും നിര്‍ബാധം സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നാണ്. എന്നു മാത്രമല്ല എറണാകുളം, കോട്ടയം, തേക്കടി, കുമളി, കമ്പം, പാലക്കാട്, കോഴിക്കോട്, കോതമംഗലം, ആലുവ, മൂവാറ്റുപുഴ, കുറവിലങ്ങാട്, തിരുവനന്തപുരം, കന്യാകുമാരി എന്നീ സ്‌ഥലങ്ങളില്‍ പലതവണയായി അവിടെയുള്ള ഹോട്ടലുകളിലും ലോഡ്‌ജുകളിലും ചില വീടുകളിലും ഈ പെണ്‍കുട്ടി താമസിക്കുകയും ചെയ്‌തിരുന്നു. ലോഡ്‌ജുകളുടേയും ഹോട്ടലുകളുടേയും പേരുകള്‍ വിധിയില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. അവയില്‍ പലതും ഇന്നും കേരളത്തിലെ മുന്തിയ ഹോട്ടലുകളാണ്.
ഇതിനിടയില്‍ ബന്ധുക്കളുമായി ടെലിഫോണില്‍ ഈ പെണ്‍കുട്ടി സംസാരിക്കുകയും ചെയ്യുമായിരുന്നു. എറണാകുളത്ത് ഒരു ലോഡ്‌ജില്‍ ഒറ്റയ്‌ക്കു താമസിക്കുന്നതിനിടയില്‍ പാര്‍ക്കില്‍ പോയിരുന്ന പെണ്‍കുട്ടി അവിടെ ഒരു സിനിമാ തിയേറ്ററില്‍ ഗാംബ്‌ളര്‍ എന്ന ഹിന്ദിച്ചിത്രം കാണാന്‍ പോവുകയും ചെയ്‌തിരുന്നു. അന്നൊന്നും തന്നെ ബലം പ്രയോഗിച്ചു തടവില്‍വച്ചിരിക്കുകയാണെന്നു പറയാന്‍ ഈ പെണ്‍കുട്ടിക്കു കഴിഞ്ഞില്ല എന്നത് ആര്‍ക്കാണു വിശ്വസിക്കാനാവുക?
ഇതിനിടയില്‍ ബന്ധുക്കളുമായി ടെലിഫോണില്‍ ഈ പെണ്‍കുട്ടി സംസാരിക്കുകയും ചെയ്യുമായിരുന്നു. എറണാകുളത്ത് ഒരു ലോഡ്‌ജില്‍ ഒറ്റയ്‌ക്കു താമസിക്കുന്നതിനിടയില്‍ പാര്‍ക്കില്‍ പോയിരുന്ന പെണ്‍കുട്ടി അവിടെ ഒരു സിനിമാ തിയേറ്ററില്‍ ഗാംബ്‌ളര്‍ എന്ന ഹിന്ദിച്ചിത്രം കാണാന്‍ പോവുകയും ചെയ്‌തിരുന്നു. അന്നൊന്നും തന്നെ ബലം പ്രയോഗിച്ചു തടവില്‍വച്ചിരിക്കുകയാണെന്നു പറയാന്‍ ഈ പെണ്‍കുട്ടിക്കു കഴിഞ്ഞില്ല എന്നത് ആര്‍ക്കാണു വിശ്വസിക്കാനാവുക?
ഇതിനിടയില്‍ കുമളിയിലെ പെരിയാര്‍ ഹോസ്‌പിറ്റലിലും ഏലപ്പാറയിലെ അന്‍പു ഹോസ്‌പിറ്റലിലും ചികിത്സയ്‌ക്കായി ചെന്നിരുന്നു. ഡോക്‌ടര്‍മാരോടു തനിച്ചു സംസാരിക്കുമ്പോള്‍ എന്തും പറയാനുള്ള സ്വാതന്ത്ര്യവും സുരക്ഷിതത്വവും അപ്പോള്‍ ഈ പെണ്‍കുട്ടിക്കുണ്ടായിരുന്നു. ഒരു ഡോക്‌ടറോടു പെണ്‍കുട്ടി പറഞ്ഞത് താന്‍ തേക്കടി കാണാന്‍ വന്ന ഒരു ടൂറിസ്‌റ്റാണെന്നാണ്. പലപ്പോഴും ഒറ്റയ്‌ക്കാണു പെണ്‍കുട്ടി സഞ്ചരിച്ചതും ഹോട്ടലുകളില്‍ താമസിച്ചിരുന്നതും.
40 ദിവസം കഴിഞ്ഞ് ഫെബ്രുവരി 25-നാണു പെണ്‍കുട്ടി തപാല്‍ ജീവനക്കാരനായ പിതാവിന്റെ ഓഫീസില്‍ തിരിച്ചെത്തിയത്. അവിടെനിന്നു വീട്ടിലേക്കു പോയ പെണ്‍കുട്ടിയുടെ പിതാവ് 28-നാണു പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. തന്നെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു പരാതി.
എന്തെങ്കിലും ബലപ്രയോഗം തന്റെമേല്‍ നടത്തുകയോ തന്നെ ആരെങ്കിലും ദേഹോപദ്രവം ഏല്‌പിക്കുകയോ ചെയ്‌തതായി പെണ്‍കുട്ടി അന്നു പറഞ്ഞിരുന്നില്ല.(പോസ്‌റ്റല്‍ വകുപ്പു ജീവനക്കാരുടെ യൂണിയന്‍ നേതാക്കളുടെ നിര്‍ബന്ധമനുസരിച്ചാണു പെണ്‍കുട്ടിയുടെ പിതാവ് നാലാം ദിവസം പരാതിയുമായി പോലീസിനെ സമീപിച്ചതെന്നായിരുന്നു അന്നു പറഞ്ഞുകേട്ടിരുന്നത്.)
ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിലെ െഹെക്കോടതികളുടെ നിരവധി വിധികള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഈ കേസില്‍ ഒന്നൊഴിച്ചുള്ള എല്ലാ പ്രതികളേയും വെറുതെ വിട്ടുകൊണ്ടുള്ള ദീര്‍ഘമായ വിധി െഹെക്കോടതിയിലെ ഡിവിഷന്‍ ബെഞ്ച് പ്രഖ്യാപിച്ചത്.
വിധി എഴുതിയത് ജസ്‌റ്റീസ് ഗഫൂറാണ്. ആ വിധിപ്രസ്‌താവം ജസ്‌റ്റീസ് ബസന്ത് ശരിവയ്‌ക്കുകയും ചെയ്‌തു. ആ വിധിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഈയിടെ ഒരു സുഹൃദ് സംഭാഷണത്തില്‍ ആവര്‍ത്തിക്കുക മാത്രമാണ് ജസ്‌റ്റീസ് ബസന്ത് ചെയ്‌തത്. അതുകൊണ്ട് ഒരു കാരണവശാലും ഇതു പ്രസിദ്ധീകരിക്കരുതെന്ന് അവിടെയുണ്ടായിരുന്ന ടിവി ലേഖികയോടു ജസ്‌റ്റിസ് ബസന്ത് പറഞ്ഞിരുന്നു. ജഡ്‌ജി പദത്തില്‍നിന്നു വിരമിച്ച അദ്ദേഹത്തിന് ഒരു രാഷ്‌ട്രീയ വിവാദത്തിലും തലയിടാന്‍ താല്‍പര്യമില്ലാതിരുന്നു എന്നതാണു കാരണം. പക്ഷേ അത് ഒളിക്യാമറയില്‍ പകര്‍ത്തിയെടുത്ത് സംപ്രേഷണം ചെയ്യുകയാണ് ആ പത്രപ്രവര്‍ത്തക ചെയ്‌തത്.
വാസ്‌തവത്തില്‍ പത്രപ്രവര്‍ത്തനത്തിലെ ധാര്‍മികത അനുസരിച്ച് അത് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതായിരുന്നു. ഏതു വാര്‍ത്താ സ്രോതസും താന്‍ പറയുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തരുതെന്ന് ഒരു മാധ്യമപ്രവര്‍ത്തകനോടാവശ്യപ്പെട്ടാല്‍ അതു വെളിപ്പെടുത്താന്‍ പാടില്ലാത്തതു തന്നെയാണ്. ലോകത്തെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകര്‍ അംഗീകരിക്കുന്ന ധാര്‍മിക മര്യാദയുമാണത്.
ഇതിന് എത്രയോ ഉദാഹരണങ്ങള്‍. 1959-ല്‍ െചെനീസ് പട്ടാള നടപടികളെത്തുടര്‍ന്നു ടിബറ്റില്‍നിന്നു ദലൈലാമ രക്ഷപ്പെട്ടോടിയപ്പോള്‍ ദിവസങ്ങളോളം മുഖ്യ ലോകവാര്‍ത്ത ദലൈലാമ എവിടെ എന്നതായിരുന്നു. അന്നൊരുദിവസം ഫ്രീ പ്രസ് ജര്‍ണലിന്റെ ഡല്‍ഹി റിപ്പോര്‍ട്ടറായിരുന്ന നരേന്ദ്രര്‍ എന്ന വി.എന്‍. നായര്‍ തന്റെ ഭാര്യാപിതാവായ പ്രഖ്യാത പത്രപ്രവര്‍ത്തകന്‍ എം. ശിവറാമിനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോള്‍ കണ്ടത് അന്നത്തെ സെന്‍ട്രല്‍ ഇന്റലിജന്‍സ് മേധാവിയായ സി.എം. നമ്പ്യാരുമായി സംസാരിച്ചിരിക്കുന്നതാണ്. ആ സൗഹൃദ സംഭാഷണത്തിനിടയില്‍ ദലൈലാമ ഇപ്പോള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇന്ത്യയില്‍ അഭയം തേടാന്‍ പോകുന്ന ദലായ്‌ലാമയെ സ്വീകരിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്‌ഥ സംഘം അവിടെ കാത്തുനില്‍ക്കുന്നുണ്ടെന്നുമാണ്.
ഒരു ഇന്ത്യന്‍ പത്രപ്രവര്‍ത്തകനെ സംബന്ധിച്ചേടത്തോളം ഏറ്റവും വലിയ സ്‌കൂപ്പാണത്. ഈ വാര്‍ത്ത തന്റെ പത്രത്തില്‍ എത്തിക്കാനായി നരേന്ദ്രന്‍ പുറത്തിറങ്ങി മോട്ടോര്‍െസെക്കിള്‍ സ്‌റ്റാര്‍ട്ട് ചെയ്യാനൊരുങ്ങുമ്പോള്‍ നമ്പ്യാര്‍ അടുത്തുചെന്നു നരേന്ദ്രനെ തടഞ്ഞു. താന്‍ ഓഫ് ദി റിക്കാര്‍ഡായി പറഞ്ഞ ആ കാര്യം വാര്‍ത്തയാക്കരുതെന്ന് ആവശ്യപ്പെട്ടു. ആ അഭ്യര്‍ഥന നിരസിച്ച് നരേന്ദ്രന്‍ ആ വാര്‍ത്ത തന്റെ പത്രത്തില്‍ കൊടുത്തിരുന്നുവെങ്കില്‍ ലോകം ആകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തുവെന്ന അസാധാരണ ഖ്യാതി നായര്‍ സാബ് എന്ന് ആദരപൂര്‍വം ഞങ്ങളെല്ലാം വിളിച്ചിരുന്ന നരേന്ദ്രനു നേടാന്‍ കഴിയുമായിരുന്നു. പക്ഷേ പത്രധര്‍മവും മാന്യതയുമാണു വിലപ്പെട്ടതെന്നു വിശ്വസിച്ചിരുന്ന നരേന്ദ്രന്‍ വാര്‍ത്താസ്രോതസായ നമ്പ്യാരുടെ അഭ്യര്‍ഥന അനുസരിക്കുകയാണു ചെയ്‌തത്.
ഒരു മനുഷ്യന്റെ അന്തസും മാന്യതയും നാം കാണുന്നത് ഇവിടെയാണ്. അന്തസിനും മാന്യതയ്‌ക്കും ഒരു വിലയുമില്ലെന്നു കരുതിയാല്‍ പത്രപ്രവര്‍ത്തനത്തില്‍ പിന്നെ എന്തുമാകാമല്ലോ?സൂര്യനെല്ലിക്കേസില്‍ വിധിയെഴുതിയ ജസ്‌റ്റീസ് അബ്‌ദുള്‍ ഗഫൂര്‍ ഒരു സി.പി.ഐ. പ്രവര്‍ത്തകനായിരുന്നു. ഇന്ത്യയിലെ എത്രയോ െഹെക്കോടതി വിധികളെ ഉദ്ധരിച്ചുകൊണ്ടു ജസ്‌റ്റീസ് ഗഫൂര്‍ എഴുതിയ വിധി സാര്‍വത്രിക പ്രശസ്‌തി നേടിയ ഒന്നാണ്. അതു ശരിവയ്‌ക്കുക മാത്രമാണ് ജസ്‌റ്റീസ് ബസന്ത് ചെയ്‌തത്.
ഈ വിധിയെഴുതിയ ഗഫൂറിന്റെ നീതിബോധത്തില്‍ വിശ്വാസം അര്‍പ്പിച്ചുകൊണ്ട് റിട്ടയര്‍ ചെയ്‌ത ശേഷം അദ്ദേഹത്തെ ഒരു െഹെക്കോടതി ജഡ്‌ജിയുടെ മുഴുവന്‍ ശമ്പളത്തോടുകൂടിത്തന്നെ മുഖ്യമന്ത്രി അച്യുതാനന്ദന്‍ തുടര്‍ന്നു സംസ്‌ഥാനത്തെ കാര്‍ഷിക കടാശ്വാസ കമ്മിഷന്റെ അധ്യക്ഷനായി നിയമിക്കുകയാണുണ്ടായതെന്ന യാഥാര്‍ഥ്യം വിസ്‌മരിച്ചുകളയണോ?
ആ വിധി ആവര്‍ത്തിച്ച ജസ്‌റ്റീസ് ബസന്തിനെയാണ് തികച്ചും സംസ്‌കാരശൂന്യമായ ഭാഷയില്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവായ വി.എസ്. അച്യുതാനന്ദന്‍ അധിക്ഷേപിച്ചത്. ജസ്‌റ്റീസ് ബസന്തിന്റെ കരണത്ത് പെണ്‍കുട്ടികള്‍ അടിക്കണമെന്നാണു ടെലിവിഷന്‍ ചാനലുകളിലൂടെ പരസ്യമായി അച്യുതാനന്ദന്‍ പറഞ്ഞത്. മരിച്ചുപോയതുകൊണ്ടാവണം ജസ്‌റ്റീസ് ഗഫൂറിന്റെ കരണത്ത് അടിക്കണമെന്ന് അദ്ദേഹം പറയാതിരുന്നതെന്നു വേണം കരുതാന്‍. അഞ്ചുവര്‍ഷം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സൂര്യനെല്ലിക്കേസിന്റെ കാര്യത്തില്‍ അച്യുതാനന്ദന്‍ ചെറുവിരലെങ്കിലും അനക്കിയോ എന്നത് അദ്ദേഹത്തിനു പോലും മറുപടി പറയാന്‍ കഴിയാത്ത കാര്യമാണ്.
കുലീനതയും ആഭിജാത്യവുമുണ്ടായിരുന്ന ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട്, സി. അച്യുതമേനോന്‍, പി.കെ. വാസുദേവന്‍നായര്‍, ഇ.കെ. നായനാര്‍ എന്നീ കമ്യൂണിസ്‌റ്റ് നേതാക്കള്‍ മുഖ്യമന്ത്രിമാരായിരിന്നിട്ടുള്ള കേരളത്തിലാണു വി.എസ്. അച്യുതാനന്ദനും കമ്യൂണിസ്‌റ്റ് മുഖ്യമന്ത്രിയായിരുന്നതെന്നത് ചിന്താശക്‌തിയുള്ളവനെ ലജ്‌ജിപ്പിക്കുന്ന കാര്യമാണ്.
അതുപോലെതന്നെ തീര്‍ത്തും അപലപനീയമാണ് ജസ്‌റ്റീസ് ബസന്ത് പറഞ്ഞതു തെറ്റായിപ്പോയിയെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രപ്രസ്‌താവന നടത്തിയത്. സത്യം പറഞ്ഞ ജസ്‌റ്റീസിനെപ്പറ്റി ഇങ്ങനെ പറയാന്‍ നിയമബിരുദധാരി കൂടിയായ മുഖ്യമന്ത്രിയെ ആരാണ് ഉപദേശിച്ചു കൊടുത്തതെന്നും അന്വേഷിക്കേണ്ട കാര്യമാണ്. അതോ ജനങ്ങളെ നയിക്കേണ്ട മുഖ്യമന്ത്രി സത്യമെന്താണെന്നറിയാതെ എന്തും വിളിച്ചുകൂവുന്നവരാല്‍ നയിക്കപ്പെടുന്ന ഒരു നേതാവായി മാറുകയാണോ?
ജസ്‌റ്റീസ് ഗഫൂറിന്റെ വിധി പ്രസ്‌താവത്തെ ശരിവച്ചുകൊണ്ട് അതിന്റെ ഭാഗമായി ജസ്‌റ്റീസ് ബസന്ത് എഴുതിയ തന്റെ കുറിപ്പില്‍ പറയുന്ന ഒരു കാര്യമുണ്ട്. അതിങ്ങിനെയാണ്. നാമിപ്പോള്‍ ജീവിക്കുന്നത് ശക്‌തമായ ഒരു ഉപഭോക്‌തൃ സമൂഹത്തിലാണ്. അതുകൊണ്ടുതന്നെ ഒട്ടനവധി പ്രലോഭനങ്ങള്‍ക്ക് ഒരു ചെറിയ പെണ്‍കുട്ടി വിധേയയായിത്തീര്‍ന്നു എന്നിരിക്കും. യഥാര്‍ഥ ജീവിത മൂല്യങ്ങള്‍ക്കു വില നല്‍കി ഈ മാതിരി പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള കരുത്ത് ആ പെണ്‍കുട്ടിക്കു നല്‍കിയേ മതിയാകൂ. അങ്ങനെയുള്ള പെണ്‍കുട്ടിയെ വഴിതെറ്റിപ്പോയവള്‍ എന്നു പഴിക്കുകയോ അല്ലെങ്കില്‍ അവളുടെ വിധിയെന്നു പറഞ്ഞു അവളെ തള്ളുകയോ ചെയ്യുന്നതില്‍ കാര്യമില്ല. അതു അത്തരം പെണ്‍കുട്ടികള്‍ ജനിച്ചുവളരാന്‍ നിര്‍ബന്ധിതമായ പരിതസ്‌ഥിതികളുടെ ഫലമായതുകൊണ്ട് അതവരുടെ തെറ്റല്ലെന്നു മനസിലാക്കിക്കൊണ്ട് അവരോടു സഹതപിക്കാന്‍ സമൂഹത്തിനു കഴിയണം. ഭാവി പൗരന്മാരായ അവരില്‍ ജീവിതത്തിന്റെ യഥാര്‍ഥ മൂല്യം വളര്‍ത്തിയെടുക്കുന്നതിനാവശ്യമായ വിദ്യാഭ്യാസവും അറിവും നല്‍കുന്നതിനുള്ള ബാധ്യതയാണ് ഒരു മതേതര രാഷ്‌ട്രത്തിനുള്ളത്.
സൂര്യനെല്ലി സംഭവത്തിലായാലും മറ്റേതൊരു സമാന സംഭവത്തിലായാലും ജസ്‌റ്റീസ് ബസന്ത് പ്രകടിപ്പിച്ച ഈ അഭിപ്രായത്തിനാണ് ആത്മവഞ്ചകരല്ലാത്ത മനുഷ്യര്‍ വില കല്‍പിക്കേണ്ടതെന്ന് എനിക്കു തോന്നുന്നു.
No comments:
Post a Comment