Monday 12 November 2012


സ്തനങ്ങള്‍ :ചരിത്രത്തിലും വര്‍ത്തമാനത്തിലും
ഡെസ്മണ്ട് മോറിസ്‌
12 Jan 2011


സ്ത്രീകള്‍ക്ക് രണ്ട് മുലകളേ ഉള്ളുവെന്നാണ് എല്ലാവരും കരുതുന്നത്. പക്ഷേ, അതെപ്പോഴും അങ്ങനെയല്ല. ഇരുന്നൂറിലൊരു സ്ത്രീയ്ക്ക് രണ്ടില്‍ കൂടുതലുണ്ട്. പോളിമാസ്റ്റിയ എന്നാണ് ഈ അവസ്ഥയുടെ പേര്. ഇതില്‍ തകരാറൊന്നുമില്ല, മാത്രമല്ല മൂന്നാമത്തെ മുലകൊണ്ട് പ്രയോജവുമില്ല. ചിലപ്പോള്‍ അവയ്ക്ക് മുലക്കണ്ണുകളോളം വലുപ്പമേ ഉണ്ടാവൂ. ചിലവ മുലക്കണ്ണുകളില്ലാത്ത വെറും മുലമൊട്ടുകള്‍ മാത്രവും. വളരെ അപൂര്‍വമായി ചിലപ്പോള്‍ മൂന്നാമത്തെ മുലയിലും പാലൂറുന്ന സ്ത്രീകളുണ്ടായിരുന്നു. 1886ല്‍ ഒരു പ്രൊഫസര്‍ ഒരു സ്ത്രീയെ നഫ്രഞ്ച് അക്കാദമി ഓഫ് മെഡിസിന്‍ മുമ്പാകെ ഹാജരാക്കി. ആ സ്ത്രീക്ക് പാലൂറുന്ന അഞ്ച് ജോടി മുലകളുണ്ടായിരുന്നു. ഏതാനും മാസം കഴിഞ്ഞപ്പോള്‍ വേറൊരു ഫ്രഞ്ച് പണ്ഡിതന്‍ ഒരു പോളിഷ് സ്ത്രീയെ ഹാജരാക്കി. അവര്‍ക്ക് 10 ജോടി പാലൂറുന്ന മുലകളാണുണ്ടായിരുന്നത്.

ഒരു ജോടിയിലേറെ സ്തനങ്ങളുണ്ടായിരുന്ന നിരവധി പ്രസിദ്ധ മഹിളകളുണ്ടായിരുന്നു. റോമന്‍ ചക്രവര്‍ത്തിയായിരുന്ന അലക്‌സാണ്ടര്‍ സെവറസിന്റെ അമ്മയായ ജൂലിയയ്ക്ക് നിരവധി ജോടി മുലകളുണ്ടായിരുന്നു. ജൂലിയ മാമി എന്ന് അവര്‍ക്ക് അതിനാല്‍ പേരിട്ടു. ലുവ്‌റ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന വീനസ് ഡിമെലോവിന്റെ പ്രസിദ്ധ പ്രതിമ സൂക്ഷിച്ചുനോക്കിയാല്‍ മൂന്ന് മുലകള്‍ കാണാം. സാധാരണഗതിയില്‍ ഇതാരും ശ്രദ്ധിക്കുകയില്ല. ഇടതുമുലയ്ക്ക് മുകളില്‍ കക്ഷത്തിനടുത്താണ് മൂന്നാമത്തെ മുല. ഇംഗ്ലണ്ടില്‍ ഹെന്റി എട്ടാമന്‍ രാജാവിന്റെ നിര്‍ഭാഗ്യവതിയായ ഭാര്യ ആനി ബോളീനും മൂന്ന് മുലകളുണ്ടായിരുന്നതായി പറയപ്പെടുന്നു. വൈദ്യശാസ്ത്രപരമായ വിലക്ഷണങ്ങളിലൊന്നായി ഇത് കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അവര്‍ക്കു മേല്‍ മന്ത്രവാദിനിയുടെ കളങ്കമേല്പിക്കാനും ഇതൊരാരോപണമായി പറഞ്ഞിരിക്കാം. മന്ത്രവാദിനികള്‍ക്ക് പതിവില്‍ കൂടുതല്‍ മുലക്കണ്ണുകളുള്ളതായും അതുകൊണ്ടവര്‍ കുടുംബങ്ങളെ മുലയൂട്ടിയതായും കേള്‍വിയുണ്ട്. ആഭിചാരം ചെയ്യുന്ന സ്ത്രീകളുടെ രഹസ്യം കണ്ടെത്താന്‍ ദേഹപരിശോധന നടത്തിയിരുന്ന ഭക്തരായ ക്രിസ്ത്യന്‍ അന്വേഷകര്‍ ആഭിചാരിണികളെന്ന് സംശയിക്കപ്പെടുന്ന സ്ത്രീകളുടെ രഹസ്യഭാഗങ്ങള്‍ പോലും പരിശോധിച്ചിരുന്നു; ഒളിഞ്ഞിരിക്കുന്ന മുലക്കണ്ണിനുവേണ്ടി. ഒരു പാലുണ്ണിയോ അരിമ്പാറയോ ജനനേന്ദ്രിയങ്ങള്‍ക്കുള്ളിലെ അല്പം ചീര്‍ത്ത ശിശ്‌നകമോ മതിയായിരുന്നു ഹതഭാഗ്യയായ സ്ത്രീയെ ചുട്ടുചാമ്പലാക്കാന്‍. ആനി ബോളിന്റെ മൂന്നാം മുലക്കണ്ണ് അവര്‍ ചീത്തയാണെന്നും മരിക്കേണ്ടതാണെന്നും കരുതിക്കൂട്ടി പ്രചരിപ്പിക്കാന്‍ വേണ്ടി മെനഞ്ഞെടുത്ത കെട്ടുകഥയായിരിക്കാം.

എഫീസസിലെ ഡയാന അഥവാ ആര്‍ട്ടിമസ് ആണ് ചരിത്രത്തില്‍ ബഹു മുലക്കണ്ണുകളുള്ള സ്ത്രീരൂപം. അവരുടെ കൊത്തുപണിയുള്ള രൂപത്തില്‍ നിറഞ്ഞ കൂട്ടായ നിരവധി സ്തനങ്ങളുണ്ട്. അല്പം ചില വ്യതിയാനങ്ങളുള്ള അവരുടെ പ്രതിമകളില്‍ 20 ലേറെ മുലകളുണ്ട്. സൂക്ഷ്മമായി നോക്കിയാല്‍ ഇവയ്‌ക്കൊന്നിനും മുലക്കണ്ണുകളോ മുലക്കണ്‍തടങ്ങളോ ഇല്ലെന്ന് കാണാം. അവയെല്ലാം 'അന്ധസ്തന'ങ്ങളാണ്. ഈ അനറ്റോളിയന്‍ മാതൃദേവതയുടെ ഉപാസനാക്രമം വളരെ സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ഒരു പുതിയ വ്യാഖ്യാനം ഉയര്‍ന്നുവന്നിട്ടുണ്ട്. വളരെക്കാലം വിശ്വസിക്കപ്പെട്ടിരുന്നതില്‍നിന്ന് വ്യത്യസ്തമായി ഡയാനയുടെ മാറിടം ഒരു സൗഹൃദസ്ഥാനമായിരുന്നില്ല. ദേവതയുടെ മുഖ്യപുരോഹിതന്‍ ഒരു നപുംസകമായിരുന്നിരിക്കണമത്രെ. അവരെ പൂജിക്കണമെങ്കില്‍ പൂജാരി സ്വന്തം വൃഷണങ്ങള്‍ ഛേദിച്ച് അള്‍ത്താരയ്ക്കരികില്‍ കുഴിച്ചുമൂടേണ്ടിയിരുന്നു. കുറെക്കഴിഞ്ഞപ്പോള്‍ മനുഷ്യവൃഷണങ്ങള്‍ക്ക് പകരമായി കാളക്കൂറ്റന്മാരുടെ വൃക്ഷണങ്ങള്‍ ബലിയര്‍പ്പിച്ചു. അവയുടെ വലിയ വൃഷണങ്ങള്‍ അറുത്തെടുത്ത് മണമുള്ള എണ്ണകളില്‍ പരിരക്ഷിച്ച് വിശുദ്ധപ്രതിമയുടെ മാറില്‍ തൂക്കി. ആദ്യത്തെ പ്രതിമാരൂപം മരം കൊണ്ടുള്ളതായിരുന്നു. പിന്നീടതിന്റെ കോപ്പികള്‍ കല്ലില്‍ കൊത്തി. ബലിയര്‍പ്പിക്കപ്പെട്ട വൃഷണമാലകളും അപ്പോള്‍ മാറിലുണ്ടായിരുന്നു. തെറ്റായ കോപ്പികളെക്കുറിച്ചുള്ള പഠനങ്ങളില്‍ നിന്നാണ് ദേവതയ്ക്ക് അനേകം മുലകളുണ്ടായിരുന്നുവെന്ന നിഗമനം ഉരുത്തിരിഞ്ഞുവന്നത്. തൂക്കിയിട്ട വൃഷണങ്ങളിലെ കോടിക്കണക്കിന് പുരുഷബീജങ്ങള്‍, അവരില്‍ ബീജാധാനം നടത്തുമെന്നായിരുന്നു വിശ്വാസം. കന്യകയായിരിക്കെതന്നെ ഗര്‍ഭധാരണം നടന്ന് അമ്മയാകുമെന്നായിരുന്നു വിശ്വാസം. ഇത് പിന്നീട് ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട് ആവര്‍ത്തിക്കപ്പെട്ടു.

വളരെ വ്യത്യസ്തമായ മറ്റൊരു പുരാവൃത്തം, പുരാതന രാജ്യമായ അമസോണിലെ സ്ത്രീ സൈനികരെക്കുറിച്ചാണ്. നടന്ന കാര്യമാണോ എന്നറിയില്ല. പക്ഷേ, ആദ്യകാല രേഖകളനുസരിച്ച് അമ്പും വില്ലും ഉപയോഗിച്ച് അയല്‍ക്കൂട്ടങ്ങളെ ആക്രമിക്കാന്‍ സദാ സന്നദ്ധരായ സ്ത്രീകള്‍ മാത്രമടങ്ങുന്ന സമൂഹം അവിടെയുണ്ടായിരുന്നു. അമ്പ് തൊടുത്തു വിടുന്നത് വളരെ കാര്യക്ഷമമാവാന്‍ അവര്‍ തങ്ങളുടെ വലതുമുല കരിക്കാറുണ്ടായിരുന്നുവെന്ന് ചിലര്‍ പറയുന്നു. ആര്‍ത്തവാരംഭത്തിലാണിത് ചെയ്തിരുന്നത്. മുല മുറിക്കാറുണ്ടായിരുന്നുവെന്നും വേറൊരു ചൊല്ലുണ്ട്. പക്ഷേ, പുരാതനകാലത്തെ കലാരൂപങ്ങളിലെല്ലാം അമസോണിലെ ഭയങ്കരികളായ സ്ത്രീകളെ ചിത്രീകരിച്ചിരിക്കുന്നത് ഒത്ത രണ്ട് മുലകളുള്ളവരായിട്ടാണ്. അമസോണ്‍ സ്ത്രീകള്‍ വലതുമുല പരത്തി മറച്ചിരുന്നു. തുകല്‍ കൊണ്ടുള്ള ഇറുകിയ മാര്‍ച്ചട്ടകള്‍ ധരിച്ചിരിക്കാമെന്നതാണ് സത്യം.
മുലയില്ലാത്തവര്‍ (അ മാസോസ്) എന്നാണ് അമസോണിന്റെ അര്‍ഥം.
കഴിഞ്ഞ കുറച്ചു കാലമായി, കാമോദ്ദീപനത്തിനും അലങ്കാരത്തിനും പാശ്ചാത്യ വനിതകള്‍ തങ്ങളുടെ മാറിടം കോലം കെടുത്താറുണ്ട്. അപൂര്‍വമാണെങ്കിലും സാമൂഹികശാസ്ത്രജ്ഞരുടെ ഉറക്കം കെടുത്തുന്ന വിധത്തിലാണത്. അതിലൊരാള്‍ പറഞ്ഞത് പുതിയ പരിഷ്‌കാരമായ, കാമോദ്ദീപനത്തിന് മുലക്കണ്ണുകള്‍ തുളയ്ക്കുന്നതും അരയിലും യോനീഭാഗങ്ങളിലും തുളച്ച് ആഭരണങ്ങളണിയുന്നതും ആഫ്രിക്കയില്‍ ചിലേടങ്ങളില്‍ നടക്കുന്നതുപോലുള്ള പ്രാകൃതമായ, സ്ത്രീകളില്‍ സുന്നത്തുകര്‍മം ചെയ്യുന്നത് നിരോധിക്കുന്ന നിയമനിര്‍മാണം തടയുമെന്നാണ്. വിചിത്രമായ ലൈംഗികകര്‍മങ്ങളുടെ ലോകത്തോടുള്ള അടിമത്താടയാളമാണ് ഇക്കാലത്തെ മുലക്കണ്ണ് തുളയ്ക്കല്‍. പ്രാകൃതഗോത്രങ്ങളില്‍ മാറിടം കോലം കെടുത്തുന്നത് അപൂര്‍വമാണ്. കാരണം അത് പാലൂട്ടുന്നതിനെ ബാധിക്കും. പകരമായി കുപ്പിപ്പാല്‍ നല്‍കാനുള്ള സംവിധാനം അവര്‍ക്കില്ല.

മുന്‍കാലങ്ങളിലുണ്ടായിരുന്ന മുലക്കണ്ണലങ്കാരങ്ങള്‍ ഉപദ്രവകരങ്ങളായിരുന്നില്ല. മൂവായിരം കൊല്ലങ്ങള്‍ക്ക് മുമ്പ് പുരാതന ഈജിപ്തില്‍ ഉന്നത പദവിയിലുള്ള ഈജിപ്ഷ്യന്‍ സ്ത്രീകള്‍ തങ്ങളുടെ മുലക്കണ്ണുകളില്‍ സമൃദ്ധമായി പൊന്നരച്ചു തേച്ചു. കാമോദ്ദീപന സമ്പര്‍ക്കങ്ങള്‍ക്കൂന്നല്‍ കൂട്ടാന്‍ രണ്ടായിരം കൊല്ലം മുമ്പ് റോമന്‍ സ്ത്രീകള്‍ മുലക്കണ്ണുകളില്‍ റൂഷ് തേച്ചു. ക്ലോഡിയസ് ചക്രവര്‍ത്തിയുടെ ഉല്‍ക്കടസുരതേച്ഛുവായിരുന്ന ഭാര്യ കുപ്രസിദ്ധയായ മെസ്സാലിന മുലക്കണ്ണുകളില്‍ ചുകന്ന ചായം തേച്ചിരുന്നു. അതിനെക്കുറിച്ച് ജൂവനല്‍ ആക്ഷേപ
ഹാസ്യ കവിത രചിച്ചു.
രാത്രിയായാല്‍ അവള്‍ തൊപ്പിയണിഞ്ഞ്
അദ്ദേഹത്തെ വിട്ട്
ലജ്ജയേതുമില്ലാതെ വേഷപ്രച്ഛന്നയായി
ചായം തേച്ച മുലക്കണ്ണുകള്‍ പ്രദര്‍ശിപ്പിച്ച്
അയഞ്ഞ വേഷങ്ങളില്‍ ബ്രിട്ടാനിക്കസിന് ജന്മം നല്കിയ
തുടകള്‍ കാണിച്ച് സ്തനലൈംഗികാടയാളങ്ങള്‍ കാണിക്കുന്നവയില്‍ പ്രധാനം കൈകള്‍കൊണ്ട് മാറിടത്തില്‍ കോപ്പയുടെ രീതിയില്‍ കാണിക്കുക, നൃത്തം ചെയ്യുമ്പോള്‍ മാറ് തുള്ളിക്കുകയും കുലുക്കുകയും ചെയ്യുക തുടങ്ങിയവയാണ്. ഇവയെല്ലാം സൈ്ത്രണ സ്തനങ്ങളുടെ അര്‍ദ്ധഗോളാകൃതി സൂചിപ്പിക്കുന്നു. ഇവയില്‍ ഏറ്റവും പ്രധാനം ഒരുതരം പൂക്കുല നൃത്തമായിരുന്നു. പഴയ കാലത്തെ ആഭാസക്കാഴ്ചകളില്‍ നര്‍ത്തകിമാര്‍ സ്വന്തം മാറ് ഇരു ദിശകളിലേക്കും പൂക്കുലകളോടൊപ്പം ചലിപ്പിച്ചു.

ഏറ്റവും ലളിതമായ സ്തനപ്രദര്‍ശനം അവ മറയ്ക്കപ്പെടേണ്ടപ്പോള്‍ തുറന്ന് കാണിക്കുന്നതാണ്. ലോകമെമ്പാടുമുള്ള നഗരസമൂഹങ്ങളില്‍ ഇത് ബാധകമാണ്. അരയ്ക്കുമേല്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന (ടൊപ്‌ലെസ്സ്) നടപടി എപ്പോഴും ആണുങ്ങളെ ആകര്‍ഷിക്കുന്നതാണ്. അറുപതുകളില്‍ തെക്കന്‍ ഫ്രാന്‍സില്‍ യുവതികള്‍ കടല്‍ത്തീരങ്ങളില്‍ മാറിടം തുറന്നുകാട്ടുന്ന മോണോ ബിക്കിനികളോ മോണോകിനികളോ ധരിച്ച് നല്ലപോലെ വെയില്‍ കൊള്ളാനിറങ്ങിയപ്പോള്‍ കാണികള്‍ യൂണിഫോം ധരിച്ച പോലീസുകാരായിരുന്നു. ഒറ്റ വസ്ത്രം ധരിച്ച സ്ത്രീകളെ പിടിക്കുന്നത് പോലീസുകാര്‍ക്ക് വിഷമമായിരുന്നു. അധികം താമസിയാതെ ഭരണകൂടത്തിന്റെ വിലക്കുകള്‍ ഇല്ലാതായി. മാറിടം മറയ്ക്കാതെ കുളിക്കുന്നതും വെയില്‍ കായുന്നതും സാധാരണയായി.

1964-ലാണ് ആദ്യമായി ആസ്ട്രിയന്‍ വസ്ത്രനിര്‍മാതാവായ റൂഡി ജേന്റിച്ച് ഇത്തരം മുകള്‍ഭാഗം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രങ്ങള്‍ പുറത്തിറക്കിയത്. അമേരിക്കയില്‍ ഒരു നൈറ്റ്ക്ലബ്ബിലെ നര്‍ത്തകിക്കാണിതാദ്യം കിട്ടിയത്. അവളതണിഞ്ഞു നൃത്തം ചെയ്തു. തുടര്‍ന്ന് മറ്റു ക്ലബ്ബുകളിലും ഇത്തരം നൃത്തം അരങ്ങേറി. മതവിശ്വാസികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പോലീസുകാര്‍ ഈ ക്ലബ്ബുകളില്‍ കടന്നുകയറി ആഭാസപ്രദര്‍ശനത്തിന് നര്‍ത്തകികളെ അറസ്റ്റ് ചെയ്തു. പക്ഷേ, പുറത്തുവന്ന ഉടനെ അവര്‍ തങ്ങളുടെ ജോലി തുടര്‍ന്നു. 1966ല്‍ ന്യൂയോര്‍ക്കിലെ റെസ്റ്റാറന്റുകളില്‍ മാറ് മറയ്ക്കാത്ത പരിചാരികകള്‍ പ്രത്യക്ഷപ്പെട്ടു. പക്ഷേ, ന്യൂയോര്‍ക്കിലെ മേയര്‍ അത് നിരോധിച്ചു. 1966ല്‍ കാലിഫോര്‍ണിയന്‍ ഗവര്‍ണറായ റൊനാള്‍ഡ് റീഗനും ഇതേപോലൊരു നടപടി കൈക്കൊണ്ടു. എഴുപതുകളിലാണ് മാറ് മറയ്ക്കാത്തവരോടുള്ള പ്രതിഷേധം ക്രമേണ ഇല്ലാതായത്. എങ്കിലും നിയമപരിധികള്‍ക്കുള്ളിലേ പ്രദര്‍ശനം അനുവദിക്കപ്പെട്ടുള്ളൂ. എവിടെ, എപ്പോള്‍, എങ്ങനെ എന്നൊക്കെ നിബന്ധനകളുണ്ടായിരുന്നു.

1980-കളില്‍ പൊതുസ്ഥലത്ത് മാറിടം പ്രദര്‍ശിപ്പിക്കാനുള്ള ഒരു പ്രസ്ഥാനം ഉയര്‍ന്നുവന്നു. പൂര്‍ണ ലൈംഗികസ്വാതന്ത്ര്യമാവശ്യപ്പെട്ടുകൊണ്ട് യുവതികളുടെ സംഘങ്ങള്‍ യുവാക്കള്‍ കുപ്പായങ്ങളൂരുന്നതുപോലെ വിമര്‍ശനങ്ങളില്ലാതെ മേല്‍ക്കുപ്പായങ്ങളൂരാന്‍ തങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണമെന്നായിരുന്നു ആവശ്യപ്പെട്ടത് (വലിയ വ്യാപാരകേന്ദ്രങ്ങളിലെ ഭക്ഷണശാലകളില്‍ സ്ത്രീകളെപ്പോലെ, കോളറും ടൈയും ധരിക്കാതെ തങ്ങള്‍ക്കും കയറിച്ചെല്ലാന്‍ സ്വാതന്ത്ര്യം വേണമെന്ന് യുവാക്കളും ആവശ്യപ്പെട്ടിരുന്നു). ലൈംഗിക ദുരുപയോഗം തടയാനാവശ്യപ്പെട്ട സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ വിഭാവനം ചെയ്തിരുന്നത് ഇത്രയും കടുത്ത സ്വാതന്ത്ര്യപ്രകടനമായിരുന്നില്ല.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ നഗ്‌നസ്തനങ്ങള്‍ പത്രങ്ങളിലും മാസികകളിലും സിനിമയിലും തുടര്‍ന്ന് ടെലിവിഷനിലും പ്രത്യക്ഷപ്പെട്ടുതുടങ്ങി.


ലാപ് ഡാന്‍സിങ് ക്ലബ്ബുകളില്‍, ആണ്‍കക്ഷികളുടെ മുന്‍പില്‍ സ്ത്രീകള്‍ മാറിടം പ്രദര്‍ശിപ്പിച്ചു. നഗ്‌ന മാറിടപ്രദര്‍ശനത്തിന്റെ വ്യക്തമായ ദൃശ്യരൂപം ഇപ്പോഴും പ്രചാരത്തിലുണ്ടെങ്കിലും അവയുടെ പഴയ ഇക്കിളിപ്പെടുത്തുന്ന നിഗൂഢത നഷ്ടപ്പെട്ടിരിക്കുന്നു.

മാറിട പ്രദര്‍ശനത്തോടുള്ള അയഞ്ഞ സമീപനം പാശ്ചാത്യ രാജ്യങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലും വിദേശങ്ങളില്‍ ഒഴിവുകാലം കഴിക്കാന്‍ പോകുന്ന യൂറോപ്യന്മാര്‍ ഇക്കാര്യത്തില്‍ വിഷമമനുഭവിക്കാറുണ്ട്. 2003ല്‍ ഗ്രീക്ക് ദ്വീപുകളിലൊന്നായ റോഡ്‌സില്‍ യുറോവിഷന്‍ തോങ് മത്സരത്തിന്റെ ഭാഗമായി സ്വന്തം മാറിടം പ്രദര്‍ശിപ്പിച്ച ബ്രിട്ടീഷ് യുവതിക്ക് എട്ടുമാസത്തെ തടവോ അല്ലെങ്കില്‍ 2800 യുറോ (1,80,000 രൂപ) പിഴയോ വിധിച്ചു. പ്രാദേശിക സദാചാരമൂല്യങ്ങളെ അധിക്ഷേപിച്ചുവെന്നായിരുന്നു കുറ്റാരോപണം. വിലക്കുകള്‍ തുടരുന്നു.
സ്തന പ്രദര്‍ശനത്തെക്കുറിച്ചുള്ള കാര്യങ്ങളവസാനിപ്പിക്കുന്നതിനു മുന്‍പ് അസാധാരണമായൊരു വസ്തുത എടുത്തുപറയേണ്ടതുണ്ട്. പൊതുസ്ഥലങ്ങളില്‍ സ്തനപ്രദര്‍ശനം നിര്‍ബന്ധമാണെന്ന ഒരു നിയമനിര്‍മാണത്തെക്കുറിച്ചാണത്. ഇക്കാര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന നിയമനടപടികള്‍ക്ക് വിരുദ്ധമായ ഒന്ന്. 15-ാം നൂറ്റാണ്ടില്‍ വെനീസിലാണീ നിയമം പാസ്സാക്കിയത്. ജനാലയ്ക്കലിരുന്ന് പതിവുകാരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന വേശ്യകളെ ഉദ്ദേശിച്ചുള്ളവയായിരുന്നു ഇത്. സ്വവര്‍ഗരതി വളരെ വ്യാപകമായിരുന്ന അക്കാലത്ത് ചില സ്ത്രീകള്‍ ആണുങ്ങളുടെ വേഷം ധരിച്ച്, പങ്കാളികളെ തേടുന്നവരെ പ്രലോഭിപ്പിച്ചു. ഇത് അധികാരികളെ പ്രകോപിതരാക്കി. സ്വവര്‍ഗരതി മരണശിക്ഷ വിളിച്ചുവരുത്തുമായിരുന്നു. സ്വവര്‍ഗരതി തടയാന്‍, ലൈംഗികത്തൊഴിലിലേര്‍പ്പെട്ട യുവതികള്‍, തങ്ങളുടെ ലിംഗമേതെന്ന് തിരിച്ചറിയാന്‍ ഒരു മുല പ്രദര്‍ശിപ്പിക്കണമെന്ന നിബന്ധന നടപ്പിലാക്കി. തങ്ങളുടെ വീട് വിട്ട് പുറത്തിറങ്ങുമ്പോള്‍ ഒരു പാലത്തില്‍ നിന്ന് അവര്‍ തങ്ങളുടെ അരയ്ക്ക് മേലോട്ടുള്ള ഭാഗം നഗ്‌നമായി പ്രദര്‍ശിപ്പിക്കേണ്ടിയിരുന്നു. ഈ പാലം പ്രസിദ്ധമായി: പോന്ത് ഡെല്‍ തെത്തേ അഥവാ മുലകളുടെ പാലം.

സ്വന്തം കൈകള്‍ കൊണ്ട് മുലകള്‍ കശക്കുന്ന പുരാതന രൂപങ്ങളെക്കുറിച്ചുള്ള തെറ്റുധാരണകളകറ്റാന്‍ ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. മാതൃദേവതകളുടെ രൂപങ്ങളായി അറിയപ്പെടുന്ന ഇവ തങ്ങളുടെ സ്തനങ്ങള്‍ കാമോദ്ദീപകമായി കയ്യിലെടുക്കുന്നുവെന്നതാണ് ധാരണ. എന്നാല്‍ ഇത് ശരിയല്ല. പുരാതന ശവകുടീരങ്ങളില്‍ കാണുന്ന ഈ രൂപങ്ങള്‍ വിലപിക്കുന്നവരുടേതാണ്. ആദ്യകാലങ്ങളില്‍ പെണ്ണുങ്ങള്‍ ആചാരവിലാപം നടത്തിയിരുന്നു. അപ്പോള്‍ അവര്‍ മാറത്തടിക്കുകയും മാറിടം ഞെരുക്കുകയും കശക്കുകയും ചെയ്തിരുന്നു. ഇത് ചെയ്തിരുന്ന സ്ത്രീകള്‍ പാലൂട്ടുന്നവരായിരുന്നെങ്കില്‍ മുല പിഴിയുമ്പോള്‍ മുലപ്പാല്‍ അകലേക്ക് തെറിച്ചുവീഴുമായിരുന്നു. ഈ ഞെക്കിപ്പിഴിയല്‍ പിന്നീട് ആചാരങ്ങളുടെ ഭാഗമായിത്തീര്‍ന്നു. നരവംശ ശാസ്ത്രജ്ഞന്മാരെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം ചില പ്രത്യേക, വിദൂര ഗോത്രവര്‍ഗങ്ങളില്‍, മുലപ്പാലൂട്ടുന്ന സ്ത്രീകള്‍ പെട്ടെന്നുള്ള ഞെട്ടലില്‍ തങ്ങളുടെ മുലകള്‍ പിഴിയുമെന്നു കണ്ടെത്തിയതാണ്. അതിസംഭ്രമത്തില്‍ അവര്‍ തങ്ങളുടെ മുലകള്‍ ഞെക്കിപ്പിഴിയുകയും മുലപ്പാല്‍ ദൂരേക്ക് ധാരയായി തെറിച്ചുവീഴുകയും ചെയ്യും.

ഒഴിച്ചുകൂടാനാവാത്ത ഒരു ചോദ്യം സ്ത്രീകളും പുരുഷന്മാരും യുവത്വത്തിന്റെ ലൈംഗികത്വത്തിന്റെയും സൂചനകള്‍ എങ്ങനെ സ്തനങ്ങളിലൂടെ മെച്ചമായ രൂപത്തില്‍ പ്രകടിപ്പിക്കുമെന്നതാണ്. നൂറ്റാണ്ടുകളായി മാറ് മുറുക്കുന്നത് മുലകളെ ഉള്ളോട്ട് തള്ളുകയും മേലോട്ടാക്കുകയും ചെയ്തു. സ്തനാകൃതി ഇതുകൊണ്ട് നന്നായെങ്കിലും മുറുക്കിയ മാര്‍വസ്ത്രങ്ങള്‍ സ്ത്രീകളുടെ ചലനങ്ങളെ പരിമിതപ്പെടുത്തി. സമൂഹത്തില്‍ യുവതികള്‍ കൂടുതല്‍ സജീവമായ പങ്ക് വഹിക്കാന്‍ തുടങ്ങിയപ്പോള്‍, ശരീരത്തിന് തദനുസൃതമായ വസ്ത്രധാരണവും ആവശ്യമായി വന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഈ ദിശയിലുള്ള കാല്‍വെപ്പുകളാരംഭിച്ചത്. ശ്വാസം മുട്ടിക്കുന്ന കോര്‍സെറ്റുകള്‍ (അടിക്കച്ചകള്‍) രണ്ടു ഭാഗങ്ങളിലായി: മുകളിലും താഴെയും - ബ്രേസിയര്‍, ഗെര്‍ഡില്‍ (കടിവലയം). 1935ല്‍ ബ്രേസിയര്‍ വെറും ബ്രാ ആയി. ഇപ്പോള്‍ സ്ത്രീകള്‍ക്കിഷ്ടമായ ഏറ്റവും പ്രചാരത്തിലുള്ള അടിവസ്ത്രം ബ്രായും പാന്റീസുമാണ്.

ബ്രേസിയര്‍ ആരാണ് കണ്ടുപിടിച്ചതെന്നതിനെപ്പറ്റി വസ്ത്രചരിത്രകാരന്മാര്‍ തര്‍ക്കിക്കുകയാണ്. 1914ല്‍ പേറ്റന്റ് നേടിയതിനാല്‍ താനാണത് കണ്ടുപിടിച്ചതെന്ന് ന്യൂയോര്‍ക്കിലെ സാമൂഹികപ്രവര്‍ത്തകയായ മേരി ഫെല്‍പ്‌സ് ജേക്കബ് (തൊഴില്‍വൃത്തങ്ങളില്‍ കാറെസ്സ് കോസ്ബി) ദൃഢപ്രസ്താവന നടത്തുന്നു. അതിനു തലേവര്‍ഷം ഒരു ഔപചാരിക വിരുന്നില്‍ പങ്കെടുക്കാന്‍ പോകാനൊരുങ്ങുമ്പോള്‍ തിമിംഗലാസ്ഥിയും ചെറിയ ഉരുക്കു ദണ്ഡുകളും കൊണ്ട് ദൃഢമാക്കിയ അടിവസ്ത്രം അവര്‍ക്ക് അയഞ്ഞുതൂങ്ങുന്ന സായാഹ്നവസ്ത്രത്തോടൊപ്പം ധരിക്കാന്‍ പറ്റിയതായിരുന്നില്ല. ഒരു ക്രിയാത്മക ഭ്രമത്തില്‍ അവര്‍ രണ്ട് ഉറുമാലുകളും ഇളം ചുവപ്പുള്ള റിബണുകളും കൂട്ടിക്കെട്ടി ആദ്യത്തെ ബ്രേസിയറിന്റെ പ്രാകൃതരൂപം നിര്‍മിച്ചു.
അവര്‍ പക്ഷേ, അത് പുനരാവിഷ്‌കരിക്കുകയായിരുന്നു. കാരണം 19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഫ്രാന്‍സില്‍ ഇത്തരം 'മുലതാങ്ങികള്‍' ഉപയോഗിക്കപ്പെട്ടിരുന്നു.
ബ്രേസിയര്‍ എന്ന പേര് 1907 മുതല്‍ അവയ്ക്കു നല്‍കി. ഫ്രഞ്ച് വസ്ത്രനിര്‍മാതാവായ പോള്‍ പിറെ നിഷ്‌കര്‍ഷിക്കുന്നത് ബ്രാ ആദ്യമായി അവതരിപ്പിച്ചത് താന്‍ ആണെന്നാണ്. ''സ്വാതന്ത്ര്യത്തിന്റെ പേരില്‍ അടിക്കച്ച അഴിഞ്ഞുവീഴണമെന്നും ബ്രേസിയര്‍ സ്വീകരിക്കണമെന്നും ഞാന്‍ പ്രഖ്യാപിച്ചു... ഞാന്‍ മാറിനെ മോചിപ്പിച്ചു.'' അദ്ദേഹം തനിച്ചായിരുന്നില്ല. ഇംഗ്ലീഷ് വസ്ത്രനിര്‍മാതാവായ, ചിക് (മോടിപ്രകടനം) എന്ന വാക്ക് ആദ്യം ഫാഷന്‍ ലോകത്ത് പ്രയോഗിച്ച ലൂസില്‍ (ലേഡി ഡഫ് ഗോള്‍ഡന്‍) അവകാശപ്പെട്ടത് താനാണ് ആദ്യമായി ബ്രേസിയര്‍ അവതരിപ്പിച്ചതെന്നാണ്. ബീഭത്സമായ അടിക്കച്ചയ്ക്ക് പകരം ബ്രേസിയര്‍ കൊണ്ടുവന്നുവെന്നവര്‍ ഉദ്‌ഘോഷിച്ചു.

അവരെല്ലാം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഒരു പൊതുപ്രവണതയുടെ ഭാഗമായിരുന്നുവെന്നതാണ് സത്യം. സ്ത്രീ ശരീരത്തെ ഭൂതകാല നിയന്ത്രണങ്ങളില്‍ നിന്ന് വിമുക്തമാക്കണമെന്ന് അവര്‍ക്കെല്ലാം തോന്നി. അപ്രതീക്ഷിത കേന്ദ്രങ്ങളില്‍നിന്നവര്‍ക്ക് പ്രോത്സാഹനം കിട്ടി. ഒന്നാം ലോക മഹായുദ്ധകാലത്ത്, അടിക്കച്ചകള്‍ ദൃഢമാക്കുന്നതിന് പാഴാക്കപ്പെട്ട ലോഹത്തെക്കുറിച്ച് അമേരിക്കന്‍ യുദ്ധ വ്യവസായ ബോര്‍ഡിന് ബോധം വന്നു. സ്ത്രീകള്‍ അടിക്കച്ചകള്‍ ധരിക്കുന്നതിനെതിരെയുള്ള പ്രസ്ഥാനത്തെ അവര്‍ പ്രോത്സാഹിപ്പിച്ചു. ബ്രായിലേക്കുള്ള മാറ്റം അങ്ങനെ ദ്രുതഗതിയിലായി. രണ്ട് യുദ്ധക്കപ്പലുകള്‍ നിര്‍മിക്കാനുള്ള 28000 ടണ്‍ ലോഹം ഇങ്ങനെ ലാഭിച്ചതായി അവര്‍ പ്രഖ്യാപിക്കുന്നു.
ബ്രേസിയറുകള്‍ക്ക് രണ്ടു ധര്‍മങ്ങളുണ്ടായിരുന്നു. ഒന്ന് വലിയ മുലകളെ അവ സംരക്ഷിച്ചു. ദ്രുതഗതിയിലുള്ള ശരീരചലനങ്ങളില്‍ അവ തുള്ളിക്കുലുങ്ങുന്നത് തടഞ്ഞു. കൂടാതെ, അവ ഉരുണ്ടതും ദൃഢതയുള്ളവയും ആയതിനാല്‍ കൂടുതല്‍ ലൈംഗികത്വമുള്ളവയുമാണെന്നു തോന്നിച്ചു. 60-കളുടെ ഒടുവില്‍ സ്ത്രീപക്ഷവാദിക്കാരായ ഫെമിനിസ്റ്റുകള്‍ ബ്രാ കത്തിച്ചപ്പോള്‍ അവര്‍ രണ്ടാമത്തെ ധര്‍മത്തോട് പ്രതിഷേധിക്കുകയായിരുന്നു.

സ്ത്രീസമത്വവാദ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ സ്ത്രീപക്ഷ വിരോധികള്‍ നടത്തിയ വെറും പ്രചാരണതന്ത്രം മാത്രമായിരുന്നു ബ്രാ കത്തിക്കലെന്ന് ചില സ്ത്രീപക്ഷ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രാ കത്തിക്കുന്നത് പത്രങ്ങള്‍ ഊതിപ്പെരുപ്പിച്ചിട്ടുണ്ടെങ്കിലും, അറുപതുകളുടെ ഒടുവിലും എഴുപതുകളുടെ ആദ്യവും ബ്രായ്‌ക്കെതിരായി ശക്തമായ പ്രസ്ഥാനമുണ്ടായിരുന്നു. അതോടൊപ്പം തന്നെ നിറക്കൂട്ടുള്ള ലിപ്സ്റ്റിക്കണിയലും, ഇറുകിയ പാദരക്ഷകളിടുന്നതും പോലുള്ള നേരിട്ടുള്ള ലൈംഗിക പ്രദര്‍ശനത്തിന്റെ ഭാഗമായ എന്തിനെയും അപലപിക്കുന്നതും ഈ പ്രസ്ഥാനങ്ങളുടെ പരിപാടിയായിരുന്നു. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരോടൊപ്പം തുല്യമായ സ്ഥാനം ലഭിക്കണമെന്ന് വാദിക്കുന്നതോടൊപ്പം സ്ത്രീശരീരത്തെ ചമയങ്ങളില്ലാതെ സ്വീകരിക്കണമെന്ന വാദവും ശക്തമായിരുന്നു. അലങ്കാരത്തിന്റെ ഭാഗമായിരുന്നു ബ്രാ. അതിനാല്‍ അതുപേക്ഷിക്കേണ്ടിയിരുന്നു. ഈ സ്ഥിതി അധികകാലം തുടര്‍ന്നില്ല. കാരണം ബ്രാ ഇല്ലാത്തതിനാലുള്ള അസൗകര്യം മിക്ക സ്ത്രീകള്‍ക്കും താങ്ങാനായില്ല. അതിനാല്‍ ബ്രാ കത്തിക്കല്‍ അവസാനിച്ചു.
ലൈംഗികത്വത്തിന്റെ ഭാഗമായി ബ്രാ ഏകദേശം അര്‍ധഗോളാകൃതിയിലായിരുന്നു. പക്ഷേ, അന്‍പതുകളില്‍ ഡിസൈനര്‍മാര്‍ ഉരുണ്ട സ്തനാകൃതിക്ക് പകരം കൂര്‍ത്ത സ്തനാകൃതി സൂചിപ്പിക്കാനാണവ ആവിഷ്‌കരിച്ചത്. കൂര്‍ത്ത രീതിയിലുള്ള മുനകള്‍ പോലുള്ള അറ്റങ്ങളായിരുന്നു അവയ്ക്ക്. അവയ്ക്ക് പാഡുകളുമുണ്ടായിരുന്നു. വല്ലാതെ കൂര്‍ത്തു തള്ളി നില്‍ക്കുന്ന മാറിടമായിരുന്നു ഇതിന്റെ ഫലം.

അറുപതുകളോടുകൂടി ഉരുണ്ട മാറിടം സൂചിപ്പിക്കുന്ന ബ്രാകള്‍ വന്നു. 1994ല്‍ മാത്രമാണ് ഗായികയായ മഡോണ മാറില്‍ യുദ്ധസന്നദ്ധമായ റോക്കറ്റുകള്‍ പോലെയുള്ള ബ്രാ ധരിച്ചപ്പോഴാണ് കൂര്‍ത്ത മുനയുള്ള ബ്രേസിയറുകള്‍ പിന്നീട് പ്രത്യക്ഷമായത്.

ഹോളിവുഡ് കഥകളനുസരിച്ച് ഏറ്റവും കൃത്രിമമായ ബ്രാ സൃഷ്ടിച്ചത് കോടീശ്വരനായ ഹോവാര്‍ഡ് ഹ്യൂഗ്‌സ് ആണ്. ഹോളിവുഡ് നടി ജെയിന്‍ റസ്സലിനു വേണ്ടിയായിരുന്നു അത്. ഒരു ചലച്ചിത്രത്തിലെ റോളില്‍ മേല്‍ഭാഗം മറച്ചുകൊണ്ടുതന്നെ ഒരതീവ ലൈംഗികത്വത്തോടെ സ്തനപ്രദര്‍ശനം നടത്താനായിരുന്നു ഈ ബ്രാ. പാലങ്ങള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ദ്ധനായ ഒരെഞ്ചിനിയറുടെ സേവനമാണ് ഹ്യൂഗ്‌സ് ഇതിനായി ഉപയോഗപ്പെടുത്തിയത്. എഞ്ചിനിയര്‍ സമര്‍പ്പിച്ച പ്ലാനുകളെ അടിസ്ഥാനമാക്കി ഗോവണിത്തൂണുകള്‍ പോലുള്ളവയെ അടിസ്ഥാനമാക്കി നിര്‍മിച്ച ബ്രേസിയര്‍കൊണ്ട് സ്തനങ്ങള്‍ പൊക്കിനിര്‍ത്താനും വേര്‍തിരിക്കാനും കഴിഞ്ഞു. ഫലം ഹൃദയഹാരിയായിരുന്നു. അശ്ലീലമെന്ന് പറഞ്ഞ് പടം നിരോധിക്കാന്‍ ശ്രമങ്ങള്‍ നടന്നു (പലതവണ ആവര്‍ത്തിക്കപ്പെട്ട ഈ കഥയ്‌ക്കൊരനുബന്ധമുണ്ട്: വൃദ്ധയായ ജെയിന്‍ റസ്സല്‍ അടുത്തകാലത്ത്, യഥാര്‍ഥത്തില്‍ താന്‍ ആ ബ്രാ ധരിച്ചിട്ടേയില്ലെന്ന് തറപ്പിച്ചു പറഞ്ഞു).
ഇറുകിയ അടിക്കച്ചകളും അടുത്ത കാലത്തെ ബ്രാകളും മുലകളുടെ സ്ഥാനത്തിന്നൂന്നല്‍ നല്‍കാം. പക്ഷേ, അനാവരണം ചെയ്യപ്പെടുമ്പോള്‍ സത്യം പുറത്തുവരും. അപ്പോള്‍ കടുത്ത നടപടികള്‍ വേണം. അവിടെയാണ് പ്ലാസ്റ്റിക് സര്‍ജന്റെ പ്രസക്തി. തൂങ്ങിയാടുന്ന മുലകള്‍പോലും സിലിക്കോണ്‍ ജെല്‍ നിവേശിപ്പിച്ച് ദൃഢമായി ഉരുണ്ട് എഴുന്നുനില്‍ക്കാന്‍ പാകത്തിലാക്കാം. 1960-കളിലാണിത് തുടങ്ങിയത്. 1963ല്‍ ടെക്‌സാസിലെ ഒരു സൗന്ദര്യ ശസ്ത്രക്രിയാ വിദഗ്ധനാണ് ആദ്യമായി സിലിക്കോണ്‍ ജെല്‍ മാറിടത്തില്‍ നിവേശിപ്പിച്ചത്.
70കളിലും 80കളിലും ഇത്തരം ശസ്ത്രക്രിയകള്‍ വ്യാപകമായി. 90കളില്‍ പ്രതിവര്‍ഷം ഒരു ലക്ഷത്തിലേറെ സ്ത്രീകള്‍ കൂടുതല്‍ തള്ളിനില്‍ക്കുന്ന മാറിനുവേണ്ടി ഈ ശസ്ത്രക്രിയയ്ക്ക് വിധേയരായിരുന്നുവത്രെ. ഇത് വളര്‍ന്ന് 2002ല്‍ ദശലക്ഷം അമേരിക്കന്‍ സ്ത്രീകള്‍ അമേരിക്കയില്‍ മാത്രം ഈ ശസ്ത്രക്രിയകള്‍ നടത്തി. ആദിമ ലൈംഗിക സൂചന പ്രദര്‍ശിപ്പിക്കാന്‍ സ്ത്രീകള്‍ക്കുള്ള ത്വര വ്യക്തമാക്കുന്നതാണ് ഈ ഭീമമായ സംഖ്യ.

നിര്‍ഭാഗ്യവശാല്‍ ശസ്ത്രക്രിയകൊണ്ട് രൂപഭേദം വന്ന ഇത്തരം സ്തനങ്ങള്‍ കണ്ടാലും തൊട്ടാലും ദൃഢത ബോധ്യപ്പെടുത്തുന്നവയല്ല. അവ പൂര്‍ണതയുള്ളവയാണ്. പക്ഷേ, അവയുടെ ഉടമസ്ഥ തിരിയുമ്പോഴും ചെരിയുമ്പോഴും അവയ്ക്ക് പ്രകൃത്യാ ഉണ്ടാവുന്ന ചലനങ്ങളില്ല. അതിനാല്‍ 21-ാം നൂറ്റാണ്ടില്‍ ഇത്തരം ശസ്ത്രക്രിയകള്‍ക്ക് ഒരു തിരിച്ചടിയുണ്ടായിത്തുടങ്ങി. തങ്ങളുടെ സിലിക്കോണ്‍ നിവേശങ്ങളെടുത്തു കളയാന്‍ 2001ല്‍ 4000-ത്തില്‍ കുറയാത്ത സ്ത്രീകള്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായി. മഹാസ്തനങ്ങളുടെ സ്രഷ്ടാക്കളെന്ന നിലയില്‍ ധനികരായിത്തീര്‍ന്ന പ്ലാസ്റ്റിക് സര്‍ജന്മാര്‍ക്ക് പേടി തുടങ്ങിയിട്ടുണ്ട്. പ്രകൃത്യാ സഹജമായ സ്തനസ്ഥിതിയിലേക്ക് മടങ്ങാനുള്ള പ്രവണത സ്ത്രീകള്‍ ചെറിയ തോതിലെങ്കിലും ആരംഭിച്ചിട്ടുണ്ട്.

സ്ത്രീപക്ഷാനന്തര കാലഘട്ടത്തില്‍ പുരുഷന്മാര്‍ തങ്ങളുടെ ഇണകളെ വ്യക്തിത്വം നോക്കിയാണ് അല്ലാതെ മാറിന്റെ മുഴുപ്പ് നോക്കിയല്ല തിരഞ്ഞെടുക്കുന്നത് എന്ന പ്രതീക്ഷയുണ്ട്. പക്ഷേ, ദുഃഖകരമെന്ന് പറയട്ടെ, സ്ഥിതി എപ്പോഴും അങ്ങനെയല്ല. തങ്ങളുടെ സ്തനനിവേശങ്ങള്‍ നീക്കുന്നത് അവയുടെ ജോലി കഴിഞ്ഞുവെന്നതിനാലാണെന്ന് ചില സ്ത്രീകള്‍ തുറന്നുപറയുന്നുണ്ട്. തങ്ങള്‍ക്കൊത്ത സാമൂഹികപദവിയുള്ള ഇണയെ കിട്ടാന്‍ സ്ത്രീകള്‍ സ്തനനിവേശം നടത്തി. പക്ഷേ, വൈവാഹിക ജീവിതത്തില്‍ സ്ഥാനമുറപ്പിച്ചതോടെ ഇത്തരം ശക്തമായ ലൈംഗിക സൂചനകളുടെ ആവശ്യം ഇല്ലാതായി. അതിനാല്‍ സ്തനനിവേശങ്ങള്‍ അവര്‍ ഉപേക്ഷിച്ചു.

കിട്ടാന്‍ പോകുന്ന ഇണയ്ക്കുവേണ്ടി ഇത്തരമൊരു ശസ്ത്രക്രിയ നടത്തേണ്ടിവന്നതിനെ ന്യായമായും അപലപിക്കുന്ന സ്ത്രീകളുണ്ട്. മറുശസ്ത്രക്രിയ നടത്തിയ ഒരു വക്കീല്‍ വളരെ സംക്ഷിപ്തമായി വിവാഹമോചനത്തിനു ശേഷം തന്റെ അവസ്ഥ വിവരിച്ചു. ''അയാളുടെ നാറുന്ന നായയെ കൂടാതെ ആദ്യം പോകേണ്ടിയിരുന്നത് നശിച്ച മാറായിരുന്നു... എന്റെ ബുദ്ധിയളവ് 20 പോയിന്റ് കൂടിയതായി എനിക്ക് തോന്നി.''

No comments:

Post a Comment