Saturday, 23 February 2013


ഒരു അശ്ലീല ആഭാസ നടനശാല

mangalam malayalam online newspaper
ദ്രൗപദിയുടെ കാര്യത്തിലെന്നപോലെ സൂര്യനെല്ലി പെണ്‍കുട്ടിയുടെ കാര്യത്തിലും ദുര്യോധനാദികള്‍ പറയുന്ന നുണക്കഥയിരിക്കട്ടെ. ജസ്‌റ്റിസ്‌ ആര്‍. ബസന്തിനെ ഉദ്ധരിച്ചും ന്യായീകരിച്ചും കെ. സുധാകരന്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആരോപണം വാദത്തിനുവേണ്ടി ഒരുനിമിഷത്തേക്ക്‌ നമുക്കു പരിഗണിക്കാം. ആ നിമിഷംതന്നെ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനെ അത്‌ കൂടുതല്‍ കുരുക്കില്‍ പെടുത്തുകയാണെന്ന്‌ ബോധ്യപ്പെടും. പ്രതിഫലത്തിന്‌ ശരീരം വില്‍ക്കുന്ന തൊഴിലാണ്‌ നിയമത്തിന്റെ കണ്ണില്‍ വേശ്യാവൃത്തി. 1986-ലെ വ്യഭിചാരം തടയല്‍ നിയമമസുസരിച്ച്‌ പൊതു സ്‌ഥലത്തുവെച്ച്‌ കൃത്യം ചെയ്യുന്ന പുരുഷന്‍ മൂന്നുമാസം തടവുശിക്ഷ അനുഭവിക്കണം. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട ആള്‍ പതിനെട്ടു വയസില്‍ താഴെയായാല്‍ ഏഴുവര്‍ഷംമുതല്‍ പത്തുവര്‍ഷംവരെ ജയിലില്‍ കഴിയണം.
ദ്രൗപദിയെ അന്തപുരത്തില്‍നിന്ന്‌ കൗരവസഭയിലേക്ക്‌ വലിച്ചിഴച്ച്‌ കൊണ്ടുപോയ ദുശ്ശാസനന്‍ ചെയ്‌തതുതന്നെയാണ്‌ സൂര്യനെല്ലി പെണ്‍കുട്ടിയുടെ കാര്യത്തില്‍ കെ. സുധാകരന്‍ എം.പിയും ആവര്‍ത്തിച്ചത്‌. അഞ്ചു ഭര്‍ത്താക്കന്മാരോടൊപ്പം രമിക്കുന്ന ദ്രൗപദിക്കൊപ്പം ദുര്യോധനന്‍ രമിക്കുന്നതില്‍ തെറ്റില്ലെന്ന്‌ ധൃതരാഷ്‌ട്രരും ഭീഷ്‌മരും വിതുരരുമൊക്കെ ഉപവിഷ്‌ടരായ സഭയില്‍ വാദിച്ചു ദുശ്ശാസനന്‍. ദുശ്ശാസനന്റെ മുഖവും വാക്കുകളുംതന്നെയാണ്‌ ഒമാനില്‍നിന്നുള്ള ചാനല്‍ പ്രസ്‌താവനയിലും ഉറച്ചുനില്‍ക്കുന്ന ആവര്‍ത്തനത്തിലും ജനങ്ങള്‍ കണ്ടും കേട്ടും ഞെട്ടിയത്‌.
ദ്രൗപദിയുടെ കാര്യത്തിലെന്നപോലെ സൂര്യനെല്ലി പെണ്‍കുട്ടിയുടെ കാര്യത്തിലും ദുര്യോധനാദികള്‍ പറയുന്ന നുണക്കഥയിരിക്കട്ടെ. ജസ്‌റ്റിസ്‌ ആര്‍ ബസന്തിനെ ഉദ്ധരിച്ചും ന്യായീകരിച്ചും കെ. സുധാകരന്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആരോപണം വാദത്തിനുവേണ്ടി ഒരുനിമിഷത്തേക്ക്‌ നമുക്കു പരിഗണിക്കാം. ആ നിമിഷംതന്നെ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനെ അത്‌ കൂടുതല്‍ കുരുക്കില്‍ പെടുത്തുകയാണെന്ന്‌ബോധ്യപ്പെടും.
പ്രതിഫലത്തിന്‌ ശരീരം വില്‍ക്കുന്ന തൊഴിലാണ്‌ നിയമത്തിന്റെ കണ്ണില്‍ വേശ്യാവൃത്തി. 1986-ലെ വ്യഭിചാരം തടയല്‍ നിയമമസുസരിച്ച്‌ പൊതു സ്‌ഥലത്തുവെച്ച്‌ കൃത്യം ചെയ്യുന്ന പുരുഷന്‍ മൂന്നുമാസം തടവുശിക്ഷ അനുഭവിക്കണം. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട ആള്‍ പതിനെട്ടു വയസ്സില്‍ താഴെയായാല്‍ ഏഴുവര്‍ഷംമുതല്‍ പത്തുവര്‍ഷംവരെ ജയിലില്‍ കഴിയണം. അത്രയും ശിക്ഷ ഏറ്റുവാങ്ങാനുള്ള യോഗ്യതകൂടി പി.ജെ. കുര്യനുണ്ടെന്നാണ്‌ നിജസ്‌ഥിതി ബോധ്യപ്പെട്ട സുധാകരനും ജസ്‌റ്റിസ്‌ ബസന്തും പറയുന്നതിന്റെ മറുവശം. ഇന്ത്യന്‍ നിയമനിര്‍മ്മാണസഭയില്‍ അംഗമായ കെ. സുധാകരന്‌ അക്കാര്യം അറിയേണ്ടതാണ്‌. െഹെക്കോടതി ജഡ്‌ജിയായി പിരിഞ്ഞ്‌ സുപ്രിം കോടതിയില്‍ കേരള സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന സീനിയര്‍ അഭിഭാഷകനായ ജസ്‌റ്റിസ്‌ ആര്‍. ബസന്തിന്‌ അക്കാര്യം അറിയാത്ത പ്രശ്‌നവുമില്ല.
കുറ്റവും ശിക്ഷയും ചുമതലപ്പെട്ട നിയമസംവിധാനങ്ങള്‍ക്കു വിടുക. സൂര്യനെല്ലി പെണ്‍കുട്ടിയുടേതുപോലുള്ള ഇരകളുടെ ആരോപണം മുഖവിലയ്‌ക്കെടുക്കണമെന്ന്‌ വ്യവസ്‌ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ്‌ നിയമമാക്കുന്ന ചര്‍ച്ചയാണ്‌ രാജ്യസഭയില്‍ നടക്കാന്‍ പോകുന്നത്‌. അവിടെ പി.ജെ. കുര്യന്‍ ഉപാധ്യക്ഷനായി ഇരുന്നുകൂടാ.
അഗ്നിശുദ്ധി തെളിയിക്കാതെ രാജ്യസഭയുടെ അധ്യക്ഷപീഠത്തില്‍ ഒരിക്കലും ഉപാധ്യക്ഷനായി തുടര്‍ന്നുകൂടാ. ഇതാണ്‌ പ്രശ്‌നത്തിന്റെ പുതിയമുഖം. ഇന്ത്യന്‍ ജനാധിപത്യ സമൂഹത്തിന്റെ ധാര്‍മ്മികം മാത്രമല്ല നിയമ പിന്‍ബലംകൂടിയുള്ള പരാജയപ്പെടുത്താനാവാത്ത നിലപാടിന്റെ അടിസ്‌ഥാനം അതാണ്‌.
കള്ളച്ചൂതിലൂടെ പാണ്‌ഡവരെ നിസ്വരും അടിമകളുമാക്കിയതിന്റെ മറ്റൊരു ആവര്‍ത്തനമാണ്‌ ദുര്‍ബലയും നിസ്വയുമായ സൂര്യനെല്ലി പെണ്‍കുട്ടിയെ സംബന്ധിച്ച ജസ്‌റ്റിസ്‌ ബസന്തിന്റെയും സുധാകരന്റെയും പുതിയ നിര്‍വചനം. ഇത്‌ കേരളത്തിലെ ആദ്യ പെണ്‍വാണിഭ സംഘത്തില്‍പ്പെട്ട നാല്‍പ്പത്തിരണ്ട്‌ കുറ്റവാളികളെ ന്യായീകരിക്കാനാണ്‌. ഇത്‌ ആഗോളീകരണകാലത്തെ പണമുതലാളിത്ത സംസ്‌കാരത്തിന്റെ സംരക്ഷയുടെയുംന്യായീകരണത്തിന്റെയും ഭാഗമാണ്‌. ഇതിലൊരു വര്‍ഗസമീപനത്തിന്റെ അന്തര്‍ധാരയും നിലപാടുമുണ്ട്‌. സമൂഹത്തിലെ ഉപരിവര്‍ഗത്തിന്റെ വര്‍ഗസമീപനത്തില്‍ നിന്നുയരുന്ന അശ്ലീലാധിക്ഷേപമാണത്‌.ചൂഷണം ചെയ്യപ്പെടുന്ന വര്‍ഗത്തിന്റെ പ്രതിനിധികളെ മ്ലേച്‌ഛരും അവിശ്വസിക്കപ്പെടേണ്ടവരുമായി കാണുക, വിലയിരുത്തുക, പ്രചരിപ്പിക്കുക. ജഡ്‌ജിയായാലും ഈ വര്‍ഗവീക്ഷണം ഉണ്ടാകും.
കോടതികളിലിരുന്ന്‌ നിയമം വ്യാഖ്യാനിച്ച്‌ തീര്‍പ്പുകല്‍പ്പിക്കുന്ന ന്യായാധിപന്മാര്‍ക്ക്‌ അവര്‍ പ്രതിനിധീകരിക്കുന്ന വര്‍ഗത്തോട്‌ പക്ഷപാതമുണ്ടാകുമെന്ന്‌ ഇ.എം.എസ്‌ പറഞ്ഞത്‌ ഭൂകമ്പമുണ്ടാക്കി. മുഖ്യമന്ത്രിയായ ഇ.എം.എസ്സിനെ അന്ന്‌ കോടതിയലക്ഷ്യത്തിന്‌ ശിക്ഷിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം സുപ്രിംകോടതി ചീഫ്‌ ജസ്‌റ്റിസായിരിക്കെ ജസ്‌റ്റിസ്‌ എസ്‌.എച്ച്‌. കപാഡിയ ആ സത്യം ജഡ്‌ജിമാരുടെ മുഖത്തുനോക്കി പറഞ്ഞു: നിങ്ങളിലും ആന്തരികമായി കുടികൊള്ളുന്ന വര്‍ഗവീക്ഷണത്തിനെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന്‌. കഴിവുറ്റ ജഡ്‌ജിയെന്ന്‌ കരുതിപ്പോന്ന ജസ്‌റ്റിസ്‌ ബസന്തിനെയും സഹജഡ്‌ജിയെയും ആ വര്‍ഗവീക്ഷണവും പുരുഷമേധാവിത്വ ബോധവുമാണ്‌ സൂര്യനെല്ലികേസില്‍ സ്വാധീനിച്ചതും കാമവെറിയന്മാരായ പ്രതികളോട്‌ അനുതാപം തോന്നി വിട്ടയയ്‌ക്കാന്‍ പ്രേരിപ്പിച്ചതും. ആ പക്ഷപാതം അസഹിഷ്‌ണുതയായി കയറുപൊട്ടിച്ചതാണ്‌ ജസ്‌റ്റിസ്‌ ബസന്തിന്റെ ന്യായീകരണത്തില്‍ തിളച്ചുപതഞ്ഞത്‌.
ദ്രൗപതിയെ അടിമയായി പ്രഖ്യാപിച്ച മഹാഭാരതമെന്ന ഇതിഹാസത്തിലെ ഭരണവര്‍ഗ രാഷ്‌ട്രീയത്തിന്റെ ധാര്‍ഷ്‌ട്യവും അശ്ലീലവും സംസ്‌കാരശൂന്യതയും കുരുക്ഷേത്ര യുദ്ധത്തിലെത്തിച്ചു. വിതുരര്‍ മുന്നറിയിപ്പു നല്‍കിയ ആ സര്‍വ്വനാശ കുതിപ്പിലേക്കാണ്‌ പി.ജെ. കുര്യന്‍ പ്രശ്‌നമടക്കമുള്ള വിഷയങ്ങള്‍ െകെകാര്യം ചെയ്‌ത്‌ ഭരണവര്‍ഗം ഇപ്പോള്‍ എത്തിച്ചേര്‍ന്നത്‌. ധൃതരാഷ്‌ട്രരെപ്പോലെ ഒരു പ്രധാനമന്ത്രി. ഗാന്ധാരിയെപ്പോലെ യു.പി.എ ചെയര്‍ പെഴ്‌സണും കോണ്‍ഗ്രസ്സ്‌ ഐ അധ്യക്ഷയുമായി ഒരമ്മ.
ഇടതു തുട നഗ്നമായി പ്രദര്‍ശിപ്പിച്ച്‌ സ്‌ത്രീത്വത്തെ വീണ്ടും വീണ്ടും അപമാനിക്കാനും അവഹേളിക്കാനും ദുര്യോധനന്മാര്‍. കള്ളച്ചൂതില്‍ പേര്‍ത്തും പേര്‍ത്തും സത്യത്തെ വീഴ്‌ത്തുന്ന ശകുനിമാര്‍. ധര്‍മ്മത്തിനും നീതിക്കുംമേല്‍ താണ്‌ഢവമാടുന്ന ദുശ്ശാസനന്മാരും രാധേയന്മാരും. അനീതി ചൂണ്ടിക്കാട്ടി ആരോപണത്തിനു വിധേയരായവര്‍ അഗ്നിശുദ്ധി വരുത്തണമെന്ന്‌ വിളിച്ചു പറയാന്‍ കൗരവരില്‍ തന്നെ അത്യപൂര്‍വ്വം ചില വികര്‍ണ്ണന്മാര്‍. ഭരണവര്‍ഗവും ഭരിക്കപ്പെടുന്ന ജനങ്ങളും തമ്മിലുള്ള വര്‍ഗസമരത്തിന്റെ രൂക്ഷമായ ഏറ്റുമുട്ടലിന്റെ ഒരു മുഖമാണ്‌ യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ സൂര്യനെല്ലി പ്രശ്‌നവും. സര്‍ക്കാറിന്റെ വിലക്കയറ്റ നയങ്ങളും നടപടികളും അതിനെതിരായ ദേശീയ പണിമുടക്കും മറ്റും എന്നതുപോലെതന്നെ.
ജസ്‌റ്റിസ്‌ ബസന്തിന്റെ ദൗര്‍ഭാഗ്യകരമായ പരസ്യനിലപാടിനെക്കുറിച്ച്‌ അല്‍പ്പംകൂടി പറയാതെ വയ്യ. കുര്യനെ രക്ഷിക്കാന്‍ മുന്നണി ഭേദമില്ലാതെ മുന്‍ അഡ്വക്കറ്റ്‌ ജനറല്‍മാരടക്കമുള്ള അഭിഭാഷ കേസരികള്‍ ഞാന്‍ ഞാന്‍ മുമ്പേ എന്ന മട്ടില്‍ രംഗത്തു വന്നതിന്റെ പണമീമാംസ മനസ്സിലാകും. പക്ഷെ, വിധി പറഞ്ഞ ജഡ്‌ജിതന്നെ നീതിന്യായ ചരിത്രത്തില്‍ അസാധാരണ അവതാരമായി. സൂര്യനെല്ലി കേസില്‍ functus officio ആയ ജഡ്‌ജി ഉയിര്‍ത്തെഴുന്നേറ്റു.
വിധിയുടെ കൂര്‍പ്പിച്ച കുന്തവുമായി പരാതിക്കാരിയായ പെണ്‍കുട്ടിക്കു പിറകെ അശ്വാരൂഢനായി കുതിച്ചു. ഇതിനെ അപലപിക്കാതെ വയ്യ. ജസ്‌റ്റിസ്‌ ബസന്തിന്റെ വ്യക്‌തിത്വത്തെ ബഹുമാനിച്ചിരുന്നവരെ മാത്രമല്ല ജഡ്‌ജിമാരും അവരുടെ വിധികളും തമ്മില്‍ പാലിക്കേണ്ട െനെതിക ലക്ഷ്‌മണരേഖയുടെ അലംഘനീയതയെക്കുറിച്ച്‌ അറിയുന്നവരെയും അത്‌ അമ്പരപ്പിച്ചു. ഒരു കേസിന്റെ വിധി പ്രസ്‌താവിക്കുന്നതോടെ ആ ജഡ്‌ജിയും വിധിയുമായുള്ള ബന്ധം functus officio ആകുന്നു. ആ ഓഫീസിന്റെ പ്രവര്‍ത്തനം കഴിഞ്ഞു എന്ന അര്‍ത്ഥത്തിലുള്ള ഈ പദം അര്‍ത്ഥമാക്കുന്നത്‌ ജഡ്‌ജിമാര്‍ വ്യക്‌തികളെന്ന നിലയില്‍ ആ കേസ്‌ വിധിയില്‍ നിന്ന്‌ എന്നന്നേക്കുമായി വേറിട്ടുകഴിഞ്ഞു എന്നാണ്‌.
ലോകത്തെ പിടിച്ചുകുലുക്കിയ വിധിയായിരുന്നു ഇന്ദിരാഗാന്ധിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യയാക്കിയ അലഹബാദ്‌ െഹെക്കോടതിയുടേത്‌. അടിയന്തരാവസ്‌ഥയിലേക്കു നയിച്ച ആ വിധിയുടെ 40-ാം വാര്‍ഷികത്തില്‍ മാധ്യമ പ്രതിനിധികള്‍ വിധി പുറപ്പെടുവിച്ച ജസ്‌റ്റിസ്‌ ജഗ്‌ മോഹന്‍ലാല്‍സിഹ്നയെ പ്രതികരണത്തിനു സമീപിച്ചു. കേന്ദ്ര ധനമന്ത്രി ടി.ടി. കൃഷ്‌ണമാചാരിക്കെതിരെ നടന്ന ഇന്ത്യയിലെതന്നെ ആദ്യത്തെ അഴിമതി അനേ്വഷണ കമ്മീഷനായിരുന്നു ബോംബെ െഹെക്കോടതിയിലെ ചീഫ്‌ ജസ്‌റ്റിസ്‌ എം.സി. ഛഗ്ല. അനേ്വഷണറിപ്പോര്‍ട്ട്‌ ഒപ്പുവെച്ച്‌ ആഭ്യന്തരമന്ത്രി പട്ടേലിന്‌ അദ്ദേഹം ഡല്‍ഹിയ്‌ക്ക്‌ അയച്ചു. തൊട്ടുപിറകെയാണ്‌ ടി.ടി. കൃഷ്‌ണമാചാരിക്കെതിരായ നിര്‍ണ്ണായക തെളിവുകളുമായി രണ്ടുപേര്‍ അദ്ദേഹത്തെ ചെന്നുകണ്ടത്‌.
ഇന്ത്യന്‍ എക്‌സ്‌പ്രസ്സിന്റെ ഫ്രാങ്ക്‌ മൊെറെസും പ്രധാനമന്ത്രിയുടെ മകള്‍ ഇന്ദിരയുടെ ഭര്‍ത്താവുകൂടിയായ ഫിറോസ്‌ ഗാന്ധി എം.പിയും. അവരോട്‌ ചീഫ്‌ ജസ്‌റ്റിസ്‌ ഛഗ്ലയും പറഞ്ഞത്‌ functus officio എന്നാണ്‌. I ha dnothing more to od with the enquiry or the report or the results എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൂര്യനെല്ലി കേസ്‌ വിധിയിലും അതിന്റെ ഫലത്തിലും റിട്ടയേര്‍ഡ്‌ ജസ്‌റ്റിസ്‌ ബസന്ത്‌ സ്വീകരിക്കേണ്ടതും അതുതന്നെയായിരുന്നു.
കോടികളുടെ അഴിമതി കേസുകളില്‍ കേന്ദ്രമന്ത്രിമാരും മന്ത്രിസഭയും തുടരെത്തുടരെ പിടികൂടപ്പെടുന്നു. സര്‍ക്കാരിന്റെ വിശ്വാസ്യതയും അതിനെ നയിക്കുന്ന പാര്‍ലമെന്റിന്റെ വിശ്വാസ്യതയും നഷ്‌ടപ്പെടുന്നു. വിദുരര്‍ പറഞ്ഞതുപോലെ കൗരവകുലത്തിന്റെ നാശത്തിലേക്ക്‌ എന്നപോലെ നമ്മുടെ ഭരണ - അധികാര രാഷ്‌ട്രീയം തകര്‍ച്ചയിലേക്കു കുതിക്കുന്നു. ദുര്യോധനന്മാരോ ധൃതരാഷ്‌ട്ര - ഗാന്ധാരിയാദികളോ ഇത്‌ മനസ്സിലാക്കുന്നില്ല. അതിന്റെ അശ്ലീല- ആഭാസ - രാഷ്‌ട്രീയ നടനശാലയാകുകയാണ്‌ സമൂഹത്തിനു മുമ്പില്‍ പാര്‍ലമെന്റ്‌. മഹാഭാരതകഥയിലെ ജയന്തത്തിലെ സഭാമന്ദിരംപോലെ.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അപകടകരമായ ഒരു ഘട്ടമാണിത്‌. പൊതുസമൂഹം ആകെയിളകി തിരുത്തപ്പെടേണ്ട സ്‌ഥിതി. അതിനുള്ള രാഷ്‌ട്രീയമുഹൂര്‍ത്തം ഉരുത്തിരിയേണ്ടതുണ്ട്‌. അതുവരെ ചെറുത്തുനില്‍പ്പോടെ ഇതിനെ അഭിമുഖീകരിക്കുകയേ വഴിയുള്ളൂ. Yes, this theatre of the vulgar.
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌


സൂര്യനെല്ലിയിലെ കുട്ടിയും ബസന്ത്‌ എന്ന ജഡ്‌ജിയും

1351165612_km_roy.jpg

തുറന്ന മനസോടെ

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍, കോളമിസ്റ്റ്. കേരളപ്രകാശം, ദേശബന്ധു, കേരളഭൂഷണം,, എക്‌ണോമിക് ടൈംസ്, ദ ഹിന്ദു, യു.എന്‍. ഐ. എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. മംഗളത്തിന്റെ ജനറല്‍ എഡിറ്ററായി വിരമിച്ചു. ഇന്‍ഡ്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റിന്റെ സെക്രട്ടറി ജനറല്‍ ആയിരുന്നു.
View Comments
mangalam malayalam online newspaper
17 കൊല്ലം മുമ്പ്‌ സൂര്യനെല്ലിക്കാരിയായ ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കേരള െഹെക്കോടതിയുടെ വിധി വന്നത്‌ 2005 ജനുവരിയിലാണ്‌. വിധിയുടെ പൂര്‍ണരൂപം വായിക്കാത്തവരാണ്‌ കേരളത്തിലെ 99 ശതമാനം അഭിഭാഷകരും നിയമസഭാംഗങ്ങള്‍ അടക്കമുള്ള രാഷ്‌ട്രീയ നേതാക്കളും. യഥാര്‍ഥ പ്രശ്‌നവും അതുതന്നെയാണ്‌.
വരുംവരായ്‌കകളെന്തെന്നു നോക്കാതെ സ്വന്തം മനഃസാക്ഷി ശരിയെന്നു പറയുന്ന കാര്യങ്ങള്‍ തുറന്നു പറയാന്‍ െധെര്യമില്ലാത്ത ഭീരുക്കളാണു സമൂഹത്തില്‍ മഹാഭൂരിപക്ഷവുമെന്നിരിക്കേ സത്യങ്ങള്‍ തുറന്നുപറയാന്‍ െധെര്യം കാണിക്കുന്ന ഒരാളെ ക്രൂശിക്കണമെന്നു ഭീരുക്കള്‍ മാത്രം നിറഞ്ഞ ആള്‍ക്കൂട്ടം ആക്രോശിക്കുമ്പോള്‍ ആ ആള്‍ക്കൂട്ടത്തെയോര്‍ത്തു സഹതപിക്കുകയല്ലാതെ മറ്റെന്താണു മാര്‍ഗം? ആള്‍ക്കൂട്ടം എത്ര തെറ്റാണെന്നു പറഞ്ഞാലും സത്യമെന്നത്‌ എപ്പോഴും സത്യമായിത്തന്നെ നിലനില്‍ക്കുമെന്നതാണു യാഥാര്‍ഥ്യം.
കുപ്രസിദ്ധമായ സൂര്യനെല്ലി സ്‌ത്രീപീഡനക്കേസിലെ നായികയായ പെണ്‍കുട്ടിയെക്കുറിച്ച്‌ ആ കേസില്‍ വിധിയെഴുതിയ രണ്ടു കേരള െഹെക്കോടതി ജഡ്‌ജിമാരില്‍ ഒരാളായ ആര്‍. ബസന്ത്‌ നടത്തിയ ഒരഭിപ്രായപ്രകടനമാണ്‌ ഇപ്പോള്‍ സംസ്‌ഥാനത്തെ ഏറ്റവും വലിയ വിവാദം. ജസ്‌റ്റീസ്‌ ബസന്ത്‌ എന്താണു പറഞ്ഞത്‌, പറഞ്ഞതില്‍ എന്താണു തെറ്റ്‌ എന്ന്‌ ആത്മാര്‍ഥമായി അന്വേഷിക്കാന്‍ ആരെങ്കിലും, എന്തിനു മാധ്യമങ്ങള്‍ വരെ ശ്രമിക്കുകയുണ്ടായോ? എല്ലാവര്‍ക്കമുള്ള ദാഹം ജസ്‌റ്റീസ്‌ ബസന്തിന്റെ രക്‌തത്തിനുവേണ്ടിയാണിപ്പോള്‍.
എന്താണു യാഥാര്‍ഥ്യം? ഇടുക്കി ജില്ലയിലെ സൂര്യനെല്ലിക്കാരിയായ പെണ്‍കുട്ടിയെ 1996 ജനുവരി പതിനാറാം തീയതി മുതല്‍ ഫെബ്രുവരി 25-ാം തീയതി വരെ 41 ദിവസം നാല്‌പത്തിയഞ്ചുപേര്‍ പീഡിപ്പിച്ചതായിട്ടാണു കേസ്‌. പ്രതികളില്‍ രണ്ടുപേര്‍ ഒളിവില്‍ പോവുകയും ഒരാളെ കോടതി പ്രതിപ്പട്ടികയില്‍നിന്ന്‌ ഒഴിവാക്കുകയും ചെയ്‌തു.
കേരള െഹെക്കോടതി ആ കേസില്‍ ഒന്നാം പ്രതിയായ ഒരു അഭിഭാഷകനൊഴിച്ചു മറ്റെല്ലാവരേയും വെറുതെവിടുകയാണുണ്ടായത്‌. ആ വിധിയെഴുതിയത്‌ ജസ്‌റ്റീസ്‌ കെ.എ. അബ്‌ദുള്‍ ഗഫൂര്‍, ജസ്‌റ്റീസ്‌ ആര്‍. ബസന്ത്‌ എന്നീ ജഡ്‌ജിമാരാണ്‌ (ജസ്‌റ്റീസ്‌ ഗഫൂര്‍ അടുത്തകാലത്ത്‌ മരിച്ചു).
ഈ കേസിനെക്കുറിച്ച്‌ വിശദമായി എഴുതണമെന്ന്‌ എനിക്കു തോന്നാന്‍ രണ്ടു കാരണമുണ്ട്‌. അതിലൊന്ന്‌ സൂര്യനെല്ലിക്കേസിന്റെ വിധി പൂര്‍ണ രൂപത്തില്‍ വായിച്ചിട്ടുള്ള രാഷ്‌ട്രീയ നേതാക്കളും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും വളരെ വളരെ വിരളമാണെന്നതാണ്‌. അവരാണിന്ന്‌ ആനയെക്കണ്ട കുരുടന്മാരെപ്പോലെ സൂര്യനെല്ലിക്കാര്യത്തില്‍ അഭിപ്രായപ്രകടനം നടത്തിക്കൊണ്ടിരിക്കുന്നത്‌. സത്യം എന്താണെന്ന്‌ അവര്‍ മനസിലാക്കേണ്ടതുണ്ടല്ലോ? രണ്ടാമത്തെ കാരണം ഒരു യുവ കോളജ്‌ അധ്യാപിക എന്നോടു പറഞ്ഞ കാര്യമാണ്‌. അധ്യാപികമാരുടെ സ്‌റ്റാഫ്‌ റൂമില്‍ അവര്‍ സൂര്യനെല്ലി പ്രശ്‌നം ഈയിടെ ചര്‍ച്ച ചെയ്‌തപ്പോള്‍ എല്ലാവരും ഒരേ സ്വരത്തിലാണ്‌ അതിനെ അപലപിച്ചത്‌. ഹതഭാഗ്യയായ സൂര്യനെല്ലി പെണ്‍കുട്ടിയെ ഒരു മുറിയില്‍ പൂട്ടിയിട്ട്‌ നാല്‌പത്തിയൊന്നു ദിവസം തുടര്‍ച്ചയായി ഇത്രയധികം ആളുകള്‍ പീഡിപ്പിച്ചു എന്നാണവരെല്ലാവരും വിശ്വസിക്കുന്നത്‌. അക്കാര്യത്തില്‍ ഏതു സ്‌ത്രീക്കാണ്‌, ഏതു മനുഷ്യജീവിക്കാണു രോഷമുണ്ടാകാതിരിക്കുക? സംഭവം നടന്നിട്ട്‌ പതിനേഴു വര്‍ഷം കഴിഞ്ഞിരിക്കുന്നു. എന്താണു യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നറിയാത്തവരാണു പുതിയ തലമുറ. അതുകൊണ്ട്‌ അതിന്റെ സത്യാവസ്‌ഥ സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത്‌ ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ഒരു സാമൂഹിക ബാധ്യതയാണെന്നുകൂടി എനിക്കു തോന്നി.
അതിനുവേണ്ടി ഈ കേസില്‍ െഹെക്കോടതിയില്‍നിന്നുണ്ടായ വിധിയെയാണു ഞാന്‍ ആധാരമാക്കുന്നത്‌. ആ വിധിയെന്നത്‌ പൂര്‍ണ രൂപത്തില്‍ കേരള ലോ ജേര്‍ണല്‍ എന്ന പ്രസിദ്ധീകരണത്തില്‍ അച്ചടിച്ചിറക്കിയിട്ടുള്ളതുമാണ്‌. അതുകൊണ്ടുതന്നെ സൂര്യനെല്ലിക്കേസ്‌ വിധി എന്നത്‌ ഒരു പൊതു രേഖയാണ്‌. അഭിഭാഷകരുടെ ഓഫീസുകളിലും പബ്ലിക്‌ െലെബ്രറികളിലും മറ്റും ജേര്‍ണല്‍ ലഭ്യവുമാണ്‌. അതു വായിക്കാന്‍ മാത്രമല്ല അതില്‍നിന്നുള്ള ഭാഗങ്ങള്‍ എടുത്ത്‌ ഉദ്ധരിക്കുന്നതിനും ആര്‍ക്കും അവകാശവുമുണ്ട്‌. ആ വിധിയില്‍ പറഞ്ഞിരിക്കുന്നത്‌ ഈ 41 ദിവസവും കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ട്രാന്‍സ്‌പോര്‍ട്ട്‌, പ്രൈവറ്റ്‌ ബസുകളിലും കാറുകളിലുമായി ഈ പെണ്‍കുട്ടി ഒറ്റയ്‌ക്കും മറ്റുള്ളവരോടൊപ്പവും നിര്‍ബാധം സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നാണ്‌. എന്നു മാത്രമല്ല എറണാകുളം, കോട്ടയം, തേക്കടി, കുമളി, കമ്പം, പാലക്കാട്‌, കോഴിക്കോട്‌, കോതമംഗലം, ആലുവ, മൂവാറ്റുപുഴ, കുറവിലങ്ങാട്‌, തിരുവനന്തപുരം, കന്യാകുമാരി എന്നീ സ്‌ഥലങ്ങളില്‍ പലതവണയായി അവിടെയുള്ള ഹോട്ടലുകളിലും ലോഡ്‌ജുകളിലും ചില വീടുകളിലും ഈ പെണ്‍കുട്ടി താമസിക്കുകയും ചെയ്‌തിരുന്നു. ലോഡ്‌ജുകളുടേയും ഹോട്ടലുകളുടേയും പേരുകള്‍ വിധിയില്‍ എടുത്തു പറഞ്ഞിട്ടുണ്ട്‌. അവയില്‍ പലതും ഇന്നും കേരളത്തിലെ മുന്തിയ ഹോട്ടലുകളാണ്‌.
ഇതിനിടയില്‍ ബന്ധുക്കളുമായി ടെലിഫോണില്‍ ഈ പെണ്‍കുട്ടി സംസാരിക്കുകയും ചെയ്യുമായിരുന്നു. എറണാകുളത്ത്‌ ഒരു ലോഡ്‌ജില്‍ ഒറ്റയ്‌ക്കു താമസിക്കുന്നതിനിടയില്‍ പാര്‍ക്കില്‍ പോയിരുന്ന പെണ്‍കുട്ടി അവിടെ ഒരു സിനിമാ തിയേറ്ററില്‍ ഗാംബ്‌ളര്‍ എന്ന ഹിന്ദിച്ചിത്രം കാണാന്‍ പോവുകയും ചെയ്‌തിരുന്നു. അന്നൊന്നും തന്നെ ബലം പ്രയോഗിച്ചു തടവില്‍വച്ചിരിക്കുകയാണെന്നു പറയാന്‍ ഈ പെണ്‍കുട്ടിക്കു കഴിഞ്ഞില്ല എന്നത്‌ ആര്‍ക്കാണു വിശ്വസിക്കാനാവുക?
ഇതിനിടയില്‍ കുമളിയിലെ പെരിയാര്‍ ഹോസ്‌പിറ്റലിലും ഏലപ്പാറയിലെ അന്‍പു ഹോസ്‌പിറ്റലിലും ചികിത്സയ്‌ക്കായി ചെന്നിരുന്നു. ഡോക്‌ടര്‍മാരോടു തനിച്ചു സംസാരിക്കുമ്പോള്‍ എന്തും പറയാനുള്ള സ്വാതന്ത്ര്യവും സുരക്ഷിതത്വവും അപ്പോള്‍ ഈ പെണ്‍കുട്ടിക്കുണ്ടായിരുന്നു. ഒരു ഡോക്‌ടറോടു പെണ്‍കുട്ടി പറഞ്ഞത്‌ താന്‍ തേക്കടി കാണാന്‍ വന്ന ഒരു ടൂറിസ്‌റ്റാണെന്നാണ്‌. പലപ്പോഴും ഒറ്റയ്‌ക്കാണു പെണ്‍കുട്ടി സഞ്ചരിച്ചതും ഹോട്ടലുകളില്‍ താമസിച്ചിരുന്നതും.
40 ദിവസം കഴിഞ്ഞ്‌ ഫെബ്രുവരി 25-നാണു പെണ്‍കുട്ടി തപാല്‍ ജീവനക്കാരനായ പിതാവിന്റെ ഓഫീസില്‍ തിരിച്ചെത്തിയത്‌. അവിടെനിന്നു വീട്ടിലേക്കു പോയ പെണ്‍കുട്ടിയുടെ പിതാവ്‌ 28-നാണു പരാതിയുമായി പോലീസിനെ സമീപിക്കുന്നത്‌. തന്നെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു പരാതി.

എന്തെങ്കിലും ബലപ്രയോഗം തന്റെമേല്‍ നടത്തുകയോ തന്നെ ആരെങ്കിലും ദേഹോപദ്രവം ഏല്‌പിക്കുകയോ ചെയ്‌തതായി പെണ്‍കുട്ടി അന്നു പറഞ്ഞിരുന്നില്ല.(പോസ്‌റ്റല്‍ വകുപ്പു ജീവനക്കാരുടെ യൂണിയന്‍ നേതാക്കളുടെ നിര്‍ബന്ധമനുസരിച്ചാണു പെണ്‍കുട്ടിയുടെ പിതാവ്‌ നാലാം ദിവസം പരാതിയുമായി പോലീസിനെ സമീപിച്ചതെന്നായിരുന്നു അന്നു പറഞ്ഞുകേട്ടിരുന്നത്‌.)
ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിലെ െഹെക്കോടതികളുടെ നിരവധി വിധികള്‍ ഉദ്ധരിച്ചുകൊണ്ടാണ്‌ ഈ കേസില്‍ ഒന്നൊഴിച്ചുള്ള എല്ലാ പ്രതികളേയും വെറുതെ വിട്ടുകൊണ്ടുള്ള ദീര്‍ഘമായ വിധി െഹെക്കോടതിയിലെ ഡിവിഷന്‍ ബെഞ്ച്‌ പ്രഖ്യാപിച്ചത്‌.
വിധി എഴുതിയത്‌ ജസ്‌റ്റീസ്‌ ഗഫൂറാണ്‌. ആ വിധിപ്രസ്‌താവം ജസ്‌റ്റീസ്‌ ബസന്ത്‌ ശരിവയ്‌ക്കുകയും ചെയ്‌തു. ആ വിധിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഈയിടെ ഒരു സുഹൃദ്‌ സംഭാഷണത്തില്‍ ആവര്‍ത്തിക്കുക മാത്രമാണ്‌ ജസ്‌റ്റീസ്‌ ബസന്ത്‌ ചെയ്‌തത്‌. അതുകൊണ്ട്‌ ഒരു കാരണവശാലും ഇതു പ്രസിദ്ധീകരിക്കരുതെന്ന്‌ അവിടെയുണ്ടായിരുന്ന ടിവി ലേഖികയോടു ജസ്‌റ്റിസ്‌ ബസന്ത്‌ പറഞ്ഞിരുന്നു. ജഡ്‌ജി പദത്തില്‍നിന്നു വിരമിച്ച അദ്ദേഹത്തിന്‌ ഒരു രാഷ്‌ട്രീയ വിവാദത്തിലും തലയിടാന്‍ താല്‍പര്യമില്ലാതിരുന്നു എന്നതാണു കാരണം. പക്ഷേ അത്‌ ഒളിക്യാമറയില്‍ പകര്‍ത്തിയെടുത്ത്‌ സംപ്രേഷണം ചെയ്യുകയാണ്‌ ആ പത്രപ്രവര്‍ത്തക ചെയ്‌തത്‌.
വാസ്‌തവത്തില്‍ പത്രപ്രവര്‍ത്തനത്തിലെ ധാര്‍മികത അനുസരിച്ച്‌ അത്‌ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതായിരുന്നു. ഏതു വാര്‍ത്താ സ്രോതസും താന്‍ പറയുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തരുതെന്ന്‌ ഒരു മാധ്യമപ്രവര്‍ത്തകനോടാവശ്യപ്പെട്ടാല്‍ അതു വെളിപ്പെടുത്താന്‍ പാടില്ലാത്തതു തന്നെയാണ്‌. ലോകത്തെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകര്‍ അംഗീകരിക്കുന്ന ധാര്‍മിക മര്യാദയുമാണത്‌.
ഇതിന്‌ എത്രയോ ഉദാഹരണങ്ങള്‍. 1959-ല്‍ െചെനീസ്‌ പട്ടാള നടപടികളെത്തുടര്‍ന്നു ടിബറ്റില്‍നിന്നു ദലൈലാമ രക്ഷപ്പെട്ടോടിയപ്പോള്‍ ദിവസങ്ങളോളം മുഖ്യ ലോകവാര്‍ത്ത ദലൈലാമ എവിടെ എന്നതായിരുന്നു. അന്നൊരുദിവസം ഫ്രീ പ്രസ്‌ ജര്‍ണലിന്റെ ഡല്‍ഹി റിപ്പോര്‍ട്ടറായിരുന്ന നരേന്ദ്രര്‍ എന്ന വി.എന്‍. നായര്‍ തന്റെ ഭാര്യാപിതാവായ പ്രഖ്യാത പത്രപ്രവര്‍ത്തകന്‍ എം. ശിവറാമിനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോള്‍ കണ്ടത്‌ അന്നത്തെ സെന്‍ട്രല്‍ ഇന്റലിജന്‍സ്‌ മേധാവിയായ സി.എം. നമ്പ്യാരുമായി സംസാരിച്ചിരിക്കുന്നതാണ്‌. ആ സൗഹൃദ സംഭാഷണത്തിനിടയില്‍ ദലൈലാമ ഇപ്പോള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇന്ത്യയില്‍ അഭയം തേടാന്‍ പോകുന്ന ദലായ്‌ലാമയെ സ്വീകരിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്‌ഥ സംഘം അവിടെ കാത്തുനില്‍ക്കുന്നുണ്ടെന്നുമാണ്‌.
ഒരു ഇന്ത്യന്‍ പത്രപ്രവര്‍ത്തകനെ സംബന്ധിച്ചേടത്തോളം ഏറ്റവും വലിയ സ്‌കൂപ്പാണത്‌. ഈ വാര്‍ത്ത തന്റെ പത്രത്തില്‍ എത്തിക്കാനായി നരേന്ദ്രന്‍ പുറത്തിറങ്ങി മോട്ടോര്‍െസെക്കിള്‍ സ്‌റ്റാര്‍ട്ട്‌ ചെയ്യാനൊരുങ്ങുമ്പോള്‍ നമ്പ്യാര്‍ അടുത്തുചെന്നു നരേന്ദ്രനെ തടഞ്ഞു. താന്‍ ഓഫ്‌ ദി റിക്കാര്‍ഡായി പറഞ്ഞ ആ കാര്യം വാര്‍ത്തയാക്കരുതെന്ന്‌ ആവശ്യപ്പെട്ടു. ആ അഭ്യര്‍ഥന നിരസിച്ച്‌ നരേന്ദ്രന്‍ ആ വാര്‍ത്ത തന്റെ പത്രത്തില്‍ കൊടുത്തിരുന്നുവെങ്കില്‍ ലോകം ആകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്‌തുവെന്ന അസാധാരണ ഖ്യാതി നായര്‍ സാബ്‌ എന്ന്‌ ആദരപൂര്‍വം ഞങ്ങളെല്ലാം വിളിച്ചിരുന്ന നരേന്ദ്രനു നേടാന്‍ കഴിയുമായിരുന്നു. പക്ഷേ പത്രധര്‍മവും മാന്യതയുമാണു വിലപ്പെട്ടതെന്നു വിശ്വസിച്ചിരുന്ന നരേന്ദ്രന്‍ വാര്‍ത്താസ്രോതസായ നമ്പ്യാരുടെ അഭ്യര്‍ഥന അനുസരിക്കുകയാണു ചെയ്‌തത്‌.
ഒരു മനുഷ്യന്റെ അന്തസും മാന്യതയും നാം കാണുന്നത്‌ ഇവിടെയാണ്‌. അന്തസിനും മാന്യതയ്‌ക്കും ഒരു വിലയുമില്ലെന്നു കരുതിയാല്‍ പത്രപ്രവര്‍ത്തനത്തില്‍ പിന്നെ എന്തുമാകാമല്ലോ?സൂര്യനെല്ലിക്കേസില്‍ വിധിയെഴുതിയ ജസ്‌റ്റീസ്‌ അബ്‌ദുള്‍ ഗഫൂര്‍ ഒരു സി.പി.ഐ. പ്രവര്‍ത്തകനായിരുന്നു. ഇന്ത്യയിലെ എത്രയോ െഹെക്കോടതി വിധികളെ ഉദ്ധരിച്ചുകൊണ്ടു ജസ്‌റ്റീസ്‌ ഗഫൂര്‍ എഴുതിയ വിധി സാര്‍വത്രിക പ്രശസ്‌തി നേടിയ ഒന്നാണ്‌. അതു ശരിവയ്‌ക്കുക മാത്രമാണ്‌ ജസ്‌റ്റീസ്‌ ബസന്ത്‌ ചെയ്‌തത്‌.
ഈ വിധിയെഴുതിയ ഗഫൂറിന്റെ നീതിബോധത്തില്‍ വിശ്വാസം അര്‍പ്പിച്ചുകൊണ്ട്‌ റിട്ടയര്‍ ചെയ്‌ത ശേഷം അദ്ദേഹത്തെ ഒരു െഹെക്കോടതി ജഡ്‌ജിയുടെ മുഴുവന്‍ ശമ്പളത്തോടുകൂടിത്തന്നെ മുഖ്യമന്ത്രി അച്യുതാനന്ദന്‍ തുടര്‍ന്നു സംസ്‌ഥാനത്തെ കാര്‍ഷിക കടാശ്വാസ കമ്മിഷന്റെ അധ്യക്ഷനായി നിയമിക്കുകയാണുണ്ടായതെന്ന യാഥാര്‍ഥ്യം വിസ്‌മരിച്ചുകളയണോ?
ആ വിധി ആവര്‍ത്തിച്ച ജസ്‌റ്റീസ്‌ ബസന്തിനെയാണ്‌ തികച്ചും സംസ്‌കാരശൂന്യമായ ഭാഷയില്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവായ വി.എസ്‌. അച്യുതാനന്ദന്‍ അധിക്ഷേപിച്ചത്‌. ജസ്‌റ്റീസ്‌ ബസന്തിന്റെ കരണത്ത്‌ പെണ്‍കുട്ടികള്‍ അടിക്കണമെന്നാണു ടെലിവിഷന്‍ ചാനലുകളിലൂടെ പരസ്യമായി അച്യുതാനന്ദന്‍ പറഞ്ഞത്‌. മരിച്ചുപോയതുകൊണ്ടാവണം ജസ്‌റ്റീസ്‌ ഗഫൂറിന്റെ കരണത്ത്‌ അടിക്കണമെന്ന്‌ അദ്ദേഹം പറയാതിരുന്നതെന്നു വേണം കരുതാന്‍. അഞ്ചുവര്‍ഷം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സൂര്യനെല്ലിക്കേസിന്റെ കാര്യത്തില്‍ അച്യുതാനന്ദന്‍ ചെറുവിരലെങ്കിലും അനക്കിയോ എന്നത്‌ അദ്ദേഹത്തിനു പോലും മറുപടി പറയാന്‍ കഴിയാത്ത കാര്യമാണ്‌.
കുലീനതയും ആഭിജാത്യവുമുണ്ടായിരുന്ന ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട്‌, സി. അച്യുതമേനോന്‍, പി.കെ. വാസുദേവന്‍നായര്‍, ഇ.കെ. നായനാര്‍ എന്നീ കമ്യൂണിസ്‌റ്റ്‌ നേതാക്കള്‍ മുഖ്യമന്ത്രിമാരായിരിന്നിട്ടുള്ള കേരളത്തിലാണു വി.എസ്‌. അച്യുതാനന്ദനും കമ്യൂണിസ്‌റ്റ്‌ മുഖ്യമന്ത്രിയായിരുന്നതെന്നത്‌ ചിന്താശക്‌തിയുള്ളവനെ ലജ്‌ജിപ്പിക്കുന്ന കാര്യമാണ്‌.
അതുപോലെതന്നെ തീര്‍ത്തും അപലപനീയമാണ്‌ ജസ്‌റ്റീസ്‌ ബസന്ത്‌ പറഞ്ഞതു തെറ്റായിപ്പോയിയെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രപ്രസ്‌താവന നടത്തിയത്‌. സത്യം പറഞ്ഞ ജസ്‌റ്റീസിനെപ്പറ്റി ഇങ്ങനെ പറയാന്‍ നിയമബിരുദധാരി കൂടിയായ മുഖ്യമന്ത്രിയെ ആരാണ്‌ ഉപദേശിച്ചു കൊടുത്തതെന്നും അന്വേഷിക്കേണ്ട കാര്യമാണ്‌. അതോ ജനങ്ങളെ നയിക്കേണ്ട മുഖ്യമന്ത്രി സത്യമെന്താണെന്നറിയാതെ എന്തും വിളിച്ചുകൂവുന്നവരാല്‍ നയിക്കപ്പെടുന്ന ഒരു നേതാവായി മാറുകയാണോ?
ജസ്‌റ്റീസ്‌ ഗഫൂറിന്റെ വിധി പ്രസ്‌താവത്തെ ശരിവച്ചുകൊണ്ട്‌ അതിന്റെ ഭാഗമായി ജസ്‌റ്റീസ്‌ ബസന്ത്‌ എഴുതിയ തന്റെ കുറിപ്പില്‍ പറയുന്ന ഒരു കാര്യമുണ്ട്‌. അതിങ്ങിനെയാണ്‌. നാമിപ്പോള്‍ ജീവിക്കുന്നത്‌ ശക്‌തമായ ഒരു ഉപഭോക്‌തൃ സമൂഹത്തിലാണ്‌. അതുകൊണ്ടുതന്നെ ഒട്ടനവധി പ്രലോഭനങ്ങള്‍ക്ക്‌ ഒരു ചെറിയ പെണ്‍കുട്ടി വിധേയയായിത്തീര്‍ന്നു എന്നിരിക്കും. യഥാര്‍ഥ ജീവിത മൂല്യങ്ങള്‍ക്കു വില നല്‍കി ഈ മാതിരി പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള കരുത്ത്‌ ആ പെണ്‍കുട്ടിക്കു നല്‍കിയേ മതിയാകൂ. അങ്ങനെയുള്ള പെണ്‍കുട്ടിയെ വഴിതെറ്റിപ്പോയവള്‍ എന്നു പഴിക്കുകയോ അല്ലെങ്കില്‍ അവളുടെ വിധിയെന്നു പറഞ്ഞു അവളെ തള്ളുകയോ ചെയ്യുന്നതില്‍ കാര്യമില്ല. അതു അത്തരം പെണ്‍കുട്ടികള്‍ ജനിച്ചുവളരാന്‍ നിര്‍ബന്ധിതമായ പരിതസ്‌ഥിതികളുടെ ഫലമായതുകൊണ്ട്‌ അതവരുടെ തെറ്റല്ലെന്നു മനസിലാക്കിക്കൊണ്ട്‌ അവരോടു സഹതപിക്കാന്‍ സമൂഹത്തിനു കഴിയണം. ഭാവി പൗരന്മാരായ അവരില്‍ ജീവിതത്തിന്റെ യഥാര്‍ഥ മൂല്യം വളര്‍ത്തിയെടുക്കുന്നതിനാവശ്യമായ വിദ്യാഭ്യാസവും അറിവും നല്‍കുന്നതിനുള്ള ബാധ്യതയാണ്‌ ഒരു മതേതര രാഷ്‌ട്രത്തിനുള്ളത്‌.
സൂര്യനെല്ലി സംഭവത്തിലായാലും മറ്റേതൊരു സമാന സംഭവത്തിലായാലും ജസ്‌റ്റീസ്‌ ബസന്ത്‌ പ്രകടിപ്പിച്ച ഈ അഭിപ്രായത്തിനാണ്‌ ആത്മവഞ്ചകരല്ലാത്ത മനുഷ്യര്‍ വില കല്‍പിക്കേണ്ടതെന്ന്‌ എനിക്കു തോന്നുന്നു.

Saturday, 9 February 2013

സൂര്യനെല്ലി പെൺകുട്ടി ചെറുപ്പത്തിലേ വഴിപിഴച്ചു പോയി: ജസ്റ്റീസ് ആർ.ബസന്ത്
Posted on: Saturday, 09 February 2013


മലപ്പുറം: സൂര്യനെല്ലി പീഡന കേസിലെ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി ഡിവിഷൻ ബെ‌‌ഞ്ചിലെ ജഡ്ജിയായിരുന്ന ആർ.ബസന്ത് പീഡനത്തിന് ഇരയായ പെൺകുട്ടിക്കെതിരെ അധിക്ഷേപവുമായി രംഗത്ത്. പെൺകുട്ടി ചെറുപ്പത്തിലേ വഴിപിഴച്ചു പോയതാണെന്ന് അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയുടേത് ബാലവേശ്യാവൃത്തിയാണെന്നും ബസന്ത് പറയുന്നത് ഒരു സ്വകാര്യ ചാനലാണ് പുറത്ത് വിട്ടത്.  ജസ്റ്റിസ് ബസന്തും ജസ്റ്റിസ് അബ്ദുല്‍ ഗഫൂറും ഉള്‍പ്പെടുന്ന ഹൈക്കോടതി ബെഞ്ചാണ് സൂര്യനെല്ലി കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ട് ഉത്തരവിട്ടത്. ഈ ഉത്തരവാണ് സുപ്രീംകോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്. ബാലവേശ്യവൃത്തി നിർഭാഗ്യവശാൽ രാജ്യത്ത് നിലനിൽക്കുന്നു. ഈ പെൺകുട്ടിയും ബാലവേശ്യാവൃത്തിക്ക് ഉപയോഗപ്പെട്ടിരിക്കാം. ബാലവേശ്യാവൃത്തി എന്നു പറയുന്നത് ബലാത്സംഗമല്ല. പക്ഷേ, അത് അസന്മാര്‍ഗികമാണ്. പെണ്‍കുട്ടിക്ക് പക്വതയില്ലായിരുന്നു. വിദ്യാർത്ഥിനിയായിരിക്കെ തന്നെ അവള്‍ തട്ടിപ്പ് കാട്ടി. ഇക്കാര്യങ്ങളെല്ലാം ഹൈക്കോടതി വിധിയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.  പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി എന്നത് തെളിയിക്കാനായിട്ടില്ല. പീഡിപ്പിക്കപ്പെട്ട സമയത്ത് പെണ്‍കുട്ടി തടവിലായിരുന്നില്ല. ഇതിനിടെ തൊണ്ടവേദനയ്ക്ക് ഡോക്ടറെ കാണിച്ചതിന് തെളിവുണ്ടെന്നും ബസന്ത് അവകാശപ്പെട്ടു.

പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിയില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ സുപ്രീംകോടതിയെയും ബസന്ത് വെറുതെ വിട്ടില്ല.  വിധിയെ കുറിച്ച് സുപ്രീംകോടതി ഞെട്ടിയത് വിധിപ്രസ്താവം ശരിയായവിധം വായിക്കാത്തതുകൊണ്ടാണ്. സൂര്യനെല്ലി കേസിലെ വിധിന്യായം വായിക്കാതെ അഭിപ്രായം പറയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

Thursday, 7 February 2013

കെ.എസ്‌.യുക്കാര്‍ കരിഓയില്‍ ഒഴിച്ച കേശവേന്ദ്രകുമാര്‍ കോണ്‍ഗ്രസ്‌ അധ്യാപക സംഘടനയുടെ മുഖ്യാതിഥി

കോട്ടയം: കെ.എസ്‌.യുക്കാരുടെ കരിഓയില്‍ പ്രയോഗത്തിന്‌ ഇരയായ ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടര്‍ കേശവേന്ദ്രകുമാര്‍ കോണ്‍ഗ്രസ്‌ അദ്ധ്യാപക സംഘടനയായ ജി.എസ്‌.ടി.യുവിന്റെ സംസ്‌ഥാന സമ്മേളനത്തില്‍ മുഖ്യാതിഥിയാകുന്നു. കോട്ടയത്ത്‌ ഇന്നും നാളെയും മറ്റന്നാളുമായി നടക്കുന്ന ജി.എസ്‌.ടി.യു 22-ാം സംസ്‌ഥാന സമ്മേളനത്തോടനുബന്ധിച്ചു നാളെ ഉച്ചകഴിഞ്ഞ്‌ നടക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തിലാണു കേശവേന്ദ്രകുമാര്‍ മുഖ്യതിഥിയാകുന്നത്‌. വിദ്യാഭ്യാസമന്ത്രി പി.കെ.അബ്‌ദുറബ്ബ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ എ.ഷാജഹാനും സമ്മേളനത്തിനെത്തുന്നുണ്ട്‌.
കരി ഓയില്‍ സംഭവത്തിനെതിരേ പാര്‍ട്ടിക്കുളളിലും പൊതു സമൂഹത്തിലും ശക്‌തമായ വികാരം ഉയര്‍ന്നിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ്‌ അദ്ധ്യാപക സംഘടന ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടറെ സമ്മേളനത്തില്‍ മുഖ്യതിഥിയാക്കിയതു ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ അദ്ദേഹം സമ്മേളനത്തിനെത്തുമോയെന്നു വ്യക്‌തമല്ല.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്രമന്ത്രി വയലാര്‍ രവി, മന്ത്രിമാരായ കെ.എം.മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കെ.സി.ജോസഫ്‌, കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, യു.ഡി.എഫ്‌.കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ തുടങ്ങിയവരും മൂന്നു ദിവസം നടക്കുന്ന വിവിധ സമ്മേളനങ്ങളില്‍ പങ്കെടുക്കും. കേശവേന്ദ്രകുമാര്‍ പങ്കെടുക്കുന്ന ദിവസം തന്നെ കെ.എസ്‌.യു. സംസ്‌ഥാന പ്രസിഡന്റ്‌ വി.എസ്‌.ജോയിയും പൊതുസമ്മേളനത്തിനെത്തും.
ചൊവ്വാഴ്‌ചയാണു കെ.എസ്‌.യു. പ്രവര്‍ത്തകര്‍ കരിഓയില്‍ പ്രയോഗിച്ചത്‌. കരിഓയില്‍ ഒഴിക്കുമെന്നു കാലേക്കൂട്ടി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. സംഭവത്തില്‍ അറസ്‌റ്റിലായവരുടെ പൂര്‍വകാല രാഷ്‌ട്രീയ ബന്ധം അന്വേഷിക്കാന്‍ ആഭ്യന്തരവകുപ്പ്‌ നിര്‍ദേശം നല്‍കി.

'സൂര്യനെല്ലി'യുടെ രഹസ്യങ്ങളുമായി പഞ്ചായത്ത്‌ ഓഫീസ്‌

mangalam malayalam online newspaperകുമളി: കുമളി പഞ്ചായത്ത്‌ ഓഫീസിന്‌ നാവുണ്ടായിരുന്നെങ്കില്‍ കേരളം ഉത്തരം തേടുന്നൊരു വിവാദച്ചോദ്യത്തിന്‌ ശരിയുത്തരം ലഭിക്കുമായിരുന്നു. കാരണം ആ കെട്ടിടത്തിന്റെ നാലു ചുമരുകള്‍ക്കുള്ളിലാണ്‌ വിവാദമായ സ്‌ത്രീപീഡനം നടന്നതെന്ന്‌ നാട്ടുകാര്‍ സംശയിക്കുന്നത്‌. കാരണം, ഇന്നത്തെ പഞ്ചായത്ത്‌ ഓഫീസ്‌ മന്ദിരമാണ്‌ കുപ്രസിദ്ധിമായ സൂര്യനെല്ലി റസ്‌റ്റ്‌ഹൗസ്‌്.
1979 മെയ്‌ 27 നാണ്‌ റസ്‌റ്റ്‌ഹൗസ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌. അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി കെ. അവുക്കാദര്‍കുട്ടി നഹയാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. തുടക്കം ബാര്‍ ഹോട്ടലായായിരുന്നു. സ്വകാര്യ വ്യക്‌തി റസ്‌റ്റ്‌ഹൗസ്‌ മന്ദിരം ലേലത്തില്‍ പിടിച്ചു. എ.ആര്‍.എസ്‌ റസ്‌റ്റ്‌ഹൗസ്‌ സംസ്‌ഥാനത്തിനകത്തും പുറത്തും ശ്രദ്ധേയമായി. കാബറെ നൃത്തം കൂടിയാരംഭിച്ചതോടെ നാട്ടിലും പുറത്തുമുള്ള പ്രമാണിമാരുടെ സ്‌ഥിരം സന്ദര്‍ശനകേന്ദ്രമായി.
ബംഗളുരുവില്‍നിന്നും വടക്കേഇന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ നിന്നുപോലും കാബറെ സുന്ദരികള്‍ ഇവിടെ എത്തി. രാത്രി ഏഴിന്‌ ആരംഭിക്കുന്ന കാബറെ രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കും. 18 മുറികളാണ്‌ ഇവിടെ ഉണ്ടായിരുന്നതെങ്കിലും മുകളിലത്തെ നിലയില്‍ നിശാസുന്ദരിമാരെയാണ്‌ പാര്‍പ്പിച്ചിരുന്നത്‌. കുമളിയുടെ അസന്മാര്‍ഗികതയ്‌ക്ക്‌ ഈ സ്‌ഥാപനം വഴിതുറക്കുകയായിരുന്നു. കാബറെ നൃത്തം കഴിഞ്ഞാല്‍ സുന്ദരിമാരില്‍ആരുമായും അന്തിയുറങ്ങാം. പലതവണ പോലീസ്‌ റെയ്‌ഡ്‌ നടത്തിയെങ്കിലും ഇതെല്ലാം പ്രഹസനമായി. പോലീസിലെ ഉന്നതര്‍പോലും സ്‌ഥിരം സന്ദര്‍ശകരായി.
അഞ്ചുവര്‍ഷത്തിനുശേഷം മറ്റൊരാള്‍ കെട്ടിടം ലേലത്തില്‍ പിടിച്ചു. വനറാണിയെന്ന്‌ നാമകരണം ചെയ്‌തു. ഹോട്ടല്‍ ആരംഭിച്ചെങ്കിലും പരമ്പരാഗത പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ആലുവ സ്വദേശികളായ രണ്ട്‌ യുവാക്കള്‍ മുറിയില്‍ തൂങ്ങി മരിച്ചതോടെ ആളുകള്‍ക്ക്‌ ഇവിടേയ്‌ക്ക്‌ വരാന്‍ ഭയമായി. ഇരുവരുടെയും മരണം ഇന്നും ദുരൂഹത നിറഞ്ഞതായി തുടരുന്നു. ഇക്കാലത്ത്‌ കുമളിയുടെ മുഖം തന്നെ കറുത്തതായിരുന്നു. അതിര്‍ത്തിയിലെ ചൗക്കയിലും ആനവച്ചാല്‍ വനപ്രദേശത്തും അജ്‌ഞാത മൃതദേഹങ്ങള്‍ കാണുന്നതു പതിവായി. പിന്നീട്‌ സഞ്ചാരികളുടെ വരവേറിയതോടെയും വ്യാപാര സ്‌ഥാപനങ്ങളും റിസോര്‍ട്ടുകളും ഉയര്‍ന്നതോടെയുമാണ്‌ ടൗണിന്റെ മുഖഛായ മാറിയത്‌.
എന്നിട്ടും പഞ്ചായത്ത്‌ റസ്‌റ്റ്‌ഹൗസിന്റെ ദുര്‍വിധി തീര്‍ന്നില്ല. ഒടുക്കം സൂര്യനെല്ലി പെണ്‍കുട്ടിയെ കേന്ദ്രമന്ത്രി പീഡിപ്പിച്ചെന്ന ആരോപണം ഉയരുന്നതുവരെ ഈ സ്‌ഥാപനം റസ്‌റ്റ്‌ഹൗസും പെണ്‍വാണിഭകേന്ദ്രമെന്ന ചീത്തപ്പേരും തുടര്‍ന്നു. സൂര്യനെല്ലി കേസിനെ തുടര്‍ന്ന്‌ മാസങ്ങളോളം റസ്‌റ്റ്‌ഹൗസ്‌ അടച്ചു. ഒടുക്കം കരാറുകാരനെ ഒഴിപ്പിക്കാന്‍ പഞ്ചായത്ത്‌ നിര്‍ബന്ധിതമായി. ആറു മാസം കൂടി കാലാവധിയുള്ളപ്പോഴാണ്‌ മന്ദിരം തിരിച്ചു പിടിച്ചത്‌.
കരാറുകാരന്‍ െഹെക്കോടതിയെ സമീപിച്ചെങ്കിലും അന്നത്തെ പഞ്ചായത്ത്‌ ഭരണസമിതി തന്ത്രപരമായി പഞ്ചായത്ത്‌ ഓഫീസ്‌ ഇവിടേയ്‌ക്ക്‌ മാറ്റി. സൂര്യനെല്ലി വിവാദമുണ്ടാകുമ്പോള്‍ ഒരു ബസുടമയായിരുന്ന ദേവസ്യ എന്നയാളായിരുന്നു റസ്‌റ്റ്‌ഹൗസ്‌ മാനേജര്‍. അന്ന്‌ ഒളിവില്‍ പോയ ഇയാളെക്കുറിച്ച്‌ പിന്നീട്‌ വിവരമൊന്നുമില്ല. ഈ മന്ദിരത്തിന്റെ താഴത്തെ നിലയില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്‌, െവെദ്യുതി ബോര്‍ഡ്‌ ഓഫീസ്‌, ജില്ലാ ഫിഷറീസ്‌ ഓഫീസ്‌ എന്നിവ അന്നും പ്രവര്‍ത്തിച്ചിരുന്നു.

ഹോട്ടലുകാര്‍ വിളമ്പുന്നതില്‍ ചത്ത കോഴികളും

mangalam malayalam online newspaperതിരുവനന്തപുരം: സംസ്‌ഥാനത്തെ ചില ഹോട്ടലുകളില്‍ മൊത്തവിതരണക്കാര്‍ ചത്തകോഴികളെ വില്‍പ്പന നടത്തുന്നതായി അനേ്വഷണത്തില്‍ വ്യക്‌തമായി.
തമിഴ്‌നാട്ടില്‍നിന്ന്‌ എത്തിക്കുന്ന കോഴികളില്‍ 30 ശതമാനം ഇവിടെ എത്തുമ്പോഴേക്കും ചത്തിരിക്കും. അവയാണു തുച്‌ഛവിലയ്‌ക്കോ വില ഈടാക്കാതെയോ നല്‍കുന്നത്‌.
നാമക്കല്‍-ഹൊസൂര്‍ മേഖലകളില്‍ നിന്നാണ്‌ കോഴികളെ എത്തിക്കുന്നത്‌. അവിടെനിന്ന്‌ രാത്രി കോഴികളെ കയറ്റുമ്പോള്‍ 20 മുതല്‍ 24 ഡിഗ്രി വരെയാണ്‌ ചൂട്‌. ഇവിടെയെത്തുമ്പോള്‍ 34 ഡിഗ്രിയാകും. അങ്ങനെയാണ്‌ കോഴികള്‍ ചാകുന്നതെന്ന്‌ ചാലയിലുള്ള മൊത്തവിതരണക്കാരന്‍ പറയുന്നു.
കോഴിയിറച്ചിക്ക്‌ വില കൂടിയതോടെ ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കിയെന്ന്‌ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്‌ഥരും വ്യക്‌തമാക്കി.
ഒരു കോഴിക്ക്‌ രണ്ടുകിലോയാണ്‌ ഭാരം കണക്കാക്കിയിട്ടുള്ളത്‌. ഒരാഴ്‌ച 40 ലക്ഷം കിലോയാണ്‌ സംസ്‌ഥാനത്ത്‌ എത്തുന്നതെന്നാണ്‌ ഔദ്യോഗിക കണക്ക്‌. ഇതിന്റെ 40 ശതമാനത്തോളം നികുതി വെട്ടിച്ചും കടത്തുന്നുണ്ട്‌. ഒരു ട്രേയിലുള്ള 17 കോഴികള്‍ക്ക്‌ 35 കിലോയാണ്‌ കണക്കാക്കുന്നത്‌.
പക്ഷേ ഇതില്‍ ഇരട്ടി തൂക്കമുള്ള കോഴികള്‍ ഉണ്ടാകാറുണ്ട്‌. ഗതാഗത തടസ്സം രൂക്ഷമാകാതിരിക്കാന്‍ പല ചെക്ക്‌പോസ്‌റ്റുകളിലും കോഴികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ പൂര്‍ണമായും പരിശോധിക്കാറില്ലെന്ന്‌ അധികൃതര്‍ വ്യക്‌തമാക്കി.
പുറത്തുള്ള ട്രേകളില്‍ നല്ല കോഴികളായിരിക്കും. ഇത്‌ പരിശോധിച്ച ശേഷം വാഹനങ്ങള്‍ കടത്തിവിടുകയാണ്‌ പതിവ്‌.
മിക്ക വാഹനങ്ങളിലും കോഴികള്‍ക്ക്‌ ആഹാരവും വെള്ളവും കൊടുക്കാനുള്ള സൗകര്യമില്ല. ചെറിയ ട്രേകളില്‍ ഇവ നല്‍കുന്നുണ്ടെങ്കിലും അത്‌ മുഴുവന്‍ കോഴികള്‍ക്കും ലഭിക്കില്ല. ഇത്തരത്തില്‍ അവശരായും കോഴികള്‍ ചാകുന്നുണ്ട്‌.
കോഴികള്‍ തമ്മിലുള്ള ആക്രമണത്തിലും മരണം സംഭവിക്കും.ഷാപ്പുകാരും ചെറുകിട കച്ചവടക്കാരും ഹോട്ടലുകളും കോഴിയിറച്ചി വില്‍ക്കുന്നവരുമാണ്‌ ചത്തതും രോഗം വന്നതുമായ കോഴികളെ വാങ്ങുന്നതെന്ന്‌ മൊത്തവിതരണക്കാര്‍ പറയുന്നു. ഇത്തരം കോഴികളെ പാകം ചെയ്‌തത്‌ പരിശോധിച്ചാല്‍ കാലുകളില്‍ രക്‌തം കറുത്ത്‌ കട്ടപിടിച്ചിരിക്കുന്നത്‌ കാണാം.

കാണാതെ പോയ മണ്‍കലം


കാണാതെ പോയ മണ്‍കലങ്ങളെപ്പറ്റിയാണ് ഈ എഴുത്ത്. പണ്ടൊക്കെ കേരളത്തിലെ ഏതു മുറുക്കാന്‍ കടയ്ക്കു മുന്നിലും ആദ്യം കണ്ണില്‍പ്പെടുക ഒരു മണ്‍കലമാണ്. ദാഹിച്ചു വലഞ്ഞു വരുന്ന ആര്‍ക്കും കിട്ടും അതില്‍ നിന്ന് നല്ല സ്വാദുള്ള തണുത്ത വെള്ളം. അതിനാരും കാശ് ചോദിച്ചിരുന്നില്ല. ദാഹിക്കുന്നവന് വെള്ളം കൊടുക്കുന്നതിന് പണം വാങ്ങുന്നതിനെപ്പറ്റി അന്ന് ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നു. ഇന്ന് കടകള്‍ക്കു മുന്നില്‍ തൂങ്ങിക്കിടക്കുന്നു പ്ലാസ്റ്റിക് കുപ്പികളില്‍ നിറച്ച കുടിവെള്ളം. എവിടെ നിന്ന് വന്നെന്നും എത്ര കണ്ട് ശുദ്ധമാണെന്നും ആര്‍ക്കുമറിയാത്ത വെള്ളം പക്ഷേ ആരും വെറുതെ തരില്ല.

വേനലായാല്‍ നാട്ടിലെ കുളവും കിണറുമൊക്കെ വറ്റി തുടങ്ങും. ഒരു തുള്ളി വെള്ളം കുടിക്കാനും കുളിക്കാനുമില്ലാതെ നാട്ടുകാരൊക്കെ നെട്ടോട്ടം. ഒരു കിണര്‍ വറ്റിയാല്‍ അടുത്ത വീട്ടിലെ കിണര്‍. ഒരു കുളം വറ്റിയാല്‍ അടുത്ത കുളം. വെള്ളമെടുക്കരുതെന്ന് ആരും പറയാറില്ല. ആവശ്യക്കാരൊക്കെ ആവശ്യം പോലെ വെള്ളം കോരും. അടുത്തുള്ള പുഴയോ തോടോ വറ്റിയാല്‍ അകലെയുള്ള പുഴയിലേക്കാവും കുളിക്കാനും അലക്കാനുമുള്ള പോക്ക്. നാട്ടിലെ പെണ്ണുങ്ങള്‍ക്ക് പിടിപ്പതു പണിയുണ്ടെങ്കിലും ഈ യാത്രയിലൊരു രസമുണ്ട്. കുഞ്ഞുകുട്ടി പണ്ടാരങ്ങളൊക്കെയായി നാട്ടുവര്‍ത്തമാനങ്ങള്‍ പങ്കുവച്ച് അങ്ങനെ.

അന്നൊന്നും വെള്ളം ആരുടെയും കുത്തക ആയിരുന്നില്ല. വെള്ളമുള്ള കിണറുകളിലേക്ക് എത്താന്‍ തടസ്സമായി കൂറ്റന്‍ മതിലുകളും ഗേറ്റുകളും ഉണ്ടായിരുന്നില്ല. പ്രകൃതി തരുന്നതൊക്കെ തനിക്കും തന്റെ കുടുംബത്തിനും മാത്രമെന്ന സ്വാര്‍ഥ ചിന്തയുണ്ടായിരുന്നില്ല. അയല്‍വക്കത്തെ വീട്ടില്‍ നിന്ന് ഒരു മുറി തേങ്ങയോ ചക്കയോ രണ്ടു മാങ്ങയോ വാങ്ങുന്നത് അപരാധമായി ആരും കണ്ടിരുന്നില്ല. വെളിമ്പറമ്പുകളില്‍ വളരുന്ന തഴുതാമയും ചീരയും പപ്പായയും പറിച്ച് കറി വയ്ക്കാന്‍ ആരെയും പേടിക്കേണ്ടിയിരുന്നില്ല.

കാലം മാറി. ഇന്ന് വേനല്‍ എല്ലാവരേയും പേടിപ്പിക്കുന്നു. കെട്ടിയടച്ച പറമ്പുകള്‍ക്കുള്ളിലെ വെള്ളമുള്ള കിണറുകള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരിക്കുന്നു. നഗരങ്ങളില്‍ കിണറുകളൊക്കെ മൂടി പൈപ്പ് വെള്ളം കുടിച്ചോളാന്‍ സര്‍ക്കാര്‍ പറയുന്നു. പൈപ്പിലൂടെ അധിക സമയവും കാറ്റു മാത്രമേ വരാറുള്ളൂ എന്ന് നാട്ടുകാര്‍ക്കറിയാം. പിന്നെ കുടിക്കാനും കുളിക്കാനും വെള്ളം കിട്ടണമെങ്കില്‍ കാശു കൊടുക്കണം. ജനവരി - ഫെബ്രുവരി മാസമായാല്‍ മതി. കുടിവെള്ള ടാങ്കറുകള്‍ നിരത്തിലൂടെ ചീറിപ്പാഞ്ഞു തുടങ്ങുന്നു. കാശുള്ളവന്റെ വീട്ടിലെ കിണറ്റിലേക്ക് എവിടെ നിന്നെങ്കിലും അവര്‍ വെള്ളമെത്തിച്ചു തരും. കാശിന്റെ കണക്കു ചോദിക്കരുത്, വെള്ളത്തിന്റെ ഗുണവും. കുടിവെള്ളം വേണമെങ്കില്‍ കുപ്പിയിലോ വലിയ സംഭരണിയിലോ കിട്ടും. അതിനും പറയുന്ന വില കൊടുക്കണം. പുഴകളൊക്കെയും കുളിക്കാന്‍ കൊള്ളാത്ത വിധം മലിനമാക്കുകയും ഭൂമിയുടെ മാറിലേക്ക് കുഴലിറക്കി ഒടുവിലത്തെ തുള്ളി വെള്ളവും ഊറ്റിയെടുക്കുകയും ചെയ്യുന്ന മനുഷ്യന പ്രകൃതി കൊടുത്ത ശിക്ഷയെന്ന് ഇതിനെ വിളിക്കാമോ?

ഭൂമാഫിയയും മണല്‍ മാഫിയയും കഴിഞ്ഞ് വെള്ളം മാഫിയയുടെ കാലമാണ് വരുന്നത്. തിരുവനന്തപുരം നഗരം തന്നെ ഉദാഹരണം. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും പൈപ്പ് വെള്ളം മുടങ്ങുന്ന നിരവധി പ്രദേശങ്ങളുണ്ടിവിടെ. മെഡിക്കല്‍ കോളേജുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കുടിവെള്ളം മുടങ്ങുന്നത് യാദൃച്ഛികമായല്ലെന്നത് പരസ്യമായ രഹസ്യം. പൈപ്പിലെ വെള്ളം നില്‍ക്കുന്നതിനു മുമ്പേ വെള്ളവുമായി ലോറികള്‍ വീട്ടുപടിക്കലെത്തും. ലോറിയുടമകളുടെ ദിവ്യദൃഷ്ടിയൊന്നുമല്ല സംഗതി. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിലെ വാല്‍വ് എപ്പോള്‍ അടയുമെന്ന് ജീവനക്കാരേക്കാള്‍ നന്നായറിയാം ലോറിക്കാര്‍ക്ക്!

കടുത്ത വേനലിന്റെ ഭീകരമുഖം ഇപ്പോള്‍ കേരളത്തിന് മുന്നില്‍ കണ്ണുംതുറിപ്പിച്ച് നില്‍പ്പാണ്. വെള്ളത്തിനും റേഷന്‍ വരാന്‍ പോകുന്നത്രേ. ഒരു കുടുംബത്തിന് ഒരു ദിവസം ഒരു കുടം വെള്ളം. വേണ്ടതിനും വേണ്ടാത്തതിനും വെള്ളം വാരിക്കോരി ചെലവാക്കി ശീലിച്ച മലയാളി എങ്ങനെ ഇത് സഹിക്കും? സഹിക്കുകയല്ലാതെ എന്തു ചെയ്യും? നാട്ടുകാര്‍ക്ക് കുടിവെള്ളം നല്‍കാന്‍ ഉത്തരവാദിത്വപ്പെട്ട ജല അതോറിറ്റിക്കാരോട് ചോദിച്ചപ്പോള്‍ ഉത്തരം ഒരു മറുചോദ്യമായിരുന്നു - ഫെബ്രുവരി പകുതിയാവുമ്പോഴേക്കും മഴ പെയ്യാതിരിക്കുമോ? നല്ല തമാശ. ഇനി ഏതെങ്കിലും പണിക്കരെ വിളിച്ച് പ്രശ്‌നം വച്ച് നോക്കാം!

വര്‍ഷം തോറും ശരാശരി 3000 മില്ലിമീറ്റര്‍ മഴ ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. എന്നിട്ടും ഇവിടെ കുടിവെള്ളമില്ലെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? പെയ്യുന്ന വെള്ളം മുഴുവന്‍ കുത്തിയൊലിച്ച് കടലിലേക്ക് പോകാന്‍ വഴിയൊരുക്കി കൊടുത്തത് ആരാണ്? ദുര മൂത്ത മലയാളി തന്നെ. അഞ്ചു ലക്ഷം രൂപ കൊടുത്ത് വാങ്ങുന്ന ഭൂമിയില്‍ നിന്ന് ഒരു കോടി രൂപയ്്ക്ക് മണലെടുക്കാമെന്ന് കണ്ടെത്തിയ മഹാമനീഷികള്‍. ഒരു കുന്ന് അപ്പാടെ വിഴുങ്ങാന്‍ ഒരു ജെ.സി.ബിയ്ക്ക് ഒരു പകല്‍ മതിയെന്ന് കണ്ടെത്തിയ ബുദ്ധിമാന്മാര്‍. കുന്നിടിച്ച് കുഴിനികത്തി സമത്വം സ്ഥാപിച്ച മിടുക്കന്മാര്‍. സ്വന്തമായി ഇതിനൊന്നും വഴിയില്ലെങ്കില്‍ ആരെങ്കിലുമൊക്കെ ഇതൊക്കെ ചെയ്യുന്നത് കണ്ട് മിണ്ടാതിരുന്നവര്‍. ഒരു കുടം വെള്ളം റേഷന്‍ കിട്ടാന്‍ തന്നെ അര്‍ഹതയുണ്ടോ കേരളീയര്‍ക്ക്?
പകലരുത് പലതരുത് പതറരുത് പലരോടരുത് പാടരുത്‌
പുനത്തില്‍ കുഞ്ഞബ്ദുള്ള
13 Jan 2011

മാനവസംസ്‌കാരത്തിന്റെ വളര്‍ച്ചയോടൊപ്പംതന്നെ മദ്യപാനശീലവും വളര്‍ന്നുവന്നു. മദ്യത്തെ പലവിധ കോണുകളില്‍ക്കൂടിയാണ് മനുഷ്യരാശി കണ്ടുവരുന്നത്. മദ്യം ഭക്ഷണമായും ഉന്മേഷം നല്‍കുന്ന പാനീയമായും ലഹരിപദാര്‍ത്ഥമായും വിഷമായും മനുഷ്യരെ പരസ്​പരം അടുപ്പിച്ചുനിര്‍ത്താനുള്ള ഏകവസ്തുവായും കാലാകാലമായി ഉപയോഗിച്ചുവരുന്നു. മദ്യത്തിന്റെ അളവ്, അത് കുടിച്ചുതീര്‍ക്കുന്ന സമയം, അതിന്റെ വീര്യം, അതിന്റെ മേന്മ, കൂട്ടുകൂടുന്ന കമ്പനി തുടങ്ങിയവയെ ആസ്​പദമാക്കിയാണ് അതിന്റെ പരിണതഫലത്തെ വിലയിരുത്തേണ്ടത്.

മദ്യപാനം, അതിപുരാതനകാലം മുതല്‍ ആദിവര്‍ഗങ്ങളിലെല്ലാം നിലനിന്നിരുന്നു. പതിനെട്ടാം നൂറ്റാണ്ടു മുതല്‍ കേരളീയരും പലവിധത്തിലുള്ള മദ്യങ്ങള്‍ ഉണ്ടാക്കി ഉപയോഗിച്ചിരുന്നു. നെങ്കള്ള്, കരിമ്പിന്‍കള്ള്, മധുരക്കള്ള്, പിറമ്പരണ്ടക്കള്ള്, ഈള, പൊരിക്കള്ള്, അക്കാനിക്കള്ള് തുടങ്ങിയവ കേരളീയരുടെ ഇഷ്ടപ്പെട്ട പാനീയങ്ങളായിരുന്നു. സോമലതയുടെ ചാറില്‍നിന്നുണ്ടാക്കുന്ന മദ്യമാണ് പിറമ്പരണ്ടക്കള്ള്. കരിമ്പനയില്‍നിന്നും ചൂണ്ടപ്പനയില്‍ നിന്നും തെങ്ങില്‍ നിന്നും എടുക്കുന്ന മദ്യമാണ് ഈള. മലരുപൊടിച്ച് പാളയന്തോടന്‍ പഴവുമായി കുഴച്ച് ശര്‍ക്കരവെള്ളത്തില്‍ അടച്ചുകെട്ടി ഇരുപത്തൊന്ന് ദിവസം മണ്ണില്‍ കുഴിച്ചിട്ടശേഷം എടുക്കുന്ന മദ്യമാണ് പൊരിങ്കള്ള്. ശര്‍ക്കരപ്പാനിയില്‍ പാളയന്‍തോടന്‍ പഴം ഉടച്ച് ചേര്‍ത്ത് തേനും ചേര്‍ത്ത് അടച്ചുവെച്ച് കുറേ ദിവസം കഴിഞ്ഞെടുത്ത് പിറുത്തിച്ചക്കയോ മാമ്പഴമോ മാതളനാരങ്ങയോ ചെറുനാരങ്ങയോ വരിക്കച്ചക്കയുടെ പഴുത്ത ചുളയോ ഏതെങ്കിലും കൂട്ടിച്ചേര്‍ത്ത് കുരുമുളക്, ഇഞ്ചി, ഏലം, കറിയാമ്പൂ എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്നതാണ് മധുരക്കള്ള്. മൂക്കാത്ത നെല്ല് കൊയ്തുകൊണ്ടുവന്ന് ഇടിച്ച് ശുദ്ധജലത്തില്‍ മൂന്നു ദിവസം അടച്ചുവെച്ച്, ആ വെള്ളം ഊറ്റിയെടുത്ത് വീണ്ടും നാലുദിവസംകൂടി അടച്ചുവെച്ചാല്‍ അത് നെങ്കള്ളായി.

സാങ്കേതികവിദ്യകളുടെ വളര്‍ച്ചയോടെ ഡിസ്റ്റിലറികളും വളര്‍ന്ന് വികസിച്ചു. അമേരിക്കന്‍ ഐക്യനാടുകളില്‍ സന്ദര്‍ശനത്തിനുപോയ അവസരത്തില്‍ ഒരു വൈന്‍ യാര്‍ഡ് കാണാനിടയായി. ഇരുപത്തഞ്ച് നാഴിക നീളവും അത്രതന്നെ വീതിയുമുള്ള ഒരു സാമ്രാജ്യം. അതിന്റെ കവാടത്തില്‍ ഒരു നാഴിക നീളത്തിലും അരനാഴിക വീതിയിലുമുള്ള വൈനുകള്‍ നിരത്തിയ ഒരു ഷോറൂമുണ്ട്. അതിനകത്ത് രണ്ടായിരത്തി അഞ്ഞൂറുതരം സ്‌കോട്ട്‌ലണ്ട് നിര്‍മിത മദ്യക്കുപ്പികള്‍ നിരത്തിവെച്ചത് കണ്ടു. കൂടാതെ വിവിധ രാജ്യങ്ങളില്‍നിന്നുള്ളവയും. ബിയര്‍, വൈന്‍, ഷാമ്പയ്ന്‍, ഷെരി, കോഞ്ഞ്യാല്‍, റം, വിസ്‌കി, വോഡ്ക, ബ്രാണ്ടി, ടക്കീല, ടിയാമരിയ, ഡ്രാംബൂയി, കലുവ, കോയിന്‍ട്രൂ, എറാക്, ജിന്‍ തുടങ്ങിയവയുടെ വിവിധ ബ്രാന്‍ഡുകള്‍ തിരഞ്ഞുനില്‍ക്കുന്ന കാഴ്ച രസാവഹമായിരുന്നു.

ഒരു സ്ഥലത്ത് മലയാളികളുടെ ഒച്ചയും ബഹളവും കേട്ട് ചെന്നുനോക്കിയപ്പോള്‍ അവിടെ ഡിസ്‌കൗണ്ടില്‍ മദ്യം വില്ക്കുകയാണ്. 50% വിലക്കുറവ്. അത് മേന്മ കുറഞ്ഞ മദ്യമായിരുന്നില്ല. ഏതെങ്കിലും ഒരു ഭാഗത്ത് ബോട്ടിലില്‍ ഒരു വരയോ ലേബിളില്‍ ഒരു കീറോ, അടപ്പില്‍ ചെറിയ ചതവോ ഉള്ളവ മാറ്റിവെക്കുകയാണ്. അത് മെയിന്‍ അലമാരകളില്‍ സൂക്ഷിക്കുകയില്ല. അമ്പതും അറുപതും ശതമാനം കിഴിവില്‍ വില്ക്കുകയാണ് പതിവ്. അഞ്ഞൂറും അറുനൂറും നാഴിക ദൂരത്ത് നിന്നും കാറോടിച്ചു വന്ന് ഡിക്ക് നിറയെ ചാരായക്കുപ്പികളും നിറച്ച് മലയാളികള്‍ തിരിച്ചുപോകുന്നു. വിളഞ്ഞ വിത്തുകള്‍ എന്ന് നമ്മളെക്കൊണ്ട് പറയുന്നത് വെറുതെയല്ല.
വൈന്‍യാര്‍ഡിന്റെ അറ്റത്തുനിന്ന് ആയിരക്കണക്കിന് ഏക്കര്‍ വിസ്തീര്‍ണമുള്ള പഴത്തോട്ടങ്ങള്‍ ആരംഭിക്കുന്നു. മുന്തിരിയും ഓറഞ്ചും കൂടാതെ മറ്റു നാനാതരം പഴങ്ങളും കൃഷിചെയ്യുന്ന തോട്ടങ്ങളാണവ.
ഈ തോട്ടങ്ങളില്‍ നിന്ന് അധികവും പലതരത്തിലുള്ള വീഞ്ഞുകളാണ് നിര്‍മിക്കുന്നത്. അമേരിക്കക്കാരും യൂറോപ്യരും ഫ്രഞ്ചുകാരും ലഹരിയുള്ള മദ്യങ്ങളേക്കാള്‍ ലഹരികുറഞ്ഞ വീഞ്ഞുകളാണ് ഉപയോഗിക്കുന്നത്. മിക്ക മദ്യങ്ങളിലും 40നും 45നും ഇടയ്ക്ക് സ്​പിരിറ്റ് ചേര്‍ക്കുന്നു. വീഞ്ഞിലാകട്ടെ, അത് 12നും 17നും ഇടയ്ക്കാണ്. മാംസത്തിന്റെ കൂടെ റെഡ് വൈനും മത്സ്യത്തിന്റെ കൂടെ വൈറ്റ് വൈനും അവര്‍ ഉപയോഗിക്കുന്നു. ചുവന്ന വൈന്‍ രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

നമ്മുടെ നാട്ടില്‍ മദ്യപാനം ഇന്ന് ഒരു രോഗമായി മാറിയിരിക്കുന്നു. കരള്‍രോഗത്തിനും ഹൃദ്രോഗത്തിനും ഒരു പ്രധാന കാരണം മദ്യപാനാസക്തിയാണെന്ന് തെളിഞ്ഞുകഴിഞ്ഞു.

മദ്യം ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മാത്രം കഴിക്കുക. അതും 120 മില്ലി കൂടുതലാവുന്നത് സൂക്ഷിക്കുക. മദ്യത്തിനൊപ്പം ബേക്കറി സാധനങ്ങളായ മിക്‌സ്ചര്‍, കടല, വറുത്തുപ്പേരി, വറുത്ത മീന്‍, ഉഴുന്നുവട മുതലായവ വര്‍ജിക്കുക. പച്ചക്കറി സലാഡും ഫ്രൂട്ട്‌സും മാത്രം കഴിക്കുക.

മദ്യം വിഷമാണ്. നിങ്ങള്‍ അമിതമായി കുടിക്കുന്ന ഓരോ പെഗ്ഗ് മദ്യവും നിങ്ങളുടെ ശവക്കല്ലറയ്ക്കുള്ള ഓരോ കല്ലുകളാണെന്നോര്‍ക്കുക. അമിത മദ്യപാനം നിമിത്തമാണ് അലക്‌സാണ്ടര്‍ ചക്രവര്‍ത്തിപോലും അകാലമരണത്തിന് വിധേയനായത്. മദ്യസേവകരേ, ചഷകം കയ്യിലെടുക്കുമ്പോള്‍ ഓര്‍ക്കുക.
പകലരുത്
പലതരുത്
പലരോടരുത്
പാടരുത്.

എസ്സന്‍സ്

പല്ല് തേച്ച് പ്രാതലിനിരുന്നു. ആവിയില്‍ വിടര്‍ന്ന വെള്ളാമ്പല്‍ ഇഡ്ഡലികള്‍. രണ്ടിഡ്ഡലി ചട്ട്ണിയില്‍ മുക്കിത്തിന്നു. രണ്ടെണ്ണം പൊടി കൂട്ടിത്തിന്നു. രണ്ടെണ്ണം മുളകരച്ചതു കൂട്ടിത്തിന്നു. രണ്ടെണ്ണം പഞ്ചസാര ചേര്‍ത്തു തിന്നു. രണ്ട് ഗ്ലാസ് കാപ്പി കുടിച്ചു. ഒരു മണിക്കുള്ള ശാപ്പാടിന് മുമ്പ് രണ്ട് ലാര്‍ജ് വോഡ്ക്ക തക്കാളി ജൂസില്‍ ചേര്‍ത്ത് അകത്താക്കി. പഴയരിച്ചോറ്, വെണ്ടക്കാ സാമ്പാറ്, ഇളവനും പച്ചമുളകും ചേര്‍ത്ത് ഓലന്‍, വഴുതനങ്ങയും ഉള്ളിയും ചേര്‍ന്നുള്ള മെഴുക്കുപുരട്ടി, കടുമാങ്ങ, പപ്പടം, മോര്. ഉണ്ടു; അണ്ടം മുട്ടുന്നതുവരെ ഉണ്ടു.
മൂന്നരയ്ക്ക് ചായ പലഹാരം. അരിയും ഉഴുന്നും മുളകും ഉള്ളിയും ഉപ്പും പരുക്കനായരച്ചു മുരിങ്ങയില ചേര്‍ത്ത് നിര്‍മിച്ച അപ്പമായിരുന്നു. മൂന്നെണ്ണം തിന്നു. തളരുവോളം ചായ കുടിച്ചു.
സായന്തനത്തിന്റെ പുറത്ത് സവാരിക്കിറങ്ങി. ബാറില്‍ കയറി നാലെണ്ണം പൂശി. രണ്ട് നീറ്റായും രണ്ട് ഓണ്‍ ദ റോക്കും. ശേഷം വെളിച്ചെണ്ണയില്‍ തേങ്ങാക്കൊത്തും ചേര്‍ത്ത് വരട്ടിയെടുത്ത മട്ടനും വയറ് നിറയെ പൊറോട്ടകളും.

പത്തു മണിക്ക് ഉറങ്ങാന്‍ കിടന്നു. ജീവിതത്തില്‍ കൃതകൃത്യത അനുഭവപ്പെട്ടു. ചെയ്യേണ്ടതെല്ലാം ചെയ്തിരിക്കുന്നു. തിന്നേണ്ടതെല്ലാം തിന്നിരിക്കുന്നു. ഇനി മരിക്കാം. ഇതൊരു ചാന്‍സാണ്.
മരിക്കാന്‍ കിടന്നു.
യഥാസമയം മരിച്ചു.
പുലര്‍ച്ചെ ശവമെടുത്തു.
വീട്ടുകാര്‍ കേള്‍ക്കാത്തത്ര ദൂരത്തായപ്പോള്‍ പയ്യന്‍ ശവമഞ്ചവാഹകരോട് ചോദിച്ചു. അവിടെയും രാവിലെ ഇഡ്ഡലി തന്നെയല്ലേ.
-വി.കെ.എന്‍. 'നിലനില്പീയം

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കൈപ്പുണ്യം അഥവാ ചില അടുക്കളക്കാര്യങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)